Zuckerberg Lost the AI Race, So He Quietly Changed the Game | Meta Muse Explained News Malayalam 24x7
TECH

സക്കർബർഗിന്റെ രഹസ്യ എഐ യുദ്ധം: ആപ്പിളിനെയും ആമസോണിനെയും വിറപ്പിച്ച 'മ്യൂസ് എഐ'

കൃത്യം 15 മാസത്തിന് ശേഷം വാങ്ങിന്റെ ലാബിൽ നിന്ന് 'മ്യൂസ് എഐ' പുറത്തുവന്നു. ലോഞ്ച് ചെയ്ത് 10 ദിവസത്തിനുള്ളിൽ ചാറ്റ് ജിപിടിയെപ്പോലും മറികടന്ന് ആപ്പ് സ്റ്റോറിൽ അത് ഒന്നാമതെത്തി. മെറ്റയുടെ ഓഹരി വില 27% കുതിച്ചുയർന്നു.

Author : ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: എഐ യുദ്ധത്തിൽ മാർക്ക് സക്കർബർഗ് ദയനീയമായി തോറ്റു, അതുകൊണ്ട് അദ്ദേഹം നിശബ്ദമായി ആ കളിയുടെ നിയമം തന്നെ മാറ്റിമറിച്ചു. എഐ തരംഗം വന്നപ്പോൾ സെലിബ്രിറ്റി ചാറ്റ്ബോട്ടുകൾ ഇറക്കിയും ലാമ മോഡലുകൾ സൗജന്യമായി നൽകിയും സക്കർബർഗ് പലതും പരീക്ഷിച്ചുനോക്കി. എന്നിട്ടും ഇന്റർനെറ്റിലെ മികച്ച എഐ മോഡലുകളുടെ ഒരു പട്ടികയിൽ പോലും മെറ്റയ്ക്ക് ഇടം ലഭിച്ചില്ല. അതോടെ സക്കർബർഗ് തന്റെ പഴയ തന്ത്രം പുറത്തെടുത്തു, പണം ഇറക്കുക. പണ്ട് ഇൻസ്റ്റാഗ്രാമിനെയും വാട്സാപ്പിനെയും വിലയ്ക്ക് വാങ്ങിയ അതേ തന്ത്രം. 2025 ജൂണിൽ 'സ്കെയിൽ എഐ' എന്ന കമ്പനിയിൽ സക്കർബർഗ് ഒറ്റയടിക്ക് മുടക്കിയത് 14.3 ബില്യൺ ഡോളറാണ് ഏകദേശം 1.2 ലക്ഷം കോടി രൂപ. ആ കമ്പനിയുടെ സ്ഥാപകനായ അലക്സാണ്ടർ വാങ്ങിനെ സ്വന്തമാക്കുക എന്നതായിരുന്നു ആ ഡീലിന്റെ യഥാർത്ഥ ലക്ഷ്യം. കൃത്യം 15 മാസത്തിന് ശേഷം വാങ്ങിന്റെ ലാബിൽ നിന്ന് 'മ്യൂസ് എഐ' പുറത്തുവന്നു. ലോഞ്ച് ചെയ്ത് 10 ദിവസത്തിനുള്ളിൽ ചാറ്റ് ജിപിടിയെപ്പോലും മറികടന്ന് ആപ്പ് സ്റ്റോറിൽ അത് ഒന്നാമതെത്തി. മെറ്റയുടെ ഓഹരി വില 27% കുതിച്ചുയർന്നു. നിങ്ങളുടെ പലചരക്ക് സാധനങ്ങൾ വാങ്ങാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ഫോം പൂരിപ്പിക്കാനും സഹായിക്കുന്ന ഒരു പേഴ്സണൽ എഐ ഏജന്റാണ് മ്യൂസ്.

