കെജ്‌രിവാളിനെതിരായ കുറ്റപത്രം വിചാരണക്കോടതി അംഗീകരിച്ചതിനെതിരെയുള്ള ഹർജിയിൽ ഇഡിക്ക് കോടതി നോട്ടീസ് അയച്ചു
ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ വിചാരണ നടപടികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. കെജ്‌രിവാളിനെതിരായ കുറ്റപത്രം വിചാരണക്കോടതി അംഗീകരിച്ചതിനെതിരെയുള്ള ഹർജിയിൽ ഇഡിക്ക് കോടതി നോട്ടീസ് അയച്ചു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ പ്രോസിക്യൂഷൻ പരാതികൾ പരിഗണിക്കാനുള്ള വിചാരണ കോടതിയുടെ തീരുമാനത്തിനെതിരെ കെജ്‌രിവാൾ കഴിഞ്ഞദിവസമാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
ALSO READ: ഓഹരിവിപണിയില്‍ തകർന്നടിഞ്ഞ് ഗൗതം അദാനി; ആസ്തിയിൽ ഒറ്റദിവസം ഉണ്ടായത് ഒരു ലക്ഷം കോടിയുടെ ഇടിവ്
ഡൽഹി മുഖ്യമന്ത്രിയും പൊതുപ്രവർത്തകനുമായിരിക്കെ പ്രോസിക്യൂഷന് അനുമതിയില്ലാത്ത സാഹചര്യത്തിലായിരുന്നു, പ്രത്യേക ജഡ്ജി കുറ്റപത്രം പരിഗണിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാൻ കെജ്‌രിവാൾ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഹർജി പരിഗണിച്ച കോടതി, വിചാരണ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. അതേസമയം ഹർജിയിൽ ജസ്റ്റിസ് മനോജ് കുമാർ ഒഹ്റി അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയച്ചു. ഹർജിയിൽ മറുപടി നൽകാൻ ഇഡിക്ക് സമയം അനുവദിച്ചിട്ടുണ്ട്.
കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകരായ എൻ. ഹരിഹരനും, റബേക്ക എം. ജോണും, ഇഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. പ്രോസിക്യൂഷൻ അനുമതിയുണ്ടെന്നും വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്നും തുഷാർ മേത്ത പറഞ്ഞു. എന്നാൽ, കെജ്‌രിവാളിനെതിരായ ഇഡിയുടെ ഏഴാമത്തെ അനുബന്ധ കുറ്റപത്രം ആറാമത്തെ കുറ്റപത്രത്തിന് സമാനമാണെന്നും പുതിയ തെളിവുകളോ സാക്ഷികളോ ഇല്ലെന്നും, കുറ്റപത്രം നിയമപരമായി അസാധുവാണെന്നും ഹരിഹരൻ വാദിച്ചു. എന്നാൽ അത്തരം അവകാശവാദങ്ങൾ വിചാരണ കോടതി നേരത്തെ തന്നെ തള്ളിയിരുന്നതായി മേത്ത വാദിച്ചു. വാദം കേട്ട കോടതി കേസ് പരിഗണിക്കുന്നത് ഡിസംബർ 20 ലേക്ക് മാറ്റി.