fbwpx
SPOTLIGHT സിഎജി കൂട്ടിച്ചേര്‍ക്കുന്നത് രാഷ്ട്രീയ പൂജ്യമോ?
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Jan, 2025 11:05 PM

SPOT LIGHT


ഒരു തമാശ പറയാം, കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ഖജനാവിന് നഷ്ടം വരുത്തി എന്നാണല്ലോ സിഎജി കണ്ടെത്തിയത്. പത്തു കോടി 20 ലക്ഷത്തിന്റെ ആ നഷ്ടത്തിനു പകരം സിഎജി ഉപയോഗിച്ച അതേ കണക്കുകള്‍ തന്നെ എടുക്കുക. അപ്പോള്‍ 34.5 കോടി രൂപ ലാഭമുണ്ടാക്കി എന്നു കണ്ടെത്തിയാലോ? അതു മാത്രമല്ല വേറൊരു ഡാറ്റാ ഉപയോഗിച്ചാല്‍ 59.2 കോടി രൂപ ലാഭമുണ്ടാക്കി എന്നും കണ്ടെത്താം. തമാശ പറയാം എന്നു പറഞ്ഞാണു തുടങ്ങിയതെങ്കിലും ഇതൊരു തമാശയല്ല. ഇനി ഇതൊന്നും വേണ്ട, അതേ ദിവസം കേന്ദ്രസര്‍ക്കാര്‍ വാങ്ങിയ പിപിഇ കിറ്റിന്റെ വില എടുത്താല്‍ സംസ്ഥാന ഖജനാവിന് ലാഭം 97 കോടി രൂപവരും. എന്തുകൊണ്ടാണ് അവിടെയൊന്നും ഓഡിറ്റിങ്ങും റിപ്പോര്‍ട്ടുകളും ഇല്ലാതെ പോയത്. രാഷ്ട്രീയം നോക്കിയാണോ സിഎജി ഓരോ സംസ്ഥാനത്തും വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നത്.



സിഎജി കൂട്ടിച്ചേര്‍ക്കുന്നത് രാഷ്ട്രീയ പൂജ്യമോ?



