ഇന്നു ചേർന്ന സംസ്ഥാന കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു
ബീഫ് നിരോധിച്ച് അസമിലെ ബിജെപി സർക്കാർ. അസമിൽ ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിഭവങ്ങൾ വിളമ്പരുതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബീഫ് ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിന് ഇന്നു ചേർന്ന സംസ്ഥാന കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.
റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ, മറ്റു കമ്മ്യൂണിറ്റി ഇടങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിക്കുന്നതായി അസം സർക്കാർ അറിയിച്ചു. “അസമിൽ ഒരു റെസ്റ്റോറൻ്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും, പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നത് അനുവദിക്കില്ലെന്നും മന്ത്രിസഭ ഇന്ന് തീരുമാനിച്ചു. നേരത്തെ, ക്ഷേത്രങ്ങൾക്ക് സമീപം ബീഫ് കഴിക്കുന്നത് നിർത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇപ്പോൾ അത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു കമ്മ്യൂണിറ്റിയിലോ പൊതു ഇടത്തിലോ ഹോട്ടലിലോ റസ്റ്റോറൻ്റിലോ നിങ്ങൾക്ക് ബീഫ് കഴിക്കാൻ കഴിയില്ല,” മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ALSO READ: മഹായുതി 2.0യില്‍ രണ്ട് ഉപമുഖ്യമന്ത്രിമാർ; ഷിന്‍ഡെയും പവാറും നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം റീട്വീറ്റ് ചെയ്തു അസം മന്ത്രി പിയുഷ് ഹസാരിക പ്രതിപക്ഷമായ കോൺഗ്രസിനെ വെല്ലുവിളിച്ചു. “ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാൻ ഞാൻ അസം കോൺഗ്രസിനെ വെല്ലുവിളിക്കുന്നു. അല്ലെങ്കിൽ പാകിസ്ഥാനിൽ പോയി താമസിക്കൂ,” പറഞ്ഞു.
ഇത്തരമൊരു നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ശർമ നേരത്തെ സൂചന നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ, കോൺഗ്രസ് രേഖാമൂലം അഭ്യർത്ഥന നൽകിയാൽ അസമിൽ ബീഫ് കഴിക്കുന്നത് നിരോധിക്കുന്നതിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ള സമഗുരി മണ്ഡലത്തിൽ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പാക്കാൻ ബിജെപി ബീഫ് വിതരണം ചെയ്തെന്ന് ആരോപിച്ച് റാക്കിബുൾ ഹുസൈൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങളെ തുടർന്നാണ് ബിജെപി സർക്കാരിൻ്റെ പുതിയ നീക്കം.