കേരളത്തനിമ വിളിച്ചോതുന്ന വെള്ള കസവു സാരിയണിഞ്ഞാണ് പ്രിയങ്ക പാർലമെൻ്റിലേക്ക് വന്നതെന്നതും ശ്രദ്ധേയമായി
കേരളത്തിൽ നിന്നുള്ള ഏക വനിതാ എംപിയായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. വ്യാഴാഴ്ച പകൽസമയം 11 മണിയോടെയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ ലോക്സഭാ അധ്യക്ഷൻ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്.
കേരളത്തനിമ വിളിച്ചോതുന്ന വെള്ള കസവു സാരിയണിഞ്ഞാണ് പ്രിയങ്ക പാർലമെൻ്റിലേക്ക് വന്നതെന്നതും ശ്രദ്ധേയമായി. വലതു കയ്യിൽ ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു പ്രിയങ്കയുടെ ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ. പ്രിയങ്കയുടെ സത്യപ്രതിജ്ഞ അവസാനിച്ചതും ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒരുമിച്ച് ഡെസ്ക്കിലിടിച്ച് വയനാട് എംപിക്ക് വരവേൽപ്പ് നൽകി. 6.22 ലക്ഷം വോട്ടുകൾ നേടിയാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും പ്രിയങ്ക പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പാർലമെൻ്റിലേക്ക് ആദ്യമായെത്തിയ പ്രിയങ്കയെ കോൺഗ്രസിലേയും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലേയും മുതിർന്ന നേതാക്കൾ ചേർന്നാണ് വരവേറ്റത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വദ്ര എന്നിവർക്കൊപ്പമാണ് പ്രിയങ്ക പാർലമെൻ്റിലേക്ക് വന്നത്. കേരളത്തിലെ എംപിമാർക്കൊപ്പം പ്രിയങ്കയെ നിർത്തി രാഹുൽ ഗാന്ധി മൊബൈലിൽ ഫോട്ടോയെടുക്കുന്നതും കാണാമായിരുന്നു.
ALSO READ: ബിഷ്‌ണോയി ഗുണ്ടാസംഘത്തിലെ രണ്ടാം മുഖം: അന്‍മോല്‍ ബിഷ്ണോയ്