ഒരക്കം കഴിഞ്ഞ് പൂജ്യങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ടിരുന്നാല്‍ മതി സംഭവം മഹാമേരുവായി വളരാന്‍ എന്നതാണ് ഗണിതത്തിന്റെ പ്രാഥമിക പാഠം. സിഎജി രാഷ്ട്രീയ ഓഡിറ്റിങ്ങാണ് നടത്തുന്നത് എന്നു പറഞ്ഞത് അക്കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കാണ്. കുറ്റം കണ്ടെത്തിയ സിഎജിയോ, ആ ഓഡിറ്റിങ്ങിനെ വിമര്‍ശിച്ച എല്‍ഡിഎഫ് നേതാക്കളോ പറയാത്ത വസ്തുതകളിലേക്കാണ് ഇനി സ്‌പോട് ലൈറ്റ് പോകുന്നത്. 2020 മാര്‍ച്ച് 30ന് സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് 15,000 പിപിഇ കിറ്റുകള്‍ വാങ്ങാന്‍ ഒരെണ്ണത്തിന് 1550 രൂപയ്ക്ക് കരാര്‍ നല്‍കിയതാണ് സിഎജി കണ്ടെത്തിയ ആദ്യത്തെ ക്രമക്കേട്. 545 രൂപയ്ക്കു പിപിഇ കിറ്റുകള്‍ വാങ്ങണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതു ലംഘിച്ച് ഓരോ എണ്ണത്തിനും ആയിരത്തി അന്‍പത് രൂപ വീതം അധികം നല്‍കിയതുവഴി ഖജനാവിന് നഷ്ടമുണ്ടായി എന്നാണ് ആ വിവരം. ഇതി അതേ ദിവസം തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടക പിപിഇ കിറ്റുകള്‍ വാങ്ങി. അതു പതിനായിരവും പതിനയ്യായിരവും അല്ല. ഒരു ലക്ഷം വീതം മൂന്ന് ഓര്‍ഡറുകളാണ്. 2117 രൂപ 53 പൈസയ്ക്ക് 1 ലക്ഷം പിപിഇ കിറ്റുകള്‍ക്കുള്ള ഓര്‍ഡര്‍ ഡിഎച്ച് ബി ഗ്ലോബല്‍ എന്ന കമ്പനിക്ക്. അതേ ദിവസം ബിഗ് ഫാര്‍മ എന്ന കമ്പനിക്ക് 2049 രൂപ 84 പൈസയ്ക്ക് അടുത്ത കരാര്‍. പിറ്റേദിവസം വീണ്ടും ഡിഎച്ച് ബി ഗ്ലോബലിന് ഒരു ലക്ഷം കിറ്റുകള്‍ക്കു കൂടി ഓര്‍ഡര്‍. അതിനു വില 2104 രൂപ 53 പൈസ. കര്‍ണാടകം മൂന്നു ലക്ഷം പിപിഇ കിറ്റുകള്‍ വാങ്ങിയ വില പരിഗണിച്ചാലോ? കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന സര്‍ക്കാര്‍ രണ്ടു ലക്ഷം പിപിഇ കിറ്റുകള്‍ വാങ്ങിയപ്പോള്‍ ലാഭിച്ചത് 34.5 കോടി രൂപയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച 545 രൂപ കവിഞ്ഞതാണ് പ്രശ്‌നം എങ്കില്‍ കര്‍ണാടകത്തില്‍ എന്തുകൊണ്ടാണ് ഈ വിഷയം സിഎജി ഓഡിറ്റ് ചെയ്യാത്തത്. അവിടെ അപ്പോള്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയും ആരോഗ്യമന്ത്രി ബി. ശ്രീരാമലുവും ആയിരുന്നു. അവര്‍ ബിജെപിക്കാര്‍ ആയതുകൊണ്ടാണോ? കേരളം പതിനയ്യായിരം കിറ്റ് 1550 രൂപയ്ക്കു വാങ്ങിയപ്പോള്‍ രണ്ടായിരത്തി ഒരുനൂറു രൂപയില്‍ കൂടുതല്‍ നല്‍കി ബിജെപി സര്‍ക്കാര്‍ വാങ്ങിയത് 3 ലക്ഷം കിറ്റാണ്. 545 രൂപ മാനദണ്ഡമായി എടുത്താല്‍ കര്‍ണാടകത്തില്‍ ഉണ്ടാക്കിയ നഷ്ടം 10.2 കോടി രൂപയല്ല, 46.5 കോടി രൂപയാണ്. കഥ അവിടെ തീരുന്നില്ല.


Also Read:  ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലോ?



അസമില്‍ കിറ്റുവാങ്ങിയത് ആരില്‍ നിന്ന്?



