ഇന്നും കനൽ കെടാത്ത സിംഗൂരും നന്ദിഗ്രാമും; ബുദ്ധദേബിൻ്റെ 'സ്വപ്നം' ഇടതു മുന്നണിക്ക് തിരിച്ചടിയായ ദുരന്തകഥ

ബംഗാളിൻ്റെ അവസാന ഇടത് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ നമ്മെ വിട്ടുപിരിഞ്ഞത് പാർട്ടി തകർച്ചയുടെ കഥ ബാക്കി വെച്ചാണ്. നന്ദിഗ്രാമിലെയും സിംഗൂരിലെയും ജനങ്ങളുടെയും.
ഇന്നും കനൽ കെടാത്ത സിംഗൂരും നന്ദിഗ്രാമും; ബുദ്ധദേബിൻ്റെ 'സ്വപ്നം' ഇടതു മുന്നണിക്ക് തിരിച്ചടിയായ ദുരന്തകഥ
Published on

ബംഗാളിന് ഇടതുപക്ഷത്തോട് പതിറ്റാണ്ടുകൾ നീണ്ട ബന്ധമുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ, 34 വർഷമാണ് ഇടതുമുന്നണി തുടർച്ചയായി ബംഗാൾ ഭരിച്ചത്. എന്നാൽ സംസ്ഥാനത്ത് സിപിഎമ്മിൻ്റെ പതനം പെട്ടെന്നായിരുന്നു. അതിന് ശേഷം ബംഗാളിൽ സിപിഎമ്മിന് പച്ചപിടിക്കാനായിട്ടില്ല. ബംഗാളിൻ്റെ അവസാന ഇടത് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ നമ്മളെ വിട്ടുപിരിയുന്നത്, ബംഗാളിലെ ഇടതുപക്ഷ തകർച്ചയുടെ നടുക്കുന്നൊരു ദുരന്ത കഥ ബാക്കിവെച്ചാണ്. നന്ദിഗ്രാമിലെയും സിംഗൂരിലെയും ജനകീയ പ്രക്ഷോഭങ്ങളുടെ കനലുകൾ ഇന്നും അവിടുത്തെ ഇടതു മുന്നണിയെ പൊള്ളിക്കുന്നുണ്ട്.

ബുദ്ധദേബിൻ്റെ പുതിയ വ്യാവസായിക നയം

2007ൽ സംസ്ഥാനത്തിൻ്റെ വ്യാവസായിക വികസനത്തിനായി, വിദേശ-സ്വകാര്യ നിക്ഷേപങ്ങളും ഏറ്റെടുക്കാമെന്ന പുതിയ നയസമീപനം ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ സ്വീകരിച്ചതോടെയാണ് ബംഗാളിൻ്റെ ചരിത്രത്തിൽ സുപ്രധാനമായൊരു വഴിത്തിരിവായി അത് മാറുന്നത്. അതുവരെയും മുതലാളിത്തത്തിനെതിരെ ഘോരഘോരം പ്രസംഗങ്ങൾ നടത്തിയ ഇടതുമുന്നണി, പിന്നീട് തൊഴിലാളി സമരങ്ങളെയും ഹർത്താലുകളെയും പോലും തള്ളി പറയുന്ന നിലയുണ്ടായി.

ഇന്തോനേഷ്യയിലെ ബിസിനസ് ടാക്കൂണുകളായ സലിം ഗ്രൂപ്പിൻ്റെ നിക്ഷേപത്തിൽ, ഒരു കെമിക്കൽ ഹബ്ബ് പദ്ധതി രൂപീകരണമായിരുന്നു ബുദ്ധദേബ് സ്വപ്നം കണ്ടത്. പദ്ധതിക്കായി കർഷകരുടെ ഉടമസ്ഥതയിലുള്ള 10,000 ഏക്കറിലായിരുന്നു ബുദ്ധദേബ് സർക്കാറിൻ്റെ കണ്ണ്. എന്നാൽ, ആ ഭൂമി പദ്ധതിക്കായി അത്ര ഏളുപ്പത്തിൽ ലഭിക്കില്ലായിരുന്നു. മാവോയിസ്റ്റുകളുടെ പിന്തുണയോടെ ഭൂമി വിട്ടുതരില്ലെന്ന് ഉറപ്പിച്ച് കർഷകർ സർക്കാരിനെതിരെ സംഘടിച്ചു. ഈ സംഘർഷം കനത്തതോടെ സർക്കാർ പ്രതിസന്ധിയിലായി.

സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഭൂമി ഉച്ചദ് പ്രതിരോധ് കമ്മിറ്റി തീർത്ത കുഴി 

നന്ദിഗ്രാമിലെ കർഷക പ്രതിഷേധം

എന്നാൽ, അത്ര പെട്ടെന്ന് സ്വപ്ന പദ്ധതി വിട്ടുകളയാൻ സർക്കാർ തയ്യാറല്ലായിരുന്നു. സർക്കാരും മുന്നോട്ടുപോകാൻ ഉറച്ചു. ഇതോടെ 'ഭൂമി ഉച്ചദ് പ്രതിരോധ് കമ്മിറ്റി'യുടെ നേതൃത്വത്തിൽ കർഷകർ സമരം കൂടുതൽ സജീവമാക്കി. സമരക്കാരെ അടിച്ചമർത്താനായി 2007 ജനുവരിയിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞു. ഇത് നന്ദിഗ്രാമിനെ മുഴുവൻ പ്രകോപിപ്പിച്ചു. ആളുകളുടെ പ്രതിഷേധം ആളിക്കത്തി. ജനങ്ങളെ ശാന്തരാക്കാൻ സർക്കാരും പൊലീസും മാറിമാറി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അയ്യായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ അന്ന് നന്ദിഗ്രാമിൽ നിലയുറപ്പിച്ചു.

പ്രക്ഷോഭകർ കത്തിച്ച പൊലീസ് ജീപ്പ്

2007 മാർച്ച്‌ 14 ബംഗാളിൻ്റെ ചരിത്രത്തിലെ കറുത്തൊരേടായിരുന്നു. പിന്നോട്ടില്ലെന്ന് പൊലീസും ഗ്രാമീണരും മനസിലുറപ്പിച്ചിരുന്നു. മനുഷ്യമതിലുകൾ തീർത്തുകൊണ്ട് പ്രായഭേദമന്യേ ജനങ്ങൾ അന്ന് നന്ദിഗ്രാമത്തിൻ്റെ പ്രവേശന കവാടത്തിൽ തടിച്ചുകൂടി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഒടുവിൽ പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടിവെക്കാനാരംഭിച്ചു. അന്ന് 14 പേരാണ് ആ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പിന്നീടുണ്ടായ തുടർ പ്രക്ഷോഭങ്ങളിൽ ആകെ 27 പേർ രക്തസാക്ഷികളായി.

കൈകളിലെ രക്തക്കറ മായ്ക്കാൻ സിപിഎം ശ്രമം

വെടിവെപ്പ് കഴിഞ്ഞ് അഞ്ച് ദിവസങ്ങൾക്ക് ശേഷം, ഗ്രാമീണരുടെ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കാൻ ബുദ്ധദേബ് ഭട്ടാചാര്യക്കോ സിപിഎമ്മിനോ താൽപര്യമില്ലെന്നറിയിച്ച് പാർട്ടി പത്രകുറിപ്പ് പുറത്തിറക്കി. വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ പൂർണമായും തള്ളുന്നതായും പാർട്ടി അറിയിച്ചു. കൃത്യമായ തെളിവുകൾ നിരത്തിയായിരുന്നു പാർട്ടിയുടെ പ്രസ്താവന. "ഫെബ്രുവരി 9ന് തന്നെ നന്ദിഗ്രാമിലെ ജനങ്ങളുടെ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ജനങ്ങൾക്ക് ആവശ്യമില്ലെങ്കിൽ നിർദിഷ്ട കെമിക്കൽ ഹബ് മാറ്റുമെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിപിഎം പ്രവർത്തകരെ നാട്ടിൽ നിന്ന് ഒഴിപ്പിച്ചതിനാലും, പൊലീസും പ്രാദേശിക ഭരണകൂടവും പ്രദേശത്ത് ഇല്ലാത്തതിനാലുമാണ് കാര്യങ്ങൾ വഷളായതും, സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർന്നതും...," ഇങ്ങനെ നീളുന്നു പാർട്ടിയുടെ ന്യായീകരണങ്ങൾ.

