കോൺഗ്രസിൽ നിന്നും ഇടഞ്ഞ് ഇടതുപക്ഷത്തേയ്ക്ക് എത്തിയ ഡോ. പി. സരിൻ പാലക്കാട് എൽഡഎഫ് സ്വാതന്ത്രനായി മത്സരിക്കാനാണ് സാധ്യത
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ സിപിഐഎം, ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. രാവിലെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം. കോൺഗ്രസിൽ നിന്നും ഇടഞ്ഞ് ഇടതുപക്ഷത്തേയ്ക്ക് എത്തിയ ഡോ. പി. സരിൻ പാലക്കാട് എൽഡിഎഫ് സ്വാതന്ത്രനായി മത്സരിക്കാനാണ് സാധ്യത. അതേസമയം പാലക്കാട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ ഇന്ന് ജില്ലയിലെത്തും.
സരിനെ കഴിഞ്ഞദിവസം എം. വി ഗോവിന്ദനും പാലക്കാട് ജില്ല സെക്രട്ടറി ഇ. എൻ സുരേഷ് ബാബുവും എൽഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനു മോളുടെ പേരാണ് പാലക്കാട് പരിഗണിച്ചിരുന്നത്. ചേലക്കരയിൽ യു. ആർ പ്രദീപ് തന്നെയാകും സ്ഥാനാർഥി. ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ സത്യൻ മൊകേരിയെയാണ് സ്ഥാനാർഥിയായി പരിഗണിച്ചിരിക്കുന്നത്.
ALSO READ: വയനാട് ഉപതെരഞ്ഞെടുപ്പ്: ഖുശ്ബുവിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ച് ബിജെപി കേന്ദ്ര നേതൃത്വം
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് പുറമെ ശോഭാ സുരേന്ദ്രൻ, സി. കൃഷ്ണകുമാർ എന്നിവരാണ് സ്ഥാനാർഥി പട്ടികയിലുള്ളത്. എന്നാൽ മണ്ഡലത്തിലെ മാറിയ സാഹചര്യത്തിൽ ദേശീയ നേതൃത്വം മറ്റൊരു പേര് കണ്ടെത്തുമോയെന്നതാണ് പ്രവർത്തകർ ഉറ്റുനോക്കുന്നത്. ഇന്ന് വൈകീട്ടോടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
വയനാട് ഉപതെരഞ്ഞെടുപ്പില്‍ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബുവിനെയാണ് ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാർഥിയായി പരിഗണിച്ചത്. എന്നാല്‍ സ്ഥാനാർഥിയാകുന്നതിന് ഖുശ്ബു സമ്മതം മൂളിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥാനാർഥിത്വം സ്വീകരിക്കാനായി ബിജെപി സമ്മർദം ചെലുത്തുന്നുണ്ട്.