കേരളം വാങ്ങിയ അതേ ദിവസം കിറ്റ് വാങ്ങിയത് കര്‍ണാടക മാത്രമല്ല. അസമും ഉണ്ട്. കേരളം പതിനയ്യായിരത്തിനാണ് ഓര്‍ഡര്‍ നല്‍കിയതെങ്കില്‍ അസം ഓര്‍ഡര്‍ നല്‍കിയത് പതിനായിരം എണ്ണത്തിനാണ്. വില ഒരെണ്ണത്തിന് 2205 രൂപ. ഏഗൈല്‍ അസോഷ്യേറ്റ്‌സ് എന്ന ആ കമ്പനിക്ക് ഓര്‍ഡര്‍ നല്‍കുമ്പോള്‍ ഇന്നത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അവിടെ ആരോഗ്യമന്ത്രിയാണ്. എന്തുകൊണ്ടാണ് അസമിലെ പിപിഇ കിറ്റ് കരാര്‍ സിഎജി പരിശോധിക്കാത്തത്. 545 മാനദണ്ഡമായി എടുത്താല്‍ ഓരോ കിറ്റിനും 1660 രൂപയാണ് അവിടെ അധികം നല്‍കിയിരിക്കുന്നത്. കേരളം രണ്ടു ലക്ഷം കിറ്റ് വാങ്ങിയതിലാണ് 10.2 കോടി അധികം നല്‍കിയത് എങ്കില്‍ അസം പതിനായിരം കിറ്റില്‍ തന്നെ 1.6 കോടി അധികം നല്‍കി എന്ന് പറയേണ്ടി വരും. കണക്കുകള്‍ക്ക് ഇങ്ങനെയും സാധ്യതകളുണ്ട്. സിഎജി ഒരു വശത്തു നിന്ന് കണക്കെടുത്താല്‍ മറുവശത്തുനിന്ന് ആര്‍ക്കും വേറെയും കണക്ക് എടുക്കാം. ഇനി നമുക്ക് വസ്തുതകളിലേക്കു വരാം. എന്താണ് ഓര്‍ഡര്‍ നല്‍കിയ മാര്‍ച്ച് 30ന്റെ പ്രത്യേകത. മാര്‍ച്ച് 23ന് ആണ് ദേശവ്യാപക ലോക്ഡൗണ്‍ ആരംഭിച്ചത്. കോവിഡ് നിയന്ത്രണം വിടുന്നു എന്നും അഞ്ചുലക്ഷം പിപിഇ കിറ്റുകള്‍ രണ്ടുദിവസത്തിനകം കിട്ടണമെന്നുമാണ് ആരോഗ്യവകുപ്പ് അന്നത്തെ അവലോകനത്തില്‍ ആവശ്യപ്പെട്ടത്. ഓരോ സംസ്ഥാനത്തുനിന്നും ഇങ്ങനെ ആവശ്യങ്ങളുയര്‍ന്നു. അപ്പോള്‍ കേന്ദ്രം എന്തുചെയ്തു?



ടെന്‍ഡര്‍ ഇല്ലാതെ വാങ്ങാമെന്ന് കേന്ദ്രം



ടെന്‍ഡര്‍ ഇല്ലാതെ സംസ്ഥാനങ്ങള്‍ ഏതു വിധേനയും പിപിഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും ശേഖരിക്കുക എന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. കേന്ദ്രം ഒരു ലക്ഷം കിറ്റ് ചൈനയില്‍ നിന്ന് എണ്ണത്തിന് 2345 രൂപ കൊടുത്തു വാങ്ങിയതാണ് ഡല്‍ഹിയില്‍ അന്നു നല്‍കിയത്. കെട്ടിട നിര്‍മാണം, ബെഡ് വാങ്ങല്‍, വെന്റിലേറ്റര്‍ വാങ്ങല്‍ എന്നിവ ഒഴികെ മറ്റെല്ലാം ടെന്‍ഡര്‍ ഇല്ലാതെ വാങ്ങണം എന്നായിരുന്നു നിര്‍ദേശം. അങ്ങനെ കിട്ടിയ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാനങ്ങളെല്ലാം പിപിഇ കിറ്റുകള്‍ വാങ്ങിയത്. കേരളത്തിന് ആ സമയത്ത് മറ്റൊരു വലിയ ദൗര്‍ബല്യം കൂടി ഉണ്ടായിരുന്നു. പിപിഇ കിറ്റുകളുടെ നിര്‍മാണം നടക്കുന്നില്ലാത്ത സംസ്ഥാനമായിരുന്നു അന്ന് കേരളം. ഇതാ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അന്നത്തെ മാപ്പ് കാണുക. ഗുജറാത്ത് മുതല്‍ അറബിക്കടലിന്റെ തീരം പങ്കിടുന്ന സംസ്ഥാനങ്ങള്‍ എടുത്താല്‍ പിപിഇ കിറ്റ് നിര്‍മിക്കാന്‍ കമ്പനി ഇല്ലാതിരുന്നത് കേരളത്തില്‍ മാത്രമായിരുന്നു. ഗുജറാത്തില്‍ അരവിന്ദ് മില്‍, മുംബൈയില്‍ വെല്‍സ്‌പെമ്മും ആദിത്യ ബിര്‍ളാ ഗ്രൂപ്പും, കര്‍ണാടകത്തില്‍ ഷാഹി എക്‌സ്‌പോര്‍ട്‌സും അമരില്ലീസും. കേരളത്തില്‍ മാത്രം ഒന്നുമില്ല. തമിഴ്‌നാട്ടിലാണെങ്കില്‍ കോയമ്പത്തൂരിലെ ശിവ ടെക്യാനും തിരുപ്പൂരിലെ അസംഖ്യം കമ്പനികളും ചെന്നൈയിലെ ശ്രീ ഹെല്‍ത്ത് കെയറും ഉണ്ട്. പശ്ചിമബംഗാളില്‍ ഫ്രണ്ട്യേഴ്‌സും ഉണ്ട്. കര്‍ണാടകത്തില്‍ രണ്ടു കമ്പനികള്‍ ഉണ്ടാക്കുന്നതു തികയാത്തതുകൊണ്ടാണ് 3 ലക്ഷത്തിന് ഓര്‍ഡര്‍ നല്‍കിയതെങ്കില്‍ കേരളത്തില്‍ രണ്ടു ലക്ഷത്തിനാണ് 15 ദിവസത്തെ ഇടവേളയില്‍ ഓര്‍ഡര്‍ നല്‍കിയത്. അപ്പോള്‍ കേരളം നല്‍കിയ ഓര്‍ഡറിന്റെ നേട്ടം ആര്‍ക്കാണ്. അതിലാണ് ശരിക്കുള്ള തമാശ.


