ലോക ചാംപ്യൻ ദിവ്യ ദേശ്‌മുഖ് Source: X/ International Chess Federation
OTHER SPORTS

ചെസ്സിൽ പുതുചരിത്രം, വനിതാ ചെസ് ലോക ചാംപ്യനായി ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ്

കൊനേരു ഹംപിയെ ടൈ ബ്രേക്കറിൽ തോൽപ്പിച്ചാണ് 19കാരി വനിതാ ചെസ് ലോക കിരീടത്തിൽ മുത്തമിട്ടത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ ചെസ് ചരിത്രത്തിൽ സുവർണലിപികളാൽ പുതുചരിത്രമെഴുതി കൗമാര താരം ദിവ്യ ദേശ്‌മുഖ്. ഫിഡെ ലോക ചെസ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ ജേതാവാണ് ദിവ്യ ദേശ്മുഖ്.

19കാരിയായ ദിവ്യ ഫിഡെ വനിതാ ചെസ് ലോകകപ്പ് നേട്ടത്തിന് പുറമെ, അന്താരാഷ്ട്ര ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ എന്ന പദവിയും നേടി. ഇതോടെ 2025 വനിതാ ചെസ് ലോകകപ്പിൽ ഒന്നും രണ്ടും സ്ഥാനമാണ് ഇന്ത്യക്ക് സ്വന്തമായത്. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈ ബ്രേക്കറിൽ തോൽപ്പിച്ചാണ് 19കാരി വനിതാ ചെസ് ലോക കിരീടത്തിൽ മുത്തമിട്ടത്.

അഖിലേന്ത്യാ ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ 15 മിനിറ്റ് ദൈർഘ്യമുള്ള രണ്ടാമത്തെ റാപ്പിഡ് ടൈ ബ്രേക്കറിൽ പരിചയസമ്പന്നയായ കൊനേരു ഹംപിയെ ദിവ്യ ദേശ്മുഖ് പരാജയപ്പെടുത്തി.

38കാരിയായ ഹംപി ദിവ്യയ്‌ക്കെതിരെ കറുത്ത കരുക്കളുമായാണ് ആദ്യ ടൈ ബ്രേക്കർ മത്സരം കളിച്ചത്. 81 നീക്കങ്ങൾക്ക് ശേഷം കളി സമനിലയിൽ അവസാനിച്ചു. 15 മിനിറ്റ് ദൈർഘ്യമുള്ള രണ്ടാമത്തെ റാപ്പിഡ് ഗെയിമിനായി ഹംപി വെളുത്ത കരുക്കളുമായാണ് എത്തിയത്.

ക്ലാസിക്കൽ ചെസിൻ്റെ ആദ്യ രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇതോടെ ഫൈനലിൻ്റെ മൂന്നാമത്തെ ടൈബ്രേക്കർ ഗെയിം നിർണായകമായി. ഇതിൽ ദിവ്യ വിജയതിലകം അണിയുകയായിരുന്നു.

അവിശ്വസനീയതയോടെ മുഖം പൊത്തി കുറേ നേരം കസേരയിൽ തന്നെ ഇരുന്ന ദിവ്യയെ... അൽപ്പസമയങ്ങൾക്ക് ശേഷമാണ് ചിരിച്ചത്. പിന്നാലെ ചുറ്റും കൂടിയവർ അഭിനന്ദനങ്ങൾ വാരിച്ചൊരിയുന്നതിനിടെ ഇന്ത്യയുടെ കൗമാരപ്രതിഭ നിറഞ്ഞുചിരിച്ചു.

അതേസമയം, ഏറെ നാളത്തെ സ്വപ്നം മറ്റൊരു ഇന്ത്യക്കാരിയുടെ സ്വപ്നക്കുതിപ്പിൽ തട്ടിത്തകരുന്നതിൻ്റെ വേദന കൊനേരു ഹംപിയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. തോൽവിക്ക് പിന്നാലെ ദിവ്യക്ക് ഹസ്തദാനം നൽകി അഭിനന്ദിച്ച ഹംപി ഉടനെ വിഷമത്തോടെ വേദി വിട്ടു.

SCROLL FOR NEXT