ബുദ്ധദേബ് ഭട്ടാചാര്യക്ക് പങ്കില്ലെന്ന് സിബിഐ

നന്ദിഗ്രാം വെടിവെപ്പിൽ ബുദ്ധദേബ് ഭട്ടാചാര്യക്ക് പങ്കില്ലെന്ന് സിബിഐ കണ്ടെത്തി. ബുദ്ധദേബിൻ്റെ അനുമതിയോടെ അല്ല അന്ന് വെടിവെപ്പ് നടന്നതെന്ന് അന്വേഷണം നടത്തിയ സിബിഐ വ്യക്തമാക്കി. എന്നാൽ ബുദ്ധദേബ് സർക്കാരിനും സിപിഎമ്മിനും പതിറ്റാണ്ടുകൾ നീണ്ട ഭരണം നഷ്ടമാവാനുള്ള പ്രധാന ഘടകങ്ങിലൊന്നായി നന്ദിഗ്രാം സംഭവം മാറി. മുഖ്യ പ്രതിപക്ഷമായിരുന്ന തൃണമൂൽ കോൺഗ്രസ് നന്ദിഗ്രാമും, സമാന പ്രക്ഷോഭങ്ങളും രാഷ്ട്രീയ ആയുധമാക്കി. മമതയുടെ പദ്ധതികൾ വിജയം കണ്ടു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ തോറ്റ് പുറത്തായി. 24 വർഷം പ്രതിനിധീകരിച്ച യാദവ്പൂരിൽ നിന്ന് തന്നെ ബുദ്ധദേബ് പുറത്താക്കപ്പെട്ടു. 34 വർഷത്തിന് ശേഷം സംസ്ഥാനത്ത് ഇടതു മുന്നണിക്കും അടിപതറി.

സിംഗൂരും ടാറ്റയുടെ 'നാനോ കാർ' ഫാക്ടറിയും

സിഗൂരിലെ സംഭവങ്ങളും വ്യത്യസ്തമായിരുന്നില്ല. നാനോ കാർ ഫാക്ടറി ആരംഭിക്കാനെത്തിയ രത്തൻ ടാറ്റയ്ക്കും പശ്ചിമ ബംഗാളിൽ കണ്ണുണ്ടായിരുന്നു. ഹൂഗ്ലി ജില്ലയിലെ സിംഗൂരിനോടായിരുന്നു ടാറ്റയ്ക്ക് പ്രിയം. ബംഗാളിലെ തന്നെ ഏറ്റവും ഫലപുഷ്ടിയുള്ള പ്രദേശമാണ് സിംഗൂർ. കാർ ഫാക്ടറിക്കായി 977 ഏക്കർ സ്ഥലം വേണമെന്ന ടാറ്റയുടെ ആഗ്രഹം, ബുദ്ധദേബ് സർക്കാരും ഏറ്റെടുത്തതോടെ കർഷകരുടെ നെഞ്ച് തകർന്നു. സിപിഎം അനുഭാവികളായിട്ടു കൂടി കർഷകർ സർക്കാരിനെതിരെ നീങ്ങി.

തൃണമൂൽ കോൺഗ്രസും മാവോയിസ്റ്റുകളും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ പിന്നോട്ടടിച്ചതോടെ സിംഗൂർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മമതാ ബാനർജി, ഡിസംബർ നാലിന് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. സമരം നീണ്ടതോടെ മമത മരണത്തെ മുഖാമുഖം കണ്ടു. പിന്നീട് പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിനും രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിനും അടക്കം വിഷയത്തിൽ ഇടപെടേണ്ടി വന്നു. കർഷകരെ ചൊടിപ്പിച്ച ഈ പ്രക്ഷോഭവും മമതയ്ക്ക് വളമായി, സിപിഎമ്മിന് വിഷവും.

ലക്ഷ്യം വെച്ചത് വികസനം, പക്ഷേ... !!

നന്ദിഗ്രാമും സിംഗൂരിലെ സമാന സംഭവങ്ങളും ബുദ്ധദേബിനെ വളരെയധികം തളർത്തിയിരുന്നു. വികസനം ലക്ഷ്യം വെച്ച് നടത്തിയ പദ്ധതികൾക്ക് ഇത്ര വലിയ തിരിച്ചടി നേരിടുമെന്ന് ബുദ്ധദേബ് ഒരിക്കലും വിചാരിച്ചിരുന്നില്ല. ജനങ്ങളുടെ കൂടെ നിന്ന് ഭരിക്കാൻ ആഗ്രഹിച്ച ആ നേതാവിനെ പിന്നീട് ജനങ്ങൾ തന്നെ തള്ളിപ്പറഞ്ഞു. 2015ൽ സിപിഎം അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയിൽ നിന്നും ഒഴിവാക്കി. 2018ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും ബുദ്ധദേബ് പിൻമാറി. പാർട്ടിയെ താൻ താഴെയിറക്കിയെന്ന പാപഭാരം പേറിയായിരുന്നു പിന്നീട് മരണം വരെ ബുദ്ധദേബ് ജീവിച്ചത്. അന്ത്യവിശ്രമത്തിന് മുൻപായി പശ്ചിമ ബംഗാളിൽ ഇടതു മുന്നണി മുന്നേറ്റം കാണാൻ സാധിക്കാതെയാണ് മുതിർന്ന നേതാവ് യാത്രയായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com