Also Read: കടുവകള്‍ കാടിറങ്ങുമ്പോള്‍ മനുഷ്യനു കാവലാര്?



കേരളത്തിന്റെ പണം വാങ്ങിയ കമ്പനി



സിഎജി വഴിവിട്ടു നല്‍കി എന്നു പറയുന്ന 2,56,000 പിപിഇ കിറ്റ് ഓര്‍ഡറില്‍ രണ്ടു ലക്ഷവും നല്‍കിയത് ഏതു കമ്പനിക്കാണ് എന്ന് അറിയാമോ. അത് മറ്റാരുമല്ല കേരളത്തിന്റെ സ്വന്തം കിറ്റക്‌സ് ആണ്. ട്വന്റി ട്വന്റി പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് മാനേജിങ് ഡയറക്ടറായ കിറ്റക്‌സ് ഗ്രൂപ്പ് ആണ് അപ്പോഴേക്കും സ്വന്തം തയ്യല്‍ സംവിധാനം പിപിഇ കിറ്റ് നിര്‍മിക്കാനായി പരിവര്‍ത്തനം ചെയ്തത്. സിഎജി അധികമായി നല്‍കി എന്നു പറയുന്ന 10.2 കോടി രൂപയില്‍ 5.2 കോടി രൂപയും ലഭിച്ചിരിക്കുന്നത് കിറ്റക്‌സ് ഗ്രൂപ്പിനാണ്. ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തിനും അറുപതിനായിരത്തിനും ഏപ്രില്‍ 15ന് ആണ് രണ്ട് പര്‍ച്ചേസ് ഓര്‍ഡറുകള്‍ കിറ്റക്‌സിന് നല്‍കിയത്. പിപിഇ കിറ്റിലെ സിഎജി റിപ്പോര്‍ട്ട് വന്നശേഷം ഇനി നിയമനടപടി സ്വീകരിക്കാന്‍ സാധ്യതയുള്ള സ്ഥാപനവും കിറ്റക്‌സാണ്. സാന്‍ ഫാര്‍മയില്‍ നിന്ന് 1550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ സര്‍ക്കാര്‍ 15 ദിവസത്തിനു ശേഷം 800 രൂപയ്ക്കും 830 രൂപയ്ക്കുമുള്ള രണ്ട് ഓര്‍ഡറുകളാണ് കിറ്റക്‌സിന് നല്‍കിയത്. സാന്‍ ഫാര്‍മയുടെ കണക്കുവച്ചാണെങ്കില്‍ 14 കോടി 40 ലക്ഷം രൂപ കൂടി കിറ്റക്‌സിന് അധികം ആവശ്യപ്പെടാം. ഇപ്പോള്‍ എത്രപേര്‍ക്ക് ചിരി വരുന്നുണ്ടാകും.



