കാലാവസ്ഥ പ്രതിസന്ധിയുടെ ആഘാതങ്ങളെ നേരിടാൻ വികസ്വര, അവികസിത രാജ്യങ്ങൾക്ക് പ്രതിവർഷം 300 ബില്യൺ യുഎസ് ഡോളർ നൽകുമെന്നാണ് ഉച്ചകോടിയിൽ തീരുമാനിച്ചത്
അസർബൈജാനിലെ കാലാവസ്ഥ ഉച്ചകോടിയിലെ സാമ്പത്തിക സഹായത്തിൽ വിമർശനം ഉയരുന്നു. കാലാവസ്ഥ പ്രതിസന്ധിയുടെ ആഘാതങ്ങളെ നേരിടാൻ വികസ്വര, അവികസിത രാജ്യങ്ങൾക്ക് പ്രതിവർഷം 300 ബില്യൺ യുഎസ് ഡോളർ നൽകുമെന്നാണ് ഉച്ചകോടിയിൽ തീരുമാനിച്ചത്. ഈ തുക അപര്യാപ്തമാണെന്നാണ് ഉയരുന്ന വിമർശനം.
കാലാവസ്ഥ പ്രതിസന്ധിയുടെ ആഘാതങ്ങളെ നേരിടാൻ പ്രതിവർഷം വികസിത രാജ്യങ്ങൾ അനുവദിക്കുന്ന 300 ബില്യൺ ഡോളർ സാമ്പത്തിക സഹായത്തിനെതിരെയാണ് വിമർശനമുയരുന്നത്. അവികസിത രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കുമായി അനുവദിക്കുന്ന ഈ സാമ്പത്തിക സഹായം അപര്യാപ്തമാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. രണ്ടാഴ്ചയോളം നീണ്ടുനിന്ന കാലാവസ്ഥ ഉച്ചകോടിയുടെ ഒടുവിലാണ് സാമ്പത്തിക സഹായത്തിൽ തീരുമാനമായത്.
ALSO READ: COP 29 | ഫോസിൽ ഇന്ധന ഉപഭോഗത്തിൽ കുറവുവരുത്താനായില്ല; റെക്കോർഡ് വർധനയെന്ന് ഉച്ചകോടി
ആഗോള മലിനീകരണത്തിൻ്റെ 80 ശതമാനത്തിൻ്റെയും ഉത്തരവാദികളായ വികസിത രാജ്യങ്ങൾ അനുയോജ്യമായ രീതിയിലുള്ള സാമ്പത്തിക സഹായം നൽകുന്നില്ലെന്ന് വിമർശനം ഉന്നയിക്കുന്നു. ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ ഇന്ത്യയും പ്രതിഷേധം രേഖപ്പെടുത്തി. മിഥ്യാധാരണ സൃഷ്ടിക്കുന്ന രേഖ മാത്രമാണിതെന്നും രാജ്യങ്ങൾ നേരിടുന്ന യഥാർഥ വെല്ലുവിളിക്ക് അനുയോജ്യമായ തുകയല്ല ഇതെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. അതിനാൽ ഈ രേഖ സ്വീകരിക്കുന്നതിനെ എതിർക്കുകയാണെന്നും ചാന്ദ്നി റെയ്ന സമ്മേളനത്തിൽ വിശദീകരിച്ചു.