ജിദ്ദ: സ്പാനിഷ് സൂപ്പർ കോപ്പ ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ 3-2ന് വീഴ്ത്തി ഹാൻസി ഫ്ലിക്കിൻ്റെ ബാഴ്സലോണ ജേതാക്കളായിരുന്നു. ഇന്നലെ രാത്രി ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ആവേശകരമായ 'എൽ ക്ലാസിക്കോ' ഫൈനൽ അരങ്ങേറിയത്. തിളക്കമുള്ള ആഭരണം എന്ന് അർത്ഥമുള്ള 'അലിൻമ' എന്നൊരു പേര് കൂടിയുണ്ട് ഈ ഗ്രൗണ്ടിന്. ഇന്നലത്തെ രാത്രിയിൽ അലിൻമ സ്റ്റേഡിയത്തിൽ മിന്നിത്തിളങ്ങിയത് റഫീഞ്ഞയെന്ന ബാഴ്സലോണയുടെ സൂപ്പർതാരമായിരുന്നു.
കിരീട പോരാട്ടത്തിൽ റയലിനെ 3-2ന് മലർത്തിയടിച്ചതിന് തൊട്ടു പിന്നാലെ ബാഴ്സലോണ കോച്ച് ഹാൻസി ഫ്ലിക്ക് ആദ്യം ഓടിയെത്തിയത് റഫീഞ്ഞയുടെ അടുത്തേക്കായിരുന്നു. ഈ സമയം കിരീടനേട്ടത്തിൻ്റെ വികാരത്തള്ളിച്ചയിൽ ഡഗ് ഔട്ടിൽ ഒറ്റയ്ക്ക് മുട്ടുകുത്തിയിരുന്ന റഫീഞ്ഞ കോച്ചിനെ കണ്ടതും അനുസരണയുള്ള ശിഷ്യനെ പോലെ എണീറ്റുനിന്നു. പിന്നാലെ പ്രിയ പരിശീലകൻ അയാളെ വാരിപ്പുണർന്നു. പിരിയുംമുമ്പ് റഫീഞ്ഞയുടെ നെറ്റിയിലൊരു മുത്തവും നൽകാൻ ഫ്ലിക്ക് മറന്നില്ല. ആ നിമിഷമായിരുന്നു ഈ എൽ ക്ലാസിക്കോ മാച്ചിൽ പിറന്ന ഏറ്റവും മനോഹരമായ മുഹൂർത്തം...
ഫ്ലിക്കിൻ്റെ വരവിന് മുമ്പത്തെ റഫീഞ്ഞയുടെ കണക്കുകൾ തന്നെ പരിശോധിക്കാം. 87 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 23 അസിസ്റ്റുകളും സഹിതം 43 ഗോൾ സംഭാവനകളായിരുന്നു ബ്രസീലിയൻ താരത്തിൻ്റെ സമ്പാദ്യം. എന്നാൽ ഹാൻസി ഫ്ലിക്ക് വന്നതോടെ 73 മത്സരങ്ങളിൽ നിന്ന് 43 ഗോളുകളും 27 അസിസ്റ്റുകളും സഹിതം 70 ഗോൾ സംഭാവനകളാണ് റഫീഞ്ഞ സ്വന്തമാക്കിയത്. 2025ലെ ബാലൻഡിയോർ പുരസ്കാര ലിസ്റ്റിൽ അഞ്ചാമതെത്താനും താരത്തിനായി.
ചിരകാലവൈരികളായ റയലിനെ വീഴ്ത്തിയതിലൂടെ 2026 തങ്ങളുടേതായിരിക്കും എന്ന പ്രഖ്യാപനമാണ് റഫീഞ്ഞയും കൂട്ടരും ഇന്നലെ നടത്തിയത്. 36, 73 മിനിറ്റുകളിലായി ബ്രസീലിയൻ സൂപ്പർ താരം റഫീഞ്ഞ നേടിയ രണ്ട് തകർപ്പൻ ഗോളുകളാണ് ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ലെവൻഡോവ്‌സ്കിയാണ് ബാഴ്സയുടെ മറ്റൊരു ഗോൾ നേടിയത്.
നേരത്തെ സൂപ്പർ കോപ്പയുടെ സെമി ഫൈനലിൽ ബാഴ്സലോണ അത്‌ലറ്റിക്കോ ക്ലബ്ബിനെ 5-0ന് തകർത്തപ്പോഴും ഇരട്ട ഗോളുകളുമായി റഫീഞ്ഞ തിളങ്ങിയിരുന്നു. 2025ൻ്റെ അവസാനം ഹാംസ്ട്രിങ് പരിക്കിനെ തുടർന്ന് കുറച്ചുനാൾ കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന താരം പൂർവാധികം കരുത്തോടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. സൂപ്പർ കോപ്പ ടൂർണമെൻ്റിലെ ബാഴ്സലോണയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് റഫീഞ്ഞ തന്നെയായിരുന്നു.
