മത്സരത്തിനിടെ കളംവിട്ടു; ലോകകപ്പിന് തൊട്ടുമുന്‍പ് മെസ്സിക്ക് പരിക്ക്?

73-ാം മിനിറ്റില്‍ ഇടതുകാലിന് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മെസി സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുകയായിരുന്നു
മത്സരത്തിനിടെ കളംവിട്ടു; ലോകകപ്പിന് തൊട്ടുമുന്‍പ് മെസ്സിക്ക് പരിക്ക്?
Image: X
Published on
Updated on

ലോകകപ്പ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീന ആരാധകരെ ആശങ്കയിലാഴ്ത്തി ലയണല്‍ മെസിയുടെ പരിക്ക്. മേജര്‍ ലീഗ് സോക്കറില്‍ ഫിലാഡല്‍ഫിയ യൂണിയനെതിരായ മത്സരത്തിനിടെയാണ് ഇന്റര്‍ മയാമി താരം പെട്ടെന്ന് കളം വിട്ടത്. നൂ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 73-ാം മിനിറ്റില്‍ ഇടതുകാലിന് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മെസി സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

ഇടതുകാലിന്റെ പിന്‍ഭാഗം കൈകൊണ്ട് അമര്‍ത്തിപ്പിടിച്ചുള്ള താരത്തിന്റെ മടക്കം ആരാധകരെ ആശങ്കയിലാക്കി. എന്നാല്‍, ഡഗ്ഔട്ടിലേക്ക് നടന്നുപോകുമ്പോള്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നില്ല എന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.

മെസി കളം വിട്ടെങ്കിലും മത്സരത്തില്‍ നാലിനെതിരെ ആറ് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. മെസിയുടെ പരിക്കിനെ കുറിച്ചുള്ള ആശങ്കള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ഇന്റര്‍ മയാമി പരിശീലകന്‍ ഗില്ലെര്‍മോ ഹൊയോസ് മത്സര ശേഷം പ്രതികരിച്ചു. പിച്ചിന്റെ അവസ്ഥ കാരണം മുന്‍കരുതല്‍ എന്ന നിലയിലാണ് പകരക്കാരനെ അയച്ചതെന്നും പരിശീലകന്‍ പറഞ്ഞു.

മത്സരത്തിനിടെ കളംവിട്ടു; ലോകകപ്പിന് തൊട്ടുമുന്‍പ് മെസ്സിക്ക് പരിക്ക്?
ലോകകപ്പ് പരിശീലന ക്യാമ്പ് യുഎസിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റി ഇറാൻ

മെസിക്ക് കടുത്ത തളര്‍ച്ച അനുഭവപ്പെട്ടിരുന്നുവെന്നും അത് മത്സരത്തില്‍ സ്വാഭാവികമാണെന്നും പരിശീലകന്‍ പറഞ്ഞു. മഴ കാരണം പിച്ചിലെ അവസ്ഥ കഠിനമായിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ സ്വാഭാവികമായാണ് സബ്സ്റ്റിറ്റിയൂട്ട് വിളിച്ചത്.

2023ല്‍ ഇന്റര്‍ മയാമിയില്‍ എത്തിയത് മുതല്‍ തന്റെ ഫിറ്റ്നസിന്റെ കാര്യത്തില്‍ ലയണല്‍ മെസി കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. തുടര്‍ച്ചയായി മത്സരങ്ങള്‍ വരുന്ന സമയങ്ങളില്‍ താരത്തിന് മാനേജ്മെന്റ് വിശ്രമവും അനുവദിക്കാറുമുണ്ട്. മുന്‍പ് ഹാംസ്ട്രിങ് പരിക്ക് അലട്ടിയതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ പ്രീ-സീസണ്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ താരത്തിന് നഷ്ടമായിരുന്നു.

മത്സരത്തിനിടെ കളംവിട്ടു; ലോകകപ്പിന് തൊട്ടുമുന്‍പ് മെസ്സിക്ക് പരിക്ക്?
2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ ലൈവായി എവിടെ കാണാം?

അതുകൊണ്ടുതന്നെ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ പുറപ്പെടുന്ന അര്‍ജന്റീനയ്ക്ക് മെസിയുടെ ഫിറ്റ്‌നസ് വളരെ നിര്‍ണായകമാണ്. ജൂണ്‍ 16 ന് അള്‍ജീരിയക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

തന്റെ ആറാമത്തെ ലോകകപ്പ് എന്ന ചരിത്ര നേട്ടത്തിലേക്ക് മെസി ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അടുത്ത ആഴ്ച ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിക്കും. തുടര്‍ന്ന് ജൂണ്‍ 6-ന് ഹോണ്ടുറാസിനും ജൂണ്‍ 9-ന് ഐസ്ലന്‍ഡിനുമെതിരായ വാം-അപ്പ് മത്സരങ്ങള്‍ക്കായി അര്‍ജന്റീന യുഎസിലേക്ക് തിരിക്കും.

News Malayalam 24x7
newsmalayalam.com