ആപ്പിളിന്റെ പോപ്പ്-അപ്പും 'വാടകക്കാരനായ' സക്കർബർഗും

എന്തിനാണ് ഇത്രയും ചെലവേറിയ ഒരു എഐ ക്ലൗഡ് കമ്പ്യൂട്ടർ പരസ്യങ്ങളില്ലാതെ സക്കർബർഗ് സൗജന്യമായി നൽകുന്നത്? ഈ കഥ തുടങ്ങുന്നത് 2021 ഏപ്രിൽ 26-നാണ്. ആപ്പിൾ തങ്ങളുടെ ഐഒഎസ് 14.5 അപ്ഡേറ്റിൽ ചെറിയ പോപ്പ്-അപ്പ് കൊണ്ടുവന്നു "മറ്റ് ആപ്പുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും നിങ്ങളെ ട്രാക്ക് ചെയ്യാൻ ഈ ആപ്പിനെ അനുവദിക്കണോ?". 96 ശതമാനം ആളുകളും 'വേണ്ട' എന്ന് ക്ലിക്ക് ചെയ്തു. ഇതോടെ ഫേസ്ബുക്കിന്റെ പരസ്യ ബിസിനസ് തകർന്നു. 2022-ൽ 10 ബില്യൺ ഡോളറിന്റെ വരുമാന നഷ്ടമുണ്ടാവുകയും ഒറ്റ ദിവസം കൊണ്ട് കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് 232 ബില്യൺ ഡോളർ ആവിയായിപ്പോവുകയും ചെയ്തു. അന്ന് സക്കർബർഗ് ഒരു വലിയ സത്യം തിരിച്ചറിഞ്ഞു താൻ ലോകത്തിലെ ഏറ്റവും വലിയ വീട്ടിലാണ് താമസിക്കുന്നത്, പക്ഷേ ഒരു 'വാടകക്കാരനായി' മാത്രമാണ്. ആ വീടിന്റെ യഥാർത്ഥ ഉടമസ്ഥർ ഐഫോൺ ഭരിക്കുന്ന ആപ്പിളും ആൻഡ്രോയിഡ് ഭരിക്കുന്ന ഗൂഗിളുമാണ്.

സ്വയം വീട്ടുടമസ്ഥനാകാൻ സക്കർബർഗ് ആദ്യം പരീക്ഷിച്ച മെറ്റാവേഴ്സ് 85 ബില്യൺ ഡോളറിന്റെ നഷ്ടത്തിലാണ് കലാശിച്ചത്. തുടർന്ന് ഗൂഗിളിന്റെ ആൻഡ്രോയിഡ് മാതൃകയിൽ ലാമ എഐ മോഡലുകൾ ഓപ്പൺ സോഴ്സ് ചെയ്തെങ്കിലും ചൈനയുടെ ഡീപ്-സീക് , ക്വെൻ മോഡലുകൾക്ക് മുന്നിൽ അതും പതറി. ലാമ 4 പരാജയപ്പെട്ടതോടെ ഇതില്‍ ജോലി ചെയ്ത 14 ഗവേഷകരില്‍ 11 പേരെയും മെറ്റ പിരിച്ചു വിടുകയും ചെയ്തു.

എന്നാൽ 2026 ജനുവരിയിൽ കമ്പ്യൂട്ടറിലെ ജോലികൾ സ്വന്തമായി ചെയ്തുതീർക്കുന്ന 'ഓപ്പൺ ക്ലോ' എന്ന എഐ ഏജന്റ് വൈറലായതോടെ സക്കർബർഗിന് കാര്യം മനസ്സിലായി. ആളുകൾക്ക് വേണ്ടത് എഐയുടെ ബെഞ്ച്മാർക്ക് സ്കോറുകളല്ല. അവരുടെ ജോലികൾ ചെയ്തുതീർക്കുന്ന ഏജന്റുകളെയാണ്. പെർപ്ലക്സിറ്റി തങ്ങളുടെ എഐ കമ്പ്യൂട്ടറിന് മാസം 200 ഡോളർ ഈടാക്കിയപ്പോൾ, സക്കർബർഗ് മ്യൂസ് എഐ തികച്ചും സൗജന്യമായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും അവതരിപ്പിച്ചത് എന്നതാണ് ഇതിലെ കൗതുകം. അതായത് തന്‍റെ പ്ലാറ്റ്ഫോമിലേക്ക് ആളുകള്‍ എത്തണം എന്നതാണ് ആത്യന്തികമായ ഫേസ്ബുക്ക് സ്ഥാപകന്‍റെ ലക്ഷ്യം.

