ചേലക്കര സ്വദേശികളായ കെ.എ. രാമചന്ദ്രനും മകൻ റെനീഷിനും ഒപ്പമാണ് ഈ തൂവെള്ള പൂച്ച കേരളത്തിൽ എത്തിയത്
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കൗതുകമായി പൂച്ചയെത്തി. വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിദേശത്തുനിന്നും ഓമന മൃഗത്തെ നാട്ടിലെത്തിക്കുന്നത്. ചേലക്കര സ്വദേശി കെ.എ. രാമചന്ദ്രനാണ് തന്റെ അരുമയായ പൂച്ച 'ഇവ'യോടൊപ്പം കൊച്ചിയിലെത്തിയത്. കേരളത്തിലേക്കുള്ള തന്റെ ആദ്യ വരവിൽ തന്നെ ഇവ ചരിത്രം കുറിച്ചു. ചേലക്കര സ്വദേശികളായ കെ.എ. രാമചന്ദ്രനും മകൻ റെനീഷിനും ഒപ്പമാണ് ഈ തൂവെള്ള പൂച്ച കേരളത്തിൽ എത്തിയത്.
ഇവയുടെ വരവ് മറ്റുള്ളവരിലും കൗതുകം നിറച്ചു. ഖത്തറിന്റെ തെരുവോരങ്ങളിൽ നിന്നാണ് രാമചന്ദ്രന് പൂച്ചയെ ലഭിക്കുന്നത്. 34 വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് പോരുമ്പോൾ ഇവയെ ഉപേക്ഷിക്കാൻ അദ്ദേഹത്തിനായില്ല. ഖത്തറിൽ ഇവയ്ക്ക് സ്വന്തമായി പ്രത്യേകം മുറിയുണ്ട്. വേവിച്ച ആഹാരങ്ങൾ മാത്രമാണ് ഭക്ഷണം. ആള് പൊതുവേ ശാന്തസ്വഭാവിയാണ്.
ALSO READ: 'ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം'; ബൊളീവിയയിലെ ഒരു വെറൈറ്റി ആചാരം
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് വിമാനത്താവളങ്ങൾ മുഖാന്തരം വിദേശരാജ്യങ്ങളിൽ നിന്നും വളർത്തുമൃഗങ്ങളെ എത്തിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കി കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇതിനായുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കിയത്. അടുത്ത ദിവസം ബെൽജിയത്തിലെ ബ്രെസൽസിൽ നിന്നും മറ്റൊരു ഓമന മൃഗവും കേരളത്തിൽ എത്തിച്ചേരും.