ബെൽജിയത്തിലെ ലൈംഗികത്തൊഴിൽ ഇനി മുതൽ പൂർണ തൊഴിൽ നിയമത്തിൻ്റെ പരിധിയിലായിരിക്കും
ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ കർശനനിയമം നടപ്പാക്കിയ ബെൽജിയം, വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. ലൈംഗികത്തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ്, സിക്ക് ലീവ്, തൊഴിൽ കരാർ, പ്രസവാവധി, പെൻഷൻ എന്നിവയ്ക്ക് നിയമം പ്രാബല്യത്തിൽ വരുന്ന ആദ്യ രാജ്യമായി ബെൽജിയം മാറും. അതായത് ബെൽജിയത്തിലെ ലൈംഗികത്തൊഴിൽ ഇനി മുതൽ പൂർണ തൊഴിൽ നിയമത്തിൻ്റെ പരിധിയിലായിരിക്കും. മറ്റ് ജോലികളെ പോലെ ഇനി ലൈംഗിക തൊഴിലിനേയും കാണണമെന്ന സർക്കാർ നിലപാടിനെ തുടർന്നാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. അതേസമയം നിയമത്തെ വിമർശിച്ചും ചില സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ബെൽജിയത്തിലെ ലൈംഗികത്തൊഴിലാളിയായ സോഫിയെന്ന യുവതിയുടെ അനുഭവങ്ങൾ ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സോഫിക്ക് സിസേറിയനിലൂടെ അഞ്ചാമത്തെ കുഞ്ഞുണ്ടായപ്പോൾ, അവൾക്ക് ആറാഴ്ചത്തേക്ക് ബെഡ് റെസ്റ്റ് വേണമെന്ന് ഡോക്ടർ നിർദേശിച്ചു. എന്നാൽ ഡോക്ടറുടെ നിർദേശം നോക്കാതെ, അതികഠിനമായ വേദനയിലും, അഞ്ചു കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ വേണ്ടി സോഫിക്ക് ഇതിന് വഴങ്ങേണ്ടി വന്നു. സോഫിക്ക് മാത്രമല്ല, ലോകത്തെ ഭൂരിഭാഗം ലൈംഗിക തൊഴിലാളികൾക്കും ഇത്തരം അവസ്ഥകളുണ്ട്.
ALSO READ: ലോകത്തിലെ ഏറ്റവും മികച്ച മയോണൈസ് ഏത്? കൗതുകമായി ഫ്രാൻസിലെ വ്യത്യസ്ത മത്സരം
ലോകത്ത് ദശലക്ഷക്കണക്കിന് ലൈംഗിക തൊഴിലാളികളുണ്ട്. എന്നാൽ ലൈംഗിക തൊഴിൽ നികൃഷ്ടമായി കാണുന്ന ഭൂമിയിൽ ബെൽജിയം വ്യത്യസ്തമാവുകയാണ്. കൊവിഡ് സമയത്ത് ലൈംഗിക തൊഴിലാളികളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് നടന്ന പ്രതിഷേധത്തിൻ്റെ ഫലമായി ലൈംഗികത്തൊഴിൽ കുറ്റകരമല്ലാതാക്കിയിരുന്നു.
ജർമ്മനി, ഗ്രീസ്, നെതർലാൻഡ്‌സ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇത് നിയമപരമാണെങ്കിലും ലൈംഗിക തൊഴിലാളികൾക്ക് തൊഴിൽ അവകാശങ്ങളും കരാറുകളും സ്ഥാപിക്കുന്നത് ആഗോളതലത്തിൽ ഇതാദ്യമാണ്. വിപ്ലവകരമായ തീരുമാനമാണ് ഇതെന്നും എല്ലാം രാജ്യങ്ങളിലും ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഗവേഷകനായ എറിൻ കിൽബ്രൈഡ് അഭിപ്രായപ്പെട്ടു.
ALSO READ: ബംഗ്ലാദേശ്- ഇസ്കോൺ സംഘർഷം മുറുകുന്നു; ഇന്ത്യയുമായുള്ള ബന്ധം വഷളാകുമോ?
2022-ൽ കൊവിഡ് സമയം മുതൽ മാസങ്ങൾ നീണ്ട പ്രതിഷേധത്തിൻ്റെ ഫലമായാണ് നിയമം മാറ്റാൻ ബെൽജിയം തീരുമാനിക്കുന്നത്. എന്നാൽ മനുഷ്യക്കടത്തിലേക്കും മറ്റും ഇത് നയിക്കുമെന്നും നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്നും വിമർശിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ലൈംഗിക തൊഴിൽ മേഖലയിലെ നിയമ ഇളവുകൾ ഉപയോഗിച്ച് മാഫിയകൾ ചൂഷണം ചെയ്യുന്നത് വർധിക്കുമെന്നാണ് ചിലരുടെ വാദം.