വിദ്യാർഥികളുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ അനുശോചനമറിയിച്ചു
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ച് വിദ്യാർഥികളുടെ പൊതുദർശനം അവസാനിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ പൊതുദർശനത്തിൽ, അധ്യാപകരും സഹപാഠികളുമടക്കം നിരവധി ആളുകളാണ് എത്തിച്ചേർന്നത്. 19 വയസ് മാത്രം പ്രായമുള്ള ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ് അപകടത്തിൽ മരണപ്പെട്ടത്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷമായിരുന്നു പൊതുദർശനം. പൊതുദർശനത്തിന് ശേഷം വിദ്യാർഥികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി.
പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാനായി നിരവധി ആളുകളാണ് വണ്ടാനം മെഡിക്കൽ കോളേജിലെത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി. പ്രസാദ് എന്നിവർ പൊതുദർശനത്തിൽ പങ്കെടുത്തു.
മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ അനുശോചനമറിയിച്ചു. അപകടം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ആതുരസേവന രംഗത്ത് നാടിന് മുതല്‍ക്കൂട്ടാകേണ്ടിയിരുന്ന കുട്ടികളാണ് ചെറുപ്രായത്തില്‍ വിട്ടുപിരിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്നും വി.ഡി. സതീശൻ അറിയിച്ചു.
ALSO READ: ആലപ്പുഴയിൽ KSRTC ബസും കാറും കൂട്ടിയിടിച്ചു; 5 പേർക്ക് ദാരുണാന്ത്യം
അതേസമയം, അപകടത്തിൽ പരുക്കേറ്റ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. വണ്ടാനം മെഡിക്കൽ കോളജ് ഐസിയുവിൽ ആണ് ഗുരുതരസ്ഥാവയിൽ ഉള്ള മൂന്ന് പേരുമുള്ളത്. അപകടത്തിൽ കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് കാര്യമായി പരുക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം നടന്നത്. ആലപ്പുഴയിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് വണ്ടാനത്തു നിന്ന് വൈറ്റിലയിലേക്ക് പോകുകായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.