പ്രതീകാത്മക ചിത്രം Source: pexels
TECH

വിലയോ തുച്ഛം ഗുണമോ മെച്ചം! കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ ആസ്വദിക്കാം; 'ചാറ്റ്ജിപിടി ഗോ' ഇങ്ങെത്തി; അറിയേണ്ടതെല്ലാം

ചാറ്റ്ജിപിടിയുടെ സൗജന്യ വേർഷനുമായി താരതമ്യപ്പെടുത്തുമ്പോൾ, നിരവധി ആനുകൂല്യങ്ങളാണ് ചാറ്റ്ജിപിടി ഗോ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ചാറ്റ്ജിപിടി പ്രീമിയം വേർഷൻ എടുക്കാൻ താൽപര്യമുണ്ടെങ്കിലും, വില കൂടുതൽ മൂലം വേണ്ടെന്ന് വെച്ചവരാണോ നിങ്ങൾ? എങ്കിലിതാ ഒരു സന്തോഷ വാർത്ത. ചാറ്റ്ജിപിടിയുടെ വിലകുറഞ്ഞ പുതിയ വേർഷൻ പുറത്തിറക്കിയിരിക്കുകയാണ് ഓപ്പൺഎഐ. ചാറ്റ്ജിപിടി പ്ലസിനേക്കാൾ വളരെ വിലകുറഞ്ഞ പതിപ്പാണ് ചാറ്റ്ജിപിടി ഗോ എന്ന് പേരിട്ടിരിക്കുന്ന പുതിയ വേർഷൻ. കൂടാതെ ഇന്ത്യൻ ഉപയോക്താക്കൾക്കായി കുറഞ്ഞ വിലയിൽ ഏറ്റവും ജനപ്രിയമായ ചില സവിശേഷതകളും ചാറ്റ്ജിപിടി ഗോ അവതരിപ്പിക്കുന്നുണ്ട്.

ചാറ്റ്ജിപിടിയുടെ സൗജന്യ വേർഷനുമായി താരതമ്യപ്പെടുത്തുമ്പോൾ, നിരവധി ആനുകൂല്യങ്ങളാണ് ചാറ്റ്ജിപിടി ഗോ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ വലിയ ഭാഷാ മോഡലായ ജിപിടി-5 ലേക്കുള്ള ആക്‌സസ്, ഉയർന്ന ഇമേജ് ജനറേഷൻ പരിധികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചാറ്റ്ജിപിടി ഗോയും ചാറ്റ്ജിപിടി ഫ്രീ വേർഷനും തമ്മിൽ എന്തൊക്കെ വ്യത്യാസങ്ങളുണ്ടെന്ന് പരിശോധിക്കാം.

  1. കൂടുതൽ വിപുലീകരിച്ച ഫ്ലാഗ്ഷിപ്പ് ജിപിടി-5 മോഡലിലാണ് ചാറ്റ്ജിപിടി ഗോ വരുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ, വലിയ ഭാഷാ മോഡലാണ് ജിപിടി-5. 399 രൂപയ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്യുകയാണെങ്കിൽ ചാറ്റ്ജിപിടി ഗോ ഉപയോഗിച്ച്, നിങ്ങൾക്ക് ജിപിടി 5ലേക്കും ആക്‌സസ് ലഭിക്കു.

  2. കൂടുതൽ ഫയൽ അപ്‌ലോഡുകൾ: ചാറ്റ്ജിപിടി സൗജന്യമായി ഉപയോഗിക്കുമ്പോൾ, തിരഞ്ഞെടുത്ത ഫയൽ അപ്‌ലോഡുകൾ മാത്രമേ ലഭ്യമാകൂ. എന്നാൽ ഗോ ഉപയോഗിച്ച്, കൂടുതൽ ഫയലുകൾ അപ്‌ലോഡ് ചെയ്യാനും വിശകലനം ചെയ്യാനും സ്‌പ്രെഡ്‌ഷീറ്റുകൾ സൃഷ്ടിക്കാനും മറ്റും നിങ്ങൾക്ക് കഴിയും.

  3. ദൈർഘ്യമേറിയ കോൺടെക്സ്റ്റ് വിൻഡോ: ജിപിടി നിങ്ങൾ പറയുന്ന കാര്യങ്ങളെല്ലാം കൂടുതൽ നേരം ഓർമിക്കും. ഇതോടെ നിങ്ങൾക്ക് കൂടുതൽ വ്യക്തിഗതമാക്കിയ പ്രതികരണങ്ങൾ ലഭിക്കും.

ഇതിനുപുറമെ, നിങ്ങളുടെ ജോലി മികച്ച രീതിയിൽ നടക്കാനും, പുരോഗതി ട്രാക്ക് ചെയ്യാനും, വ്യക്തിഗതമായ എഐ ഉപകരണങ്ങൾ നിർമിക്കാനും കഴിയുന്ന പ്രോജക്റ്റുകൾ, ടാസ്‌ക്കുകൾ, ഇഷ്ടാനുസൃത ജിപിടി കൾ എന്നിവയും ചാറ്റ്ജിപിടി ഗോ വഴി നിങ്ങൾക്ക് ലഭ്യമാകും.

ചാറ്റ്ജിപിടി ഗോയും പ്ലസും തമ്മിലുള്ള വ്യത്യാസം എന്ത്?

വിലയിലെ വ്യത്യാസം തന്നെയാണ് പ്രധാനമായുള്ളത്. വെറും 399 രൂപയ്ക്ക് ചാറ്റ്ജിപിടി ഗോ ഇന്ത്യയിൽ ലഭ്യമാകുമ്പോൾ, ചാറ്റ്ജിപിടി പ്ലസിന് 1999 രൂപ നൽകേണ്ടി വരും. സവിശേഷതകളുടെ കാര്യമെടുക്കുകയാണെങ്കിൽ, ജിപിടി-4ഒ പോലുള്ള ലെഗസി ഓപ്പൺ എഐ മോഡലുകളിലേക്ക് ചാറ്റ്ജിപിടി പ്ലസ് ആക്‌സസ് നൽകുന്നുണ്ട്. എന്നാൽ ഗോയിൽ ഇത് ലഭ്യമാകില്ല. കമ്പനിയുടെ ടെക്സ്റ്റ്-ടു-വീഡിയോ എഐ മോഡലായ ഓപ്പൺ എഐ സോറയും ചാറ്റ്ജിപിടി ഗോയിൽ ലഭ്യമായേക്കില്ല.

SCROLL FOR NEXT