
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലും തുടര്‍ന്നുള്ള രാജ്യം വിടലിലും നയതന്ത്ര സമീപനം എങ്ങനെ വേണമെന്ന ആശയക്കുഴപ്പത്തില്‍ ഇന്ത്യ. അയല്‍ രാജ്യത്തെ സംഭവവികാസങ്ങളും സുരക്ഷാ മുന്‍കരുതലുകളും ചര്‍ച്ചചെയ്യുവാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ രാത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാൽ കേന്ദ്രം ഇതുവരെ ബംഗ്ലാദേശ് വിഷയത്തില്‍ പരസ്യമായ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. ഇന്ന് രാവിലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എംപിമാരോട് ബംഗ്ലാദേശ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വിശദീകരിച്ചു. നിലവില്‍ ഡല്‍ഹിയിലുള്ള ഷെയ്ഖ് ഹസീനയ്ക്ക് തീരുമാനം എടുക്കാന്‍ സമയം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ധാക്കയില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ നാട് വിട്ട ഹസീന യുകെയിലേക്കുള്ള യാത്രാ മധ്യേ ഡല്‍ഹിയിലെ ഹിന്ദോണ്‍ വ്യോമത്താവളത്തില്‍ ഇറങ്ങിയിരുന്നു. യുകെ ഹസീനയ്ക്ക് അഭയം നല്‍കുമോ എന്നതില്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ല. ബംഗ്ലാദേശ് വിഷയത്തില്‍ ഐക്യ രാഷ്ട്ര സഭ അന്വേഷണം നടത്തണമെന്നല്ലാതെ ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നതില്‍ നിശബ്ദത പാലിച്ചിരിക്കുകയാണ് യുകെ. ഹസീന ഇന്ത്യയില്‍ തന്നെ തുടരുമോ അതോ മറ്റേതെങ്കിലും രാജ്യത്തിലേക്ക് മാറുമോ എന്നതാണ് ഇപ്പോഴുള്ള ചോദ്യം.
ഇന്ത്യയുമായി നീണ്ട കാലത്തെ ചരിത്രമുണ്ട് ഷെയ്ഖ് ഹസീനയ്ക്ക്. 1975ലെ പട്ടാള അട്ടിമറിയില്‍ ഹസീനയുടെ കുടുംബം മൊത്തം കൊല ചെയ്യപ്പെട്ടിരുന്നു. അന്ന് ഇന്ദിരാ ഗാന്ധി സര്‍ക്കാരാണ് ഹസീനയ്ക്ക് അഭയം നല്‍കിയത്. അതിനാല്‍ തന്നെ രാജ്യത്ത് അഭയം നല്‍കുമോയെന്നൊരു ആവശ്യം ഹസീനയുടെ ഭാഗത്തു നിന്നും ഉണ്ടായാല്‍ എളുപ്പത്തില്‍ നിരസിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിനു സാധിക്കില്ല.
ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹമാണ് ഇന്ത്യയ്ക്കു മുന്നിലുള്ള മറ്റൊരു വെല്ലുവിളി. 4,096 കിമീ അതിര്‍ത്തിയാണ് ഇന്ത്യയും ബംഗ്ലാദേശും പങ്കിടുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പശ്ചിമ ബംഗാളിലേക്കുമാണ് അഭയാര്‍ഥികള്‍ കുടിയേറാന്‍ സാധ്യത. ഇന്നലത്തെ ബംഗ്ലാദേശ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നുഴഞ്ഞു കയറ്റങ്ങള്‍ നടക്കില്ലെന്ന് ഉറപ്പു നല്‍കിയതായി ത്രിപുര ടിപ്ര മോത നേതാവ് പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മ്മ പറഞ്ഞു.
ബംഗ്ലാദേശിലെ സംഘര്‍ഷങ്ങളും അധികാരകൈമാറ്റങ്ങളും വലിയ തോതിലുള്ള ഭൗമരാഷ്ട്രീയ വ്യതിയാനങ്ങള്‍ക്കും കാരണമായി തീര്‍ന്നേക്കാം. അവാമി ലീഗിന്റെ കയ്യില്‍ നിന്നും ബംഗ്ലാദേശിന്റെ അധികാരം പോകുമ്പോള്‍ ഇനി ആരെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. ജമാത്ത് ഇ ഇസ്ലാമിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും അധികാരത്തില്‍ വന്നാല്‍ ചൈനയുമായി ചേര്‍ന്നു നില്‍ക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ബംഗ്ലാദേശിലെ അരക്ഷിതാവസ്ഥ ചൈന മുതലെടുക്കുമെന്നും ഇന്ത്യ ഭയപ്പെടുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ ആഭ്യന്തര യുദ്ധങ്ങളും അട്ടിമറികളും നടക്കുന്നു. ശ്രീലങ്ക, മ്യാന്‍മാര്‍, അഫ്ഗാനിസ്ഥാന്‍, എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ ബംഗ്ലാദേശിലും ഭരണമാറ്റം സംഭവിച്ചിരിക്കുന്നു. ചൈനയും പാകിസ്താനും ഈ അവസരം സഖ്യങ്ങള്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. അതിര്‍ത്തിയിലെ പല രാജ്യങ്ങള്‍ക്കും ഇപ്പോള്‍ ഇന്ത്യയെക്കാള്‍ താല്‍പ്പര്യം പാക്-ചൈന ബ്ലോക്കിനോടാണ്. ബംഗ്ലാദേശിലും സമാന സാഹചര്യമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.