ഇലക്ട്രോണിക്‌സ് രംഗത്തെ അവസാന വാക്കായി സാംസങ്ങിനെ വിശേഷിപ്പിക്കാം. ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ് സാംസങ് ഗാലക്സി സ്മാര്‍ട്ട്ഫോണുകള്‍. കഴിഞ്ഞ വര്‍ഷം സാംസങ് വിറ്റഴിച്ചത് 22.3 കോടി ഫോണുകളാണ്. ടിവി, എല്‍ഇഡി, ചിപ്പുകള്‍, ക്യാമറ, ലാപ്‌ടോപ്, ഹോം അപ്ലയന്‍സസ് അങ്ങനെ ഉപയോക്താക്കളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും സാംസങ്ങിന്റെ സാന്നിധ്യം കാണാം.
336 ബില്യണ്‍ ഡോളറാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഈ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ആസ്തി. ഇത് ഏകദേശം 2,94,50,78,64,00,000 ഇന്ത്യന്‍ രൂപ വരും. ഇത്രയും ആസ്തിയുള്ള കമ്പനിയുടെ തുടക്കം പക്ഷെ, അത്ര മികച്ചതായിരുന്നില്ല. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് എല്ലാത്തിന്റേയും വിജയം എന്നത് സാംസങ്ങിന്റെ കാര്യത്തിലും മറിച്ചല്ല.
ഇന്ന് കമ്പനിക്ക് നഷ്ടം സംഭവിച്ചാല്‍ അത് രാജ്യത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കും. ദക്ഷിണ കൊറിയയുടെ ആകെ ജിഡിപിയുടെ 17 ശതമാനവും സാംസങ്ങിന്റേതാണ്.
ദിവസവും കോടിക്കണക്കിന് രൂപയുടെ വരുമാനം നേടുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തും ഓഫീസുകളും ലക്ഷക്കണിക്കിന് ജീവനക്കാരുമുള്ള സാംസങ്ങിന്റെ തുടക്കം പലചരക്ക് കടയില്‍ നിന്നാണെന്ന് എത്ര പേര്‍ക്കറിയാം. അരിയും ന്യൂഡില്‍സും മാവുകളും മത്സ്യങ്ങളുമായിരുന്നു ആദ്യഘട്ടത്തില്‍ വിറ്റിരുന്നത്.
സാംസങ് സാംസങ് ആയ കഥ
1938 ലാണ് ദക്ഷിണ കൊറിയയില്‍ വാടക കെട്ടിടത്തില്‍ ചെറിയൊരു പലചരക്ക് കടയായി സാംസങ് ആരംഭിക്കുന്നത്. 28ാം വയസില്‍ ലീ ബ്യുങ് ചുള്‍ ആണ് സാംസങ് സ്ഥാപിക്കുന്നത്. കടയില്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നത് മത്സ്യവും പലചരക്ക് സാധനങ്ങളുമായിരുന്നു. എന്നാല്‍ ഇത് മാത്രമായി മുന്നോട്ടു പോകാനാകില്ലെന്ന് വൈകാതെ തന്നെ ലീ തിരിച്ചറിഞ്ഞു. തുടര്‍ന്ന് കടയിലെത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് വില്‍പ്പനയും ആരംഭിച്ചു.
പിന്നാലെ, മത്സ്യവും ന്യൂഡില്‍സും കയറ്റി അയക്കുന്ന ബിസിനസും ആരംഭിച്ചു. ഇതിനൊപ്പം ഉണക്ക മത്സ്യവും ന്യൂഡില്‍സ് ഉണ്ടാക്കുന്ന വസ്തുക്കളും കയറ്റി അയക്കാന്‍ തുടങ്ങി. പലചരക്ക് കച്ചവടത്തില്‍ നിന്ന് തുടങ്ങിയ ലീ 1950 ആയപ്പൊഴേക്കും തന്റെ വ്യവസായം ഇന്‍ഷുറന്‍സ്, കയറ്റുമതി, ടെക്‌സ്റ്റൈല്‍സ് എന്നീ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കഴിഞ്ഞിരുന്നു. 1969 ലാണ് ലീ വ്യവസായത്തില്‍ ഏറ്റവും വലിയ ചുവടുവെപ്പ് നടത്തുന്നത്. ആ വര്‍ഷമാണ് ടെക്‌നോളജി രംഗത്തേക്ക് സാംസങ് ചുവടുവെക്കുന്നത്.
സാംസങ് ഇലക്ട്രോണിക്‌സ് എന്ന പേരില്‍ തുടങ്ങിയ ലീ 1970 ല്‍ ജപ്പാനീസ് കമ്പനിയുമായി ചേര്‍ന്ന് ബ്ലാക്ക് ആന്റ് വൈറ്റ് ടിവി അവതരിപ്പിച്ചു. വന്‍ വിജയമായിരുന്നു ഈ സംരംഭം. 1980-കളില്‍ സാംസങ് വ്യക്തിഗത കമ്പ്യൂട്ടറുകള്‍ നിര്‍മ്മിച്ചു തുടങ്ങി. 1983-ല്‍ അവര്‍ തങ്ങളുടെ ആദ്യത്തെ DRAM (Dynamic Random Access Memory) ചിപ്പ് പുറത്തിറക്കി. ഇത് കമ്പനിയുടെ വളര്‍ച്ചയില്‍ ഒരു സുപ്രധാന വഴിത്തിരിവായി.
1987ല്‍ ലീ ബ്യുങ്-ചുല്ലിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ലീ കുന്‍-ഹീ സാംസങ്ങിന്റെ തലപ്പത്തെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ മുഖച്ഛായ തന്നെ മാറി. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന പ്രതിച്ഛായ മാറ്റിയെടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മൊബൈല്‍ ഫോണുകള്‍, സെമികണ്ടക്ടറുകള്‍, എല്‍സിഡി ഡിസ്‌പ്ലേകള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനി ലോകവിപണിയില്‍ പ്രമുഖ സ്ഥാനം നേടി. 1992-ല്‍ അവര്‍ ആദ്യത്തെ മൊബൈല്‍ ഫോണ്‍ പുറത്തിറക്കി.