മ്യൂസ് എഐയുടെ നാല് മാസ്റ്റർ സ്ട്രോക്കുകൾ

നിങ്ങൾ ഇൻസ്റ്റാഗ്രാം റീലിൽ കാണുന്ന ഒരു ഷൂസ് വാങ്ങാൻ മ്യൂസിനോട് പറഞ്ഞാൽ, മ്യൂസ് സ്വന്തം ക്ലൗഡ് കമ്പ്യൂട്ടർ വഴി അത് ഓർഡർ ചെയ്യും. നിങ്ങൾ ഏത് റീൽ കണ്ടു, എന്ത് വാങ്ങി, എത്ര രൂപയ്ക്ക് വാങ്ങി എന്നതെല്ലാം ആപ്പിളിന്റെ അനുവാദമില്ലാതെ തന്നെ മെറ്റാ കൃത്യമായി അറിയുന്നു. ഇതോടെ ആപ്പിള്‍ അടക്കം ഉണ്ടാക്കിയ പ്രൈവസി പൂട്ട് പൊളിക്കാം എന്നാണ് മെറ്റ കരുതുന്നത്. മുൻപ് ഇൻസ്റ്റാഗ്രാമിൽ ഒരു ഇൻഫ്ലുവൻസർ പരിചയപ്പെടുത്തുന്ന ഉൽപ്പന്നം ആളുകൾ വാങ്ങിയിരുന്നത് ആമസോണിൽ പോയാണ്. എന്നാൽ മ്യൂസ് വന്നതോടെ ഏത് വെബ്സൈറ്റിൽ പോയും മ്യൂസ് നേരിട്ട് സാധനം വാങ്ങിത്തരും. ഓരോ വില്പനയിൽ നിന്നും ഒരു ചെറിയ കമ്മീഷൻ മെറ്റാ ഈടാക്കും. അതായത് പരസ്യത്തിൽ നിന്നും പണം, വില്പനയിൽ നിന്നും പണം എന്ന മോഡല്‍ ശരിക്കും മെറ്റ പ്ലാറ്റ്ഫോമുകള്‍ തന്നെ ഒരു ഷോപ്പിംഗ് മാളായി പ്രവര്‍ത്തിക്കുക എന്നതാണ് മാര്‍ക്കിന്‍റെ സ്വപ്നം.

ആമസോൺ തങ്ങളുടെ സെർച്ച് റിസൾട്ടിൽ സ്പോൺസേർഡ് പരസ്യങ്ങൾ കാണിച്ച് വർഷം 68 ബില്യൺ ഡോളർ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഏറ്റവും വിലകുറഞ്ഞ സാധനം കണ്ടെത്താൻ മ്യൂസിനോട് പറഞ്ഞാൽ അത് ആമസോണിന്റെ പരസ്യങ്ങളെല്ലാം ഒഴിവാക്കി ഫ്ലിപ്കാർട്ടിലോ മറ്റ് സൈറ്റുകളിലോ ഉള്ള വിലകുറഞ്ഞ ഓപ്ഷൻ തിരഞ്ഞെടുക്കും. ഇതോടെ ഭയന്നുപോയ ആമസോൺ സെപ്റ്റംബർ 20-ന് മ്യൂസ് എഐയെ ബ്ലോക്ക് ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ആമസോണിന്റെ എതിരാളിയായ ഷോപ്പിഫൈ മെറ്റയുമായി കൈകോർത്തതോടെ ലക്ഷക്കണക്കിന് ചെറുകിട സ്റ്റോറുകൾക്ക് മ്യൂസ് വഴി നേരിട്ട് കച്ചവടം നടത്താൻ അവസരമൊരുങ്ങി.അതായത് ആമസോണിന് വലിയ വെല്ലുവിളിയാണ് മ്യൂസ് ഒരുക്കുന്നത്.

മെറ്റാ സ്മാർട്ട് ഗ്ലാസുകളിലേക്കും 'മ്യൂസ് ചാം' ഉപകരണത്തിലേക്കും മ്യൂസ് എത്തുന്നതോടെ ഫോൺ പോലും എടുക്കാതെ വഴിയിൽ കാണുന്ന ഒരു ഉൽപ്പന്നത്തിലേക്ക് നോക്കി "ഇത് എനിക്ക് വാങ്ങിച്ചു താ" എന്ന് പറഞ്ഞാൽ മ്യൂസ് അത് ഓർഡർ ചെയ്യും. അങ്ങനെ ആപ്പിളിന്റെയും ഗൂഗിളിന്റെയും വാടകക്കാരനായിരുന്ന സക്കർബർഗ് പുതിയ എഐ ഷോപ്പിംഗ് യുഗത്തിന്റെ വീട്ടുടമസ്ഥനായി മാറുകയാണ്. കോടിക്കണക്കിന് ആളുകൾക്ക് സൗജന്യമായി ക്ലൗഡ് കമ്പ്യൂട്ടർ നൽകുന്നതിന്റെ ഭീമമായ ചെലവ് ഷോപ്പിംഗ് കമ്മീഷനിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമോ എന്നത് മാത്രമാണ് ഇനി കണ്ടറിയേണ്ടത്.

SCROLL FOR NEXT