photo cortesy| AIFF
FOOTBALL

സാഫ് കപ്പ്: സുഹൈലിന്റെ പെനാൽറ്റി ഗോളിൽ മാലിദ്വീപിനെ വീഴ്ത്തി ഇന്ത്യ സെമിയിൽ

ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ. പത്താം സാഫ് കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

Author : Vivek PG

ധാക്ക: ദക്ഷിണേഷ്യൻ ഫുട്‍ബോൾ ജേതാക്കളെ നിർണയിക്കുന്ന സാഫ് കപ്പിൽ മാലി ദ്വീപിനെ 1-0 ന് തോല്പിച്ച് ഇന്ത്യ സെമിയിൽ കടന്നു. ആദ്യ പകുതിയിൽ സുഹൈൽ അഹമ്മദിന്റെ ഗോളിലാണ് ഇന്ത്യ വിജയമുറപ്പിച്ചത്. മുപ്പത്തിയെട്ടാം മിനുട്ടിൽ അബ്ദുൾ റബീഹിനെ മാലിദ്വീപ് താരം ബോക്സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചതും സുഹൈൽ ലക്ഷ്യം കണ്ടതും. സെമി യോഗ്യത നേടാൻ സമനില മതിയായിരുന്ന ഇന്ത്യ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയിലേക്ക് എത്തുന്നത്.

സീനിയർ ടീമിന് ന്യൂസിലാന്റിനെതിരെ സൗഹൃദ മത്സരം കളിക്കേണ്ടതിനാൽ പകരം അണ്ടർ-23 പരിശീലകൻ നൗഷാദ് മൂസയ്ക്ക് കീഴിൽ യുവതാരങ്ങളാണ് ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടി ബൂട്ടുകെട്ടുന്നത്. പാക്കിസ്ഥാൻ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പിൽ നിന്ന് മുന്നേറിയപ്പോൾ മാലിദ്വീപ് ടൂർണമെന്റിന് പുറത്തായി.

ഗ്രൂപ്പ് എ യിൽ നിന്ന് ഒന്നാമതായി ബംഗ്ലദേശും രണ്ടാമതായി ഭൂട്ടാനും സെമിയിലിടം പിടിച്ചു, ശ്രീലങ്ക പുറത്തായി. ഇന്ത്യക്ക് ഭൂട്ടാനാണ് സെമിയിൽ എതിരാളികൾ. മറ്റൊരു സെമിയിൽ ബംഗ്ലാദേശ് പാക്കിസ്ഥാനെ നേരിടും. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ. പത്താം സാഫ് കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

SCROLL FOR NEXT