ഉപതെരഞ്ഞെടുപ്പ് നടന്ന 46 സീറ്റുകളിൽ, ബിജെപിയും സഖ്യകക്ഷികളും 26 സീറ്റുകൾ നേടി
കേരളത്തിനൊപ്പം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന 13 സംസ്ഥാനങ്ങളിൽ മിക്കയിടത്തും ആധിപത്യം നിലനിർത്തി ഭരണകക്ഷികൾ. ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ സീറ്റുകൾ ബിജെപിയും സഖ്യകക്ഷികളും വിജയിച്ചപ്പോള്‍ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മേധാവിത്വം പുലർത്തി.
ഉപതെരഞ്ഞെടുപ്പ് നടന്ന 46 സീറ്റുകളിൽ, ബിജെപിയും സഖ്യകക്ഷികളും 26 സീറ്റുകൾ നേടി. കോൺഗ്രസിന് ഏഴ് സീറ്റുകൾ നേടിയപ്പോള്‍ തൃണമൂൽ കോൺഗ്രസ് ആറും ആം ആദ്മി പാർട്ടി മൂന്നും സമാജ്‌വാദി പാർട്ടി രണ്ട് സീറ്റുകളും നേടി. ഉത്തർപ്രദേശ്, രാജസ്ഥാൻ, അസം, ബിഹാർ, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തിസ്ഗഢ്, ഉത്തരാഖണ്ഡ്, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ നിയമസഭയിലേക്കും മഹാരാഷ്ട്രാ നന്ദേഡ് ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഉത്തർപ്രദേശിൽ ഒമ്പതിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒന്‍പതിൽ ആറ് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. രണ്ട് സീറ്റുകള്‍ എസ്പിയും ഒരു സീറ്റ് രാഷ്ട്രീയ ലോക്ദളും നേടി. യുപിയിലെ ഉജ്വല വിജയത്തിന് ശേഷം 'ഒരുമിച്ച് നിന്നാൽ സുരക്ഷിതരാകും' എന്ന വിവാദ പ്രസ്താവന വീണ്ടും ആവർത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'അസത്യത്തിനൊരു കാലമുണ്ടാകും ഒരു യുഗമുണ്ടാകില്ല' എന്ന് എസ്‌പി നേതാവ് അഖിലേഷ് യാദവും തിരിച്ചടിച്ചു. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ ഏഴ് മണ്ഡലങ്ങളിൽ വോട്ടെണ്ണി തീരുമ്പോൾ അഞ്ച് മണ്ഡലങ്ങളിലും ബിജെപി നേട്ടമുണ്ടാക്കി.
Also Read: മറാത്താ ശക്തർ ഇനി പിന്‍സീറ്റിലേക്ക്; ജനവിധിയിൽ തകർന്നടിഞ്ഞ് മഹാവികാസ് അഘാഡി
ആർജി കർ ആശുപത്രിയും ബലാത്സംഗ കൊലയില്‍ മമത സർക്കാരിനെതിരെ പ്രതിഷേധങ്ങള്‍ നിലനിൽക്കുമ്പോഴും ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ആധിപത്യം നിലനിർത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളിൽ തൃണമൂൽ ഏകപക്ഷീയമായ വിജയം നേടി. സംസ്ഥാനത്തെ 4 മണ്ഡലങ്ങള്‍ നിലനിർത്തിയപ്പോൾ രണ്ടെണ്ണം പിടിച്ചെടുത്തു. അസമിലെ 5അഞ്ച് മണ്ഡലങ്ങളിൽ മൂന്നിടത്താണ് ബിജെപി മത്സരിച്ചത്. മൂന്നിലും ബിജെപിയാണ് മുന്നിൽ. ബിഹാറിൽ നാല് മണ്ഡലങ്ങളിൽ രണ്ടിടത്തും ബിജെപി വിജയിച്ചു. ഇമാംഗഞ്ചിൽ ഹിന്ദുസ്ഥാനി അവാം മോർച്ചയും ബേലാ ഗഞ്ചിൽ ജനതാദളുമാണ് മുന്നിൽ.
കർണാടകയിലെ മൂന്ന് മണ്ഡലങ്ങളിൽ ജനം വിധിയെഴുതിയപ്പോൾ കോൺഗ്രസ് ആധിപത്യമാണ് കാണുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ മൂന്നിടത്തും കോൺഗ്രസ് വിജയകൊടി പാറിച്ചപ്പോൾ ബിജെപി-ജെഡിഎസ് സഖ്യത്തിന് തിരിച്ചടിയായി. ചന്നപ്പട്ടയിൽ ജെഡിഎസ് മൂന്നാം തലമുറ നേതാവും കുമാരസ്വാമിയുടെ മകനുമാണ് എൻഡിഎ ടിക്കറ്റിൽ മത്സരിച്ചത്. പക്ഷേ വിജയിച്ചില്ല.
Also Read: മഹായുദ്ധത്തിൽ വിജയം കൈവരിച്ച് മഹായുതി; പ്രതാപം ചോർന്ന ശരദ് പവാർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമോ?
പഞ്ചാബിൽ നാലുമണ്ഡലങ്ങളിൽ മൂന്നിടത്തും ആം ആദ്മി ആധിപത്യമുറപ്പിച്ചു. ബർണാലയിൽ മാത്രം ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിജയിച്ചു. മധ്യപ്രദേശിൽ ഓരോ മണ്ഡലങ്ങളിലായി കോൺഗ്രസും ബിജെപിയും ജയം ഉറപ്പിച്ചു. സിക്കിമിൽ രണ്ട് മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ സിക്കിം ക്രാന്തികാർ മോർച്ച വിജയിച്ചു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മേഖാലയ, ഛത്തീസ്ഖണ്ഡ്, എന്നിവിടങ്ങളിൽ ഓരോ മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. ഉത്തരാഖണ്ഡിൽ ബിജെപിയും നാഷണൽ പീപ്പിൾസ് പാർട്ടിയും ഛത്തിസ്ഗഢിൽ ബിജെപിയും വിജയിച്ചു.