പിന്‍വാങ്ങിയ അനിത ടെക്‌സ്‌കോട്ട്



അനിത ടെക്‌സ്‌കോട്ട് എന്ന കമ്പനി 550 രൂപയ്ക്ക് വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്ളത്. അനിതാ ടെക്‌സ്‌കോട്ട് സമയത്ത് ഉല്‍പ്പന്നം എത്തിച്ചില്ല എന്ന സര്‍ക്കാര്‍ മറുപടിയും സിഎജി റിപ്പോര്‍ട്ടിലുണ്ട്. അനിതാ ടെക്‌സ്‌കോട്ട് തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള കമ്പനിയാണ്. കേരളത്തില്‍ 550 രൂപയ്ക്ക് വാഗ്ദാനം നല്‍കിയ ഇതേ കമ്പനി തമിഴ്‌നാട്ടില്‍ അതേ ആഴ്ച 345 രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ഏറ്റവും കുറഞ്ഞ നിരക്കിന്റെ ആ ക്വട്ടേഷന്‍ ഉള്ളപ്പോള്‍ തന്നെ മറ്റു കമ്പനികളില്‍ നിന്ന് അവിടെ സര്‍ക്കാര്‍ പിപിഇ കിറ്റ് വാങ്ങി. അതിനു കാരണമായി പറഞ്ഞത് അനിത് ടെക്‌സ്‌കോട്ട് സമയത്ത് എത്തിച്ചില്ല എന്നു തന്നെ. നാലു വര്‍ഷത്തിനു ശേഷം കണക്കുകള്‍ മാത്രമായി ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം വലുതായിരിക്കും. ഇവിടെ കോവിഡ് പോലെയോ അതിലും മാരകമായതോ ആയ മഹാവ്യാധി ഇനിയും വന്നാല്‍, അങ്ങനെ വരാതിരിക്കട്ടെ, അങ്ങനെ വന്നാല്‍ ഏത് ഉദ്യോഗസ്ഥനാണ് ഉല്‍പന്നം വാങ്ങാന്‍ ധൈര്യമുണ്ടാവുക. ആജീവനാന്തം കള്ളന്‍ എന്ന പേരു കേള്‍ക്കേണ്ടി വരും എന്നതിനാല്‍ ഏതു മന്ത്രിയാണ് അതിന് അനുമതി നല്‍കാന്‍ പോകുന്നത്. കള്ളത്തരമാണെങ്കില്‍, അതിലും വലിയ കള്ളത്തരം ചെയ്തിട്ടുണ്ട് അതേ ദിവസം കര്‍ണാടകത്തിലും, അസമിലുമൊക്കെ. അവിടെകൂടി ഓഡിറ്റ് നടത്തി എല്ലാവരേയും ഒന്നിച്ചു കുരിശിലേറ്റണം.

KERALA
മകനെ കാണാനില്ലെന്ന പരാതിയില്‍ നാടടക്കി തെരച്ചില്‍; ഒടുവില്‍ കണ്ടെത്തിയത് പിതാവിന്റെ വീടിന്റെ ടെറസില്‍ നിന്ന്
Also Read
user
Share This

Popular

KERALA
KERALA
VIDEO | SFI നേതാക്കളെ മർദിച്ച സംഭവം: പ്രതികളായ KSUകാർക്ക് രക്ഷപ്പെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്