Asia Cup hockey, (Image: Hockey India/X)  Hockey India/X post
OTHER SPORTS

പാകിസ്ഥാനില്ലാതെ ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ ഇന്ത്യ ചൈനയെ നേരിടും

ഇന്ത്യയടക്കം എട്ട് രാജ്യങ്ങളാണ് മത്സരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ഇല്ല. ഇന്ത്യയില്‍ ഇന്ന് മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ബിഹാറിലെ രാജ്ഗിറിലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയടക്കം എട്ട് രാജ്യങ്ങളാണ് മത്സരിക്കുന്നത്.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും ഒഴിവായത്. ഏഷ്യാ കപ്പ് ഹോക്കിയില്‍ മൂന്ന് തവണ ജേതാക്കളായ ടീമാണ് പാകിസ്ഥാന്‍. മാത്രമല്ല, ഏഷ്യന്‍ ഹോക്കി ഫെഡറേഷന്റെ സ്ഥാപക രാജ്യങ്ങളില്‍ ഒന്നുമാണ്.

ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ഉണ്ടാകില്ലെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് കുമാര്‍ ടിര്‍കി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. താരങ്ങളുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമായി ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാന് പകരം ബംഗ്ലാദേശ് ഇടംപിടിച്ചു.

മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം പാകിസ്ഥാന് ആതിഥേയരായ ഇന്ത്യ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്നും സ്വന്തം നിലയ്ക്കാണ് ടീമിന്റെ പിന്മാറ്റമെന്നും ടിര്‍കി അറിയിച്ചു. ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് ഓഗസ്റ്റ് ആദ്യത്തില്‍ തന്നെ പാക് ഹോക്കി ഫെഡറേഷന്‍ ഹോക്കി ഇന്ത്യയേയും ഏഷ്യന്‍ ഹോക്കി ഫെഡറേഷനേയും അറിയിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമാണ് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായത്. ഇതിനു ശേഷം കായിക മേഖലയിലടക്കം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിസന്ധികള്‍ തുടരുകയാണ്.

അതേസമയം, ടൂര്‍ണമെന്റില്‍ കാണികള്‍ക്ക് സൗജന്യമായി മത്സരങ്ങള്‍ കാണാം. ഹോക്കി ഇന്ത്യ ആപ്പിലോ www.ticketgenie.in എന്ന വെബ്‌സൈറ്റിലോ റജിസ്റ്റര്‍ ചെയ്താല്‍ ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും.

നാലാം കിരീടവും അടുത്ത വര്‍ഷത്തെ ലോകകപ്പിലേക്കുള്ള പ്രവേശനവും ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ഹോക്കി ടീം മത്സരത്തിനിറങ്ങുന്നത്. 2026 എഫ്‌ഐഎച്ച് ഹോക്കി ലോകകപ്പിനു യോഗ്യത നേടാനുള്ള അവസരം കൂടിയായതിനാല്‍ എല്ലാ ടീമുകള്‍ക്കും ഏഷ്യാ കപ്പ് നിര്‍ണായകമാണ്. വിജയികള്‍ക്ക് നേരിട്ട് സ്ഥാനം ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനം മുതല്‍ ആറാം സ്ഥാനം വരെ എത്തുന്ന ടീമുകള്‍ അടുത്ത ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് യോഗ്യത നേടാം.

ടീമുകളും ഗ്രൂപ്പുകളും

പൂള്‍ എ : ഇന്ത്യ, ജപ്പാന്‍, ചൈന, കസാക്കിസ്ഥാന്‍

പൂള്‍ ബി : ദക്ഷിണ കൊറിയ, മലേഷ്യ, ബംഗ്ലാദേശ്, ചൈനീസ് തായ്പേയ്

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് സിംഗ് (ക്യാപ്റ്റന്‍), കൃഷന്‍ പഥക്, സൂരജ് കര്‍ക്കേര, സുമിത്, ജര്‍മന്‍പ്രീത് സിംഗ്, സഞ്ജയ്, അമിത് രോഹിദാസ്, ജുഗ്രാജ് സിംഗ്, രജീന്ദര്‍ സിംഗ്, രാജ് കുമാര്‍ പാല്‍, ഹാര്‍ദിക് സിംഗ്, മന്‍പ്രീത് സിംഗ്, വിവേക് സാഗര്‍ പ്രസാദ്, മന്‍ദീപ് സിംഗ്, ശിലാനന്ദ് ലക്ര, അഭിഷേക്, ഡി സുഖ്ജെത് സിംഗ്. റിസര്‍വ് : നിലം സഞ്ജീപ് എക്സ്, സെല്‍വം കാര്‍ത്തി.

SCROLL FOR NEXT