വാട്ട്‌സ്ആപ്പ്  ഫയൽ ചിത്രം
TECH

ഐ ഫോണ്‍ ഉപയോക്താക്കളെ ഉന്നമിട്ട് വ്യാജ വാട്ട്‌സ്ആപ്പ്; മുന്നറിയിപ്പുമായി മെറ്റ

വ്യക്തികളുടെ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും നിരീക്ഷിക്കാനും സാധിക്കുന്ന അപകടകാരിയായ ആപ്പ് ആണിത്

Author : ന്യൂസ് ഡെസ്ക്

ഐ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വ്യാജ വാട്ട്‌സ്ആപ്പ് വേര്‍ഷനെതിരെ മുന്നറിയിപ്പുമായി മെറ്റ. റോയ്‌ട്ടേഴ്‌സ് നല്‍കുന്ന വിവരം പ്രകാരം ഇറ്റലിയില്‍ നൂറുകണക്കിന് ഐഫോണ്‍ ഉപയോക്താക്കള്‍ വ്യാജ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വഞ്ചിക്കപ്പെട്ടതിന് പിന്നാലെയാണ് മെറ്റ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും വ്യക്തികളെ നിരീക്ഷിക്കാനും സാധിക്കുന്ന അപകടകാരിയായ ആപ്പ് ആണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നില്‍ ഒരു ഇറ്റാലിയന്‍ സ്‌പൈവെയര്‍ കമ്പനി ആണെന്നാണ് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാധിക്കപ്പെട്ടവരില്‍ അധികവും ഇറ്റലിക്കാര്‍ തന്നെയാണെന്നും 200 ഓളം പേര്‍ വ്യാജ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെന്നുമാണ് മെറ്റ നല്‍കുന്ന വിവരം.

ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്ലിക്ക നല്‍കുന്ന വിവര പ്രകാരം ആളുകള്‍ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഔദ്യോഗികമായി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പ്ലാറ്റ്‌ഫോമില്‍ നിന്നല്ല. പകരം തേര്‍ഡ് പാര്‍ട്ടി ചാനലുകളിലൂടെയാണ്. ഒരു തവണ ആപ്പ് ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഡിവൈസിലെ വിവരങ്ങള്‍ മുഴുവന്‍ എടുക്കാന്‍ സാധിക്കും.

എഎസ്‌ഐജിഐഎന്‍ടി എന്ന സ്‌പൈവെയര്‍ കമ്പനിയാണ് ഇതിന് പിന്നിലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവിവരം. ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ വ്യാജ വാട്‌സ്ആപ്പ് ഡൗണ്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുന്ന സ്‌പൈര്‍ട്ടക്കസ് എന്ന കമ്പനിയുമായി ബന്ധപ്പെട്ടും എഎസ്‌ഐജിഐഎന്‍ടിയുടെ പേര് കേട്ടിരുന്നു. ഇത്തരം മാല്‍വെയറുകള്‍ക്ക് ഫോണുകളിലേക്ക് വരുന്ന കോളുകള്‍ വരെ ഒഴിവാക്കാന്‍ സാധിക്കും.

SCROLL FOR NEXT