FOOTBALL

സൂപ്പർ ലീഗ് കേരള: സെമി ചിത്രം ഇന്ന് തെളിയും; തൃശൂരിനെതിരെ കൊമ്പൻസിന് ജീവൻമരണ പോരാട്ടം

നാലാം സ്ഥാനക്കാർക്കുള്ള അവസാന സെമി ഫൈനൽ ബെർത്തിനായി തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാറിയേഴ്‌സും തമ്മിലാണ് പോരാട്ടം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: സൂപ്പർ ലീഗ് കേരളയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് ഇന്ന് തൃശൂർ മാജിക് എഫ്‌സിയെ നേരിടും. രാത്രി 7.30-ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഈ നിർണ്ണായക പോരാട്ടം. പത്ത് മത്സരങ്ങളും പൂർത്തിയാക്കിയ കാലിക്കറ്റ് എഫ്‌സി (23 പോയിന്റ്), മലപ്പുറം എഫ്‌സി (18 പോയിന്റ്), ഫോഴ്‌സ കൊച്ചി (16 പോയിന്റ്) എന്നീ ക്ലബ്ബുകൾ ഇതിനോടകം സെമി ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു.

നാലാം സ്ഥാനക്കാർക്കുള്ള അവസാന സെമി ഫൈനൽ ബെർത്തിനായി തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാറിയേഴ്‌സും തമ്മിലാണ് പോരാട്ടം. നിലവിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള കൊമ്പൻസിന് ഇന്ന് നിശ്ചിത സമയത്തോ പെനാൽറ്റി ഷൂട്ടൗട്ടിലോ വിജയിച്ചാൽ യഥാക്രമം 14 അല്ലെങ്കിൽ 13 പോയിന്റോടെ അനായാസം സെമിയിലേക്ക് മുന്നേറാം.

എന്നാൽ, നിശ്ചിത 90 മിനിറ്റിനുള്ളിൽ തോറ്റാൽ 11 പോയിന്റിൽ ഒതുങ്ങുന്ന കൊമ്പൻസ് പുറത്താവുകയും, പത്ത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള കണ്ണൂർ വാറിയേഴ്‌സ് സെമിയിൽ പ്രവേശിക്കുകയും ചെയ്യും. ഷൂട്ടൗട്ടിലാണ് കൊമ്പൻസ് തോൽക്കുന്നതെങ്കിൽ ഇരുടീമുകൾക്കും 12 പോയിന്റാകുമെങ്കിലും ടൈ-ബ്രേക്കർ നിയമങ്ങളാകും വിധി നിർണ്ണയിക്കുക.

ഒൻപത് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്തുള്ള തൃശൂർ മാജിക് എഫ്‌സി നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു. എങ്കിലും, സ്വന്തം കാണികൾക്ക് മുന്നിൽ സീസണിലെ അവസാന മത്സരം വിജയത്തോടെ അവസാനിപ്പിച്ച് അഭിമാനത്തോടെ മടങ്ങാനാണ് ആതിഥേയരായ തൃശൂർ ലക്ഷ്യമിടുന്നത്.

SCROLL FOR NEXT