കോഴിക്കോട്: കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഒരിക്കലും പണത്തിന് വേണ്ടിയാകരുതെന്ന് പി.ടി. ഉഷ. അഭിനന്ദിക്കാൻ മന്ത്രിമാർ വിളിച്ചില്ലെന്ന് കരുതി നിരാശപ്പെടുന്നവരാകരുത് കായിക താരങ്ങൾ. അസൗകര്യങ്ങളും വിമർശനങ്ങളും കരുത്താകണമെന്നും പി.ടി. ഉഷ ന്യൂസ് മലയാളത്തോട് പറഞ്ഞു. വിമർശനങ്ങൾ കരുത്താക്കുന്നവരാണ് യഥാർത്ഥ കായിക താരങ്ങൾ. റെക്കോർഡുകൾ തിരുത്തുക എന്നതിന് അപ്പുറത്തേക്ക് രാജ്യത്തിനു വേണ്ടി മെഡൽ നേടുക എന്നതാകണം പ്രധാന ലക്ഷ്യമെന്നും ഉഷ പറഞ്ഞു.
"ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ് ഞാൻ ആദ്യമായി മത്സരിക്കാൻ ഇറങ്ങിയത്. കൂടെ ഓടുന്നവർ ട്രാക്ക് സ്യൂട്ടും ഷൂസും ധരിച്ച് എത്തിയതും മത്സരത്തിനു മുൻപ് വാം അപ്പ് ചെയ്യുന്നതും അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. പാറക്കല്ല് നിറഞ്ഞ ഗ്രൗണ്ടിലൂടെ ഓടി ഷൂസ് ഇട്ടവരെ തോൽപ്പിച്ചത് മനോധൈര്യം കൊണ്ട് മാത്രമാണ്. ആദ്യ മത്സരത്തിൽ തോൽവി രുചിക്കേണ്ടി വന്നിരുന്നു. അന്നത്തെ വിജയിയെ ഇന്നും ഓർത്തിരിക്കുന്നുണ്ട്. അന്നുണ്ടായ വാശിയാണ് ജീവിതത്തിൽ പിന്നീടുള്ള വിജയങ്ങൾക്ക് അടിസ്ഥാനമായത്. അതുപോലെ ദേശീയ മീറ്റിൽ അനാവശ്യ ഫൗൾ വിളിച്ച് എന്നെ പുറത്താക്കാനുള്ള നീക്കം തടഞ്ഞത് കായിക പ്രേമികളാണ്. അതേ മത്സരത്തിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടാൻ അവരുടെ കയ്യടികളാണ് പ്രചോദനമായത്," പി.ടി. ഉഷ പഴയകാലം ഓർത്തെടുത്തു.
"ഏതെങ്കിലും ഇനത്തിൽ അന്തർദേശീയ മെഡൽ നേടിയാൽ മന്ത്രിമാർ വിളിച്ചില്ലെന്നും പാരിതോഷികം ലഭിച്ചില്ലെന്നും പറഞ്ഞ് നിരാശപ്പെടുന്നത് ശരിയല്ല. കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുത്ത്, അവർ വിളിച്ചേ മതിയാകൂ എന്ന സാഹചര്യം ഉണ്ടാക്കുന്നതാണ് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ്. ഏഷ്യൻ ഗെയിംസിൽ നാല് സ്വർണ മെഡൽ സ്വന്തമാക്കിയിട്ടും എനിക്ക് ഒരു സ്വീകരണം പോലും ലഭിച്ചിരുന്നില്ല. എന്നാൽ ഒളിംപിക്സിലെ പ്രകടനത്തോടെ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്ന സാഹചര്യം ഉണ്ടായി," പി.ടി. ഉഷ സ്വന്തം അനുഭവങ്ങൾ പങ്കുവച്ചു.
സ്കൂൾ കായികമേളയിൽ മെഡൽ നഷ്ടപ്പെട്ടാൽ നിരാശപ്പെടരുതെന്നും അത് ഭാവിയിലേക്കുള്ള കരുത്താകണമെന്നും പി.ടി. ഉഷ ഭാവി കായിക താരങ്ങളെ ഉപദേശിച്ചു. ഒരിക്കൽ കൂടി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ അധ്യക്ഷയായാൽ കേരളത്തിനായി നിരവധി പദ്ധതികളാണ് ഉഷയുടെ മനസിലുള്ളത്.