ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കാൻ വഴിയൊരുക്കുന്നതിനായി ഉന്നത സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി നീക്കം ചെയ്തതിൽ അദ്ദേഹം തൃപ്തനല്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു
ബിജെപിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറൻ. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ (ഐജിഐ) എയർപോർട്ടിൽ എത്തിയ ചംപയ് സോറൻ, കൂറുമാറ്റ സാധ്യതയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെയും ആരോപണങ്ങളെയും തള്ളി. വ്യക്തിപരമായ ജോലികൾക്കായാണ് ഇവിടെ വന്നതെന്നും ചംപയ് സോറൻ മറുപടി പറഞ്ഞു.
ആറ് എംഎൽഎമാർക്കൊപ്പം ചംപയ് സോറൻ ഡൽഹിയിലേക്ക് പുറപ്പെട്ടുവെന്നും, ബിജെപിയിലെ മുതിർന്ന നേതാക്കളെ ബന്ധപ്പെടുന്നുണ്ടെന്നും എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോറൻ കുടുംബത്തിൻ്റെ അടുത്ത സഹായിയായ ചംപയ് സോറൻ, ബിജെപിയിൽ ചേരാൻ ആലോചിക്കുന്നതായി നിരവധി ദേശീയ മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിട്ടുണ്ട്. ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കാൻ വഴിയൊരുക്കുന്നതിനായി ഉന്നത സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി നീക്കം ചെയ്തതിൽ അദ്ദേഹം തൃപ്തനല്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ALSO READ: ചംപായ് സോറൻ ബിജെപിയിലേക്ക്? എംഎൽഎമാർക്കൊപ്പം ഡൽഹിയിലേക്ക് പറന്നു; അട്ടിമറി നീക്കമെന്ന് സംശയം
ഭൂമി തട്ടിപ്പ് കേസിൽ കഴിഞ്ഞ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്നോടിയായി തന്നെ ഹേമന്ത് സോറൻ തൻ്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയെന്ന പേര് ഉണ്ടാവാതിരിക്കാനായിരുന്നു രാജി. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു ഹേമന്ത് സോറനെതിരായ കേസ്. അദ്ദേഹം രാജിവെച്ചതോടെ ചംപയ് സോറൻ ജാർഖണ്ഡ‍് മുഖ്യമന്ത്രിയായി.
അഞ്ച് മാസത്തിന് ശേഷം കഴിഞ്ഞ ജൂൺ 28നാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത്. ഇതോടെ വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്താനുള്ള നീക്കത്തിലായിരുന്നു. റാഞ്ചിയിൽ ഇന്ത്യ സഖ്യത്തിലെ എംഎൽഎമാർ ചേർന്ന യോഗത്തിൽ സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ തീരുമാനമെടുത്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ചംപയ് സോറൻ മുഖ്യമന്ത്രി പദത്തിൽ നിന്നും രാജിവെപ്പിക്കുകയായിരുന്നു.
ALSO READ: മുംബൈയിലെ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് മര്‍ദനം; ആക്രമിച്ചത് മദ്യ ലഹരിയിലെത്തിയ രോഗി
ഈ തീരുമാനത്തിൽ ചംപയ് സോറൻ തൃപ്തനായിരുന്നില്ല. ജെഎംഎമ്മിൻ്റെ നിയമസഭാ കക്ഷി യോഗത്തിൽ വെച്ച് ചംപയ് സോറൻ ഈ തീരുമാനത്തിൽ തനിക്ക് അപമാനം അനുഭവപ്പെടുന്നതായി പറഞ്ഞെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇത് വകവെക്കാതെ പാർട്ടി ഹേമന്ത് സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ചംപയ് സോറനെ ജെഎംഎമ്മിൻ്റെ എക്സിക്യൂട്ടീവ് പ്രസിഡൻ്റായി നിയമിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് നാടകീയമായി ബിജെപിയിൽ ചേരുമെന്ന സൂചനകൾ പുറത്തുവന്നതും ചംപയ് സോറൻ തൻ്റെ നിലപാട് വ്യക്തമാക്കിയതും.