നേരത്തെ ഒരു വിങ്ങർ എന്ന രീതിയിൽ ശരാശരി പ്രകടനം മാത്രം കാഴ്ചവച്ചിരുന്ന റഫീഞ്ഞയെ, എല്ലാം തികഞ്ഞൊരു അറ്റാക്കിങ് സെൻട്രൽ സ്ട്രൈക്കറായി മാറ്റിയെടുത്തതിൻ്റെ ക്രെഡിറ്റ് ബാഴ്സലോണയുടെ പരിശീലകൻ ഹാൻസി ഫ്ലിക്കിനാണ്. ഫ്ലിക്ക് പകർന്നുകൊടുത്ത ആത്മവിശ്വാസം ഇന്ധനമാക്കി നിർണായക മത്സരങ്ങളിൽ ക്ലച്ച് പെർഫോമൻസുകൾ നടത്തുകയെന്നത് ഒരു പതിവാക്കി മാറ്റിയിരിക്കുകയാണ് ഈ ബ്രസീലിയൻ താരം.
ഹാൻസി ഫ്ലിക്കിന് കീഴിൽ റഫീഞ്ഞയ്ക്ക് സംഭവിച്ച മാറ്റം അമ്പരപ്പിക്കുന്നതാണ്. 2023-24 സീസണിൽ ബാഴ്സലോണയ്ക്ക് വേണ്ടി 37 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 11 അസിസ്റ്റുകളും മാത്രമാണ് റഫീഞ്ഞ നേടിയത്. മൊത്തം ഗോൾ സംഭാവന ആ സീസണിൽ 21 മാത്രമായിരുന്നു. 2024ൻ്റെ രണ്ടാം പകുതിയിലാണ് ഫ്ലിക്ക് ബാഴ്സയ്ക്കൊപ്പം ചേർന്നത്.
എന്നാൽ, 2024-25 സീസണിൽ 57 മത്സരങ്ങളിൽ നിന്ന് 56 ഗോൾ സംഭാവനകളാണ് റഫീഞ്ഞ ബാഴ്സ ജഴ്സിയിൽ നടത്തിയത്. തീർത്തും അവിശ്വസനീയമായ ഫോമിലേക്ക് അദ്ദേഹം ഉയരുന്നതാണ് കണ്ടത്. 34 ഗോളുകളും 22 അസിസ്റ്റുകളുമാണ് തൊട്ടു മുമ്പത്തെ സീസണിൽ റഫീഞ്ഞ നേടിയത്. ലാലിഗയ്ക്ക് പുറമെ കോപ്പ ഡെൽറേ, സൂപ്പർ കോപ്പ എന്നീ ട്രോഫികളും അയാൾ ടീമിന് നേടിക്കൊടുത്തു. 2025-26 സീസണിൽ ഇതുവരെയായി 17 മത്സരങ്ങളിൽ നിന്ന് 16 ഗോൾ സംഭാവനകളാണ് റഫീഞ്ഞ നടത്തിയത്. 11 ഗോളുകളും 5 അസിസ്റ്റുകളും റഫീഞ്ഞ ബാഴ്സലോണയ്ക്കായി സംഭാവന നൽകി.
ഹാൻസി ഫ്ലിക്ക് വന്നില്ലായിരുന്നുവെങ്കിൽ താൻ ബാഴ്സലോണ വിടുമായിരുന്നു എന്നാണ് റഫീഞ്ഞ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. "ഫ്ലിക്ക് എന്നെ അടിമുടി മാറ്റിയെടുത്തു. ടീമിൽ എനിക്ക് സുപ്രധാനമായ പങ്കുണ്ടെന്ന് കോച്ച് ഉറപ്പുനൽകി. ആത്മവിശ്വാസം, അതാണ് ഒരു കളിക്കാരന് ഏറ്റവും ആവശ്യമുള്ളത്," തൻ്റെ മികവുറ്റ പ്രകടനത്തിൻ്റെ ക്രെഡിറ്റ് ഫ്ലിക്കിന് നൽകാൻ റഫീഞ്ഞ ഒരു മടിയും കാണിക്കുന്നില്ല.
ബാഴ്സലോണയെ പുതുക്കിപ്പണിയുന്നതിൽ നിർണായക സ്ഥാനമാണ് താൻ റഫീഞ്ഞയ്ക്ക് നൽകിയതെന്ന് ഹാൻസി ഫ്ലിക്കും പറയുന്നു. "അയാളുടെ മെൻ്റാലിറ്റിയും ഡൈനാമിസവും പ്രശംസ അർഹിക്കുന്നുണ്ട്. അതാണ് ബാഴ്സ ടീമിനെ പുനർനിർമിക്കുമ്പോൾ ഞാൻ റഫീഞ്ഞയെ പ്രധാന ലീഡറായി കാണാൻ കാരണം," ഫ്ലിക്ക് പറഞ്ഞു.