ഇന്ത്യൻ ബന്ധമുള്ള വിവേക് രാമസ്വാമിയേയും ടെക് ഭീമൻ ഇലോൺ മസ്‌കിനേയും കാര്യക്ഷമത വകുപ്പിൻ്റെ തലവന്മാരായി ട്രംപ് നേരത്തെ നിയമിച്ചിരുന്നു
ഡൊണാൾഡ് ട്രംപും മാർക്കോ റൂബിയോയും
രണ്ടാം തവണ പ്രസിഡൻ്റ് സ്ഥാനത്ത് എത്തിയതിന് പിന്നാലെ സ്വന്തം കാബിനറ്റിലെ സുപ്രധാന പദവികളിൽ വിശ്വസ്തരെ നിയമിച്ച് ഡൊണാൾഡ് ട്രംപ്. ചീഫ് ഓഫ് സ്റ്റാഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, നാഷണൽ ഇൻ്റലിജൻസ് ഏജൻസി ഡയറക്ടർ എന്നി പദവികളിലേക്കാണ് ട്രംപ് വിശ്വസ്തരെ നിയമിച്ചിരിക്കുന്നത്. മാർക്കോ റൂബിയോ, തുൾസി ഗബ്ബാർഡ്, മാറ്റ് ഗേറ്റ്സ് എന്നിവർക്കാണ് സുപ്രധാന ചുമതലകൾ. ഇന്ത്യൻ ബന്ധമുള്ള വിവേക് രാമസ്വാമിയേയും ടെക് ഭീമൻ ഇലോൺ മസ്‌കിനേയും കാര്യക്ഷമത വകുപ്പിൻ്റെ തലവന്മാരായി ട്രംപ് നേരത്തെ നിയമിച്ചിരുന്നു.
ഫ്ലോറിഡയിൽ നിന്നുള്ള സെനറ്ററായ മാർക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. ഈ പദവിയിൽ എത്തുന്ന ആദ്യ ലറ്റിനോ വംശജൻ കൂടിയാണ് മാർക്കോ റൂബിയോ. 'നിർഭയനായ പോരാളി' എന്നും 'റിപ്പബ്ലിക്കൻ സഖ്യകക്ഷികളുടെ യഥാർഥ സുഹൃത്തെ'ന്നുമാണ് റൂബിയോയെ ട്രംപ് വിശേഷിപ്പിച്ചത്. യുക്രെയ്നിന് അമേരിക്ക നൽകുന്ന സൈനിക സഹായത്തെ എതിർക്കാനും, ഇസ്രായേൽ ഉൾപ്പെടെയുള്ള മറ്റ് യുഎസ് പങ്കാളികളെ പിന്തുണയ്ക്കാനും വോട്ട് ചെയ്ത 15 റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ഒരാളായിരുന്നു റൂബിയോ.
റഷ്യ കൈക്കലാക്കിയ പ്രദേശങ്ങൾ വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, രാജ്യവുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പിലെത്താൻ യുക്രെയ്ൻ ശ്രമിക്കണമെന്നായിരുന്നു റൂബിയോ സമീപകാല അഭിമുഖങ്ങളിൽ പറഞ്ഞത്. ഗാസ യുദ്ധത്തിലും, ഡൊണാൾഡ് ട്രംപിന് സമാനമായ നിലപാടുകളാണ് റൂബിയോ സ്വീകരിച്ചത്. ഹമാസ് എന്ന 'തീവ്രവാദ സംഘടന'യെ ഉന്മൂലനം ചെയ്യാൻ ആവശ്യമായ സൈനിക സാമഗ്രികൾ ഇസ്രായേലിന് നൽകുകയെന്നതാണ് അമേരിക്കയുടെ കർത്തവ്യമെന്നും റൂബിയോ പറഞ്ഞിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് കൂറുമാറിയ തുൾസി ഗാബാർഡാണിനാണ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പദവി. 2020ലെ യുഎസ് തെരഞ്ഞെടുപ്പിന് ശേഷം ഡെമോക്രാറ്റിക് പാർട്ടി വിടുകയും, ട്രംപിൻ്റെ പിന്തുണയോടെ സ്വയം സെലിബ്രിറ്റിയായി പ്രഖ്യാപിക്കുകയും ചെയ്ത നേതാവാണ് തുൾസി ഗബ്ബാർഡ്. പാർട്ടി വിടുന്നതിന് മുൻപായി, 2013 മുതൽ 2021 വരെ ഹവായിയിലെ ഡെമോക്രാറ്റിക് പ്രതിനിധിയായി തുൾസി ഗബ്ബാർഡ് സേവനമനുഷ്ഠിച്ചിരുന്നു.
പേരിനാൽ പലപ്പോഴും ഇന്ത്യൻ വംശജയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് തുൾസി ഗബ്ബാർഡ്. യുദ്ധവും സൈനിക ഇടപെടലും സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടി വിടാനുള്ള കാരണങ്ങളായി അവർ ചൂണ്ടിക്കാണിച്ചത്. 2019-ൽ, കമലാ ഹാരിസിനെ വെല്ലുവിളിച്ച് ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥിത്വത്തിനുള്ള ശ്രമവും തുൾസി ഗബ്ബാർഡ് നടത്തിയിരുന്നു. കമല ഹാരിസുമായുള്ള സംവാദത്തിലുൾപ്പെടെ ട്രംപ് തുൾസി ഗബ്ബാർഡിൻ്റെ സഹായം തേടിയിരുന്നതായാണ് റിപ്പോർട്ടുകൾ.
ALSO READ: ഫോക്സ് ന്യൂസ് അവതാരകനും വൈറ്റ് ഹൗസിലേക്ക്; ട്രംപിൻ്റെ ഡിഫൻസ് സെക്രട്ടറിയാകും
മാറ്റ് ഗേറ്റ്സാണ് അറ്റോർണി ജനറൽ പദവിയിലേക്ക് എത്തുന്നത്. ട്രംപിന്റെ വിശ്വസ്തനും ഫ്ളോറിഡയൽ നിന്നുള്ള ജനപ്രതിനിധിയുമാണ് മാറ്റ് ഗേറ്റ്സ്. നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗേറ്റ്സിനെ അറ്റോണി ജനറലായി നിയമിച്ചതിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഫോക്‌സ് ന്യൂസിൻ്റെ വാർത്ത അവതാരകനായ പീറ്റ് ഹെഗ്സ്സേത്താണ് ട്രംപ് വൈറ്റ് ഹൗസിലെ പുതിയ പ്രതിരോധ സെക്രട്ടറി. ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി കൃതി നോയത്തെയും തെരഞ്ഞെടുത്തു.