ചംപായ് സോറൻ ബിജെപിയിലേക്ക്? എംഎൽഎമാർക്കൊപ്പം ഡൽഹിയിലേക്ക് പറന്നു; അട്ടിമറി നീക്കമെന്ന് സംശയം

ആറ് എംഎൽഎമാർക്കൊപ്പം ചംപായ് സോറൻ ഡൽഹിയിലേക്ക് പുറപ്പെട്ടുവെന്നും, ബിജെപിയിലെ മുതിർന്ന നേതാക്കളെ ബന്ധപ്പെടുന്നുണ്ടെന്നും എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്
ചംപായ് സോറൻ ബിജെപിയിലേക്ക്? എംഎൽഎമാർക്കൊപ്പം ഡൽഹിയിലേക്ക് പറന്നു; അട്ടിമറി നീക്കമെന്ന് സംശയം
Published on


ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും, ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുതിർന്ന നേതാവുമായ ചംപായ് സോറനും ചില എംഎൽഎമാരും ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ആറ് എംഎൽഎമാർക്കൊപ്പം ചംപായ് സോറൻ ഡൽഹിയിലേക്ക് പുറപ്പെട്ടുവെന്നും, ബിജെപിയിലെ മുതിർന്ന നേതാക്കളെ ബന്ധപ്പെടുന്നുണ്ടെന്നും എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. 12.15ന് അദ്ദേഹവും ജെഎംഎം എംഎൽഎമാരും ഡൽഹിയിൽ വിമാനമിറങ്ങും.

എന്നാൽ, ജാർഖണ്ഡ് മുക്തി മോർച്ച ഈ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ മുതിർന്ന നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനുമായി ചംപായ് സോറൻ തുടർച്ചയായി ബന്ധപ്പെടുന്നതാണ് അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാകാൻ കാരണം. സോറൻ്റെ ഡൽഹി സന്ദർശന സമയവും ചൗഹാനുമായുള്ള ആശയവിനിമയവും മുൻ മുഖ്യമന്ത്രി തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു സുപ്രധാന മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യമുയർത്തുന്നുണ്ട്.


സോറൻ കുടുംബത്തിൻ്റെ അടുത്ത സഹായിയായ ചംപായി സോറൻ, ബിജെപിയിൽ ചേരാൻ ആലോചിക്കുന്നതായി നിരവധി ദേശീയ മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടു. ഹേമന്ത് സോറനെ മുഖ്യമന്ത്രിയാകാൻ വഴിയൊരുക്കുന്നതിനായി ഉന്നത സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി നീക്കം ചെയ്തതിൽ അദ്ദേഹം തൃപ്തനല്ലെന്നാണ് റിപ്പോർട്ട്. 

ഭൂമി തട്ടിപ്പ് കേസിൽ കഴിഞ്ഞ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്നോടിയായി തന്നെ ഹേമന്ത് സോറൻ തൻ്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയെന്ന പേര് ഉണ്ടാവാതിരിക്കാനായിരുന്നു രാജി. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു ഹേമന്ത് സോറനെതിരായ കേസ്. അദ്ദേഹം രാജിവെച്ചതോടെ ചംപായ് സോറൻ ജാ‍ർഖണ്ഡ‍് മുഖ്യമന്ത്രിയായി.

അഞ്ച് മാസത്തിന് ശേഷം കഴിഞ്ഞ ജൂൺ 28നാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത്. ഇതോടെ വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്താനുള്ള നീക്കത്തിലായിരുന്നു. റാഞ്ചിയിൽ ഇന്ത്യ സഖ്യത്തിലെ എംഎൽഎമാർ ചേർന്ന യോഗത്തിൽ സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ തീരുമാനമെടുത്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ചംപായ് സോറൻ മുഖ്യമന്ത്രി പദത്തിൽ നിന്നും രാജിവെപ്പിക്കുകയായിരുന്നു.

ഈ തീരുമാനത്തിൽ ചംപായ് സോറൻ തൃപ്തനായിരുന്നില്ല. ജെഎംഎമ്മിൻ്റെ നിയമസഭാ കക്ഷി യോഗത്തിൽ വെച്ച് ചംപായ് സോറൻ ഈ തീരുമാനത്തിൽ തനിക്ക് അപമാനം അനുഭവപ്പെടുന്നതായി പറഞ്ഞെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇത് വകവെക്കാതെ പാർട്ടി ഹേമന്ത് സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ചംപായ് സോറനെ ജെഎംഎമ്മിൻ്റെ എക്സിക്യൂട്ടീവ് പ്രസിഡൻ്റായി നിയമിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് നാടകീയമായി ബിജെപിയിൽ ചേരുമെന്ന സൂചനകൾ പുറത്തുവരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com