ആഗോളതാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും റിപ്പോർട്ട്
ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാനുള്ള ലക്ഷ്യത്തില്‍ നിന്ന് ലോകമിപ്പോഴും ഏറെ അകലെയെന്ന് ഐക്യരാഷ്ട്രസഭയുടെ കോപ് സമ്മേളനം. 2024ലും റെക്കോർഡ് വർധനയിലാണ് കാർബൺ ബഹിർഗമനം. ആഗോളതാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും റിപ്പോർട്ട്.
കാർബൺ ബഹിർഗമനം കുറയ്ക്കുമെന്ന് ഒരു വർഷം മുമ്പ് ദുബായിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനം പ്രതിജ്ഞയെടുത്തെങ്കിലും, നേർവിപരീതമാണ് ഒരു വർഷത്തിനിപ്പുറമുള്ള ഫലം. കാലാവസ്ഥാനിരീക്ഷണ റിപ്പോർട്ടായ ഗ്ലോബൽ കാർബൺ ബജറ്റ് അനുസരിച്ച്, 2024ല്‍ 0.8 ശതമാനം അധികം, ഏകദേശം 4 ദശലക്ഷം ടൺ കാർബണാണ് പുറന്തള്ളപ്പെടുക. 2.4 ശതമാനം അധികം വാതകവും, 0.9 ശതമാനം അധികം എണ്ണയും, 0.2 ശതമാനം അധികം കല്‍ക്കരിയുമാണ് ഈ വർഷം കത്തി കാർബൺ പുറന്തള്ളുക. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി നിയന്ത്രിക്കുന്നതിന്, 2030ഓടെ കാർബണ്‍ ബഹിർഗമനം 43 ശതമാനം കുറയ്ക്കണം, എന്നിരിക്കെയാണ് തിരിച്ചടി സൂചിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ALSO READ: COP 29 | ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം; ലോകനേതാക്കൾ അസർബൈജാനിൽ
പുനരുപയോഗ ഊർജ്ജങ്ങളും ഇലക്ട്രിക് വാഹനങ്ങളും ജനപ്രീതിയിൽ എത്തിക്കാനായതാണ് കഴിഞ്ഞ ദശാബ്ദത്തില്‍ കാർബൺ ബഹിർഗമനം കുറയ്ക്കാന്‍ സഹായിച്ചത്. ഈ മാതൃകയില്‍ നിന്നാണ് ഫോസിൽ ഇന്ധനങ്ങളില്‍ നിന്നുള്ള പിന്മാറ്റമെന്ന ചരിത്രപരമായ നീക്കത്തിലേക്ക് കോപ് 28 സമ്മേളനം കെെകോർത്തത്. എന്നാൽ ഈ വാക്ക് പാലിക്കപ്പെട്ടില്ല. ഉഷ്ണതരംഗങ്ങളും വെള്ളപ്പൊക്കങ്ങളും കൊടുങ്കാറ്റുകളും പിന്നിട്ട 2024, കാർബർ ബഹിർഗമനത്തില്‍ റെക്കോർഡിടുകയാണ് ഉണ്ടായത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2024 മാറുമെന്നും ഐക്യരാഷ്ട്രസഭാ കാലാവസ്ഥാനിരീക്ഷണ സമിതി വ്യക്തമാക്കുന്നു.
കാർബൺ ബഹിർഗമനത്തിൽ ഒന്നാം സ്ഥാനത്ത് ചൈനയും, രണ്ടാം സ്ഥാനത്ത് അമേരിക്കയുമാണ്. അതേസമയം, ബഹിർഗമനത്തിൽ 80 ശതമാനവും വികസിത രാജ്യങ്ങളില്‍ നിന്നാണ്. പുനരുപയോഗ ഊർജ്ജം വികസിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുമ്പോഴും, വ്യാവസായിക മലിനീകരണത്തില്‍ ചെെന ഭീഷണിയായി തുടരുകയാണ്. എല്‍ നീനോയും വരള്‍ച്ചയും തുടർച്ചയായ കാട്ടൂതീകളും ബ്രസീൽ, ഇന്തോനേഷ്യ, കോംഗോ എന്നീ രാജ്യങ്ങളില്‍ വ്യാപക വനനാശമുണ്ടാക്കിയതും, 2024നെ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വികസ്വര രാജ്യങ്ങളെ പരിസ്ഥിതി അനുകൂല ജീവിതശെെലിയിലേക്ക് എത്തിക്കുന്നതിന് പ്രതിവർഷം ട്രില്ല്യന്‍ ഡോളർ സമാഹരിക്കുന്നതില്‍ ശ്രദ്ധകേന്ദീകരിക്കുമെന്നും അസർബെെജാനിലെ സമ്മേളനത്തില്‍ തീരുമാനമുണ്ടായി.
ALSO READ: കൊറിയയില്‍ നിന്നും യുഎസ്സിലെത്തിയ 4 ബി മുന്നേറ്റം; ട്രംപിന് വെല്ലുവിളിയാകുമോ?