Microsoft Employees' Luxury Office Lifestyle Videos Resurface Amid Voluntary Exit Offer  News Malayalam 24x7
TECH

'എന്തൊരു വിധിയിത്..വല്ലാത്ത ചതിയിത്..': മൈക്രോസോഫ്റ്റ് ജീവനക്കാരുടെ 'കിടിലന്‍‍ ഓഫീസ്' റീലുകള്‍ വീണ്ടും വൈറലാകുന്നു; കാരണം ഇതാണ്.!

വിശാലമായ കാമ്പസുകളിലെ ഫൈവ് സ്റ്റാർ നിലവാരത്തിലുള്ള സൗജന്യ ബുഫേ ഭക്ഷണങ്ങൾ, സൗജന്യ കോഫി, ഗെയിമിംഗ് സോണുകൾ, വിശ്രമിക്കാനുള്ള സ്ലീപ്പ് പോഡുകൾ, മസാജ് ചെയറുകൾ എന്നിവ ആസ്വദിച്ചുകൊണ്ട് ജോലി ചെയ്യുന്നതായിരുന്നു ഈ വീഡിയോകളിൽ ജീവനക്കാർ അഭിമാനത്തോടെ പ്രദർശിപ്പിച്ചിരുന്നത്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി ആഗോളതലത്തിൽ 60,000 ജീവനക്കാർക്ക് ഒരേസമയം ഒഴിവാക്കാൻ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതിനിടെ, കമ്പനിയിലെ പഴയ ആഡംബര ഓഫീസ് ജീവിതം കാട്ടി ജീവനക്കാർ പങ്കുവെച്ച വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമാകുന്നു . 'എ ഡേ ഇൻ ദ ലൈഫ് ഓഫ് എ മൈക്രോസോഫ്റ്റ് എംപ്ലോയി' എന്ന തലക്കെട്ടിൽ ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലും വർഷങ്ങൾക്ക് മുൻപ് വൈറലായ വീഡിയോകളാണ് ജോലി നഷ്ടത്തിന്റെ കരിനിഴൽ വീണ ഇന്നത്തെ സാഹചര്യത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

വിശാലമായ കാമ്പസുകളിലെ ഫൈവ് സ്റ്റാർ നിലവാരത്തിലുള്ള സൗജന്യ ബുഫേ ഭക്ഷണങ്ങൾ, സൗജന്യ കോഫി, ഗെയിമിംഗ് സോണുകൾ, വിശ്രമിക്കാനുള്ള സ്ലീപ്പ് പോഡുകൾ, മസാജ് ചെയറുകൾ എന്നിവ ആസ്വദിച്ചുകൊണ്ട് ജോലി ചെയ്യുന്നതായിരുന്നു ഈ വീഡിയോകളിൽ ജീവനക്കാർ അഭിമാനത്തോടെ പ്രദർശിപ്പിച്ചിരുന്നത്. ഒരുകാലത്ത് ടെക് ലോകത്തെ ഏറ്റവും ആകർഷകവും സുരക്ഷിതവുമായ സ്വപ്നജോലിയായി ലോകമെമ്പാടുമുള്ള യുവാക്കൾ കണ്ടിരുന്ന ഈ ആഡംബര അന്തരീക്ഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പരിഹാസത്തോടെയും സഹതാപത്തോടെയും ഇന്റർനെറ്റ് ലോകം വീണ്ടും ചർച്ചയാക്കുന്നത്.

അമേരിക്ക, ഇന്ത്യ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ മൊത്തം ജീവനക്കാരുടെ 27 ശതമാനത്തോളം വരുന്ന ജീവനക്കാരെയാണ് കമ്പനി ഇപ്പോൾ സ്വയം വിരമിക്കൽ പാക്കേജ് നൽകി പടിയിറക്കാൻ ഒരുങ്ങുന്നത്. പണ്ട് സൗജന്യ ലഘുഭക്ഷണങ്ങളും കോഫിയും കാണിച്ച് സോഷ്യൽ മീഡിയയിൽ റീൽസുകൾ നിർമ്മിച്ച അതേ കമ്പനി തന്നെയാണ് ഇന്ന് റോബോട്ടുകൾക്കും എഐക്കും വേണ്ടി പതിനായിരക്കണക്കിന് മനുഷ്യരെ ഒഴിവാക്കുന്നതെന്നാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്.

കോർപ്പറേറ്റ് കമ്പനികൾ ജീവനക്കാരെ ആകർഷിക്കാൻ ഒരുക്കിയ സൗജന്യ ആനുകൂല്യങ്ങളുടെയും പളപളപ്പുകളുടെയും കാലം കഴിഞ്ഞുവെന്നും, സാങ്കേതിക മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ കോർപ്പറേറ്റ് ലോകത്ത് യാതൊരു തൊഴിൽ സുരക്ഷയുമില്ലെന്ന കഠിനമായ യാഥാർത്ഥ്യമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നതെന്നും സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

വിരമിക്കൽ നോട്ടീസ് കണ്ട് ഉറക്കം നഷ്ടപ്പെട്ടുവെന്നും ഈ മാന്ദ്യകാലത്ത് അടുത്തൊരു ജോലി കണ്ടെത്തുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും കാട്ടി നിരവധി ഐടി പ്രൊഫഷണലുകൾ തങ്ങളുടെ ഭയവും നിരാശയും തുറന്നുപറയുന്നു. ബിഗ് ടെക് കമ്പനികളുടെ സുവർണ്ണകാലത്തെ മായക്കാഴ്ചകളിൽ നിന്ന് ക്രൂരമായ ചെലവുചുരുക്കലിലേക്കും അനിശ്ചിതത്വത്തിലേക്കും വഴിമാറിയ ആഗോള ഐടി സംസ്കാരത്തിന്റെ പ്രതീകമായാണ് ഈ പഴയ വീഡിയോകൾ ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.

SCROLL FOR NEXT