fbwpx
വെല്ലുവിളികളെ മലർത്തിയടിച്ച പോരാട്ടവീര്യം, വിനേഷ്, ദി സൂപ്പർ ഹീറോയിൻ
logo

റോഷിന്‍ രാഘവ്

Posted : 07 Aug, 2024 09:44 PM

കഴിഞ്ഞ വർഷം രാജ്യത്തെയൊട്ടാകെ പ്രതിസന്ധിയിലാക്കി ​വലിയ ലോ​ക വേദികളിളെ ഇളക്കിമറിച്ച ​ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോൾ അതിന്റെ മുൻ പന്തിയിലുണ്ടായിരുന്നു വിനേഷ്

PARIS OLYMPICS

പാരിസിലേക്ക് പറക്കും മുമ്പ് ഏവരോടും ഞാൻ ഒന്നേ പറഞ്ഞുള്ളൂ.. എന്തുവില കൊടുത്തും ഞാൻ പോരാടും. ബജ്രം​ഗിന്റെയും സാക്ഷിയുടെയും കണ്ണുകളിൽ നോക്കി എനിക്ക് പറയണം, ഞാൻ മെഡൽ നേടി എന്ന്. അവർക്ക് രണ്ടുപേർക്കും ഒളിംപിക് മെഡലുകളുണ്ട്. എനിക്കതില്ല. ഞാൻ പരിശ്രമിച്ചാൽ, എനിക്ക് മെഡൽ നേടാൻ സാധിക്കും. ഒരാൾക്കും എന്നെ തടയാൻ സാധിക്കില്ല. പാരിസ് ഒളിംപിക്സിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ വിനേഷ് ഫോ​ഗഡ് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഒരു മെഡൽ വേണം എന്നത് വിനേഷിന്റെ മാത്രം ആവശ്യമായിരുന്നില്ല. ‌മുഴുവൻ രാജ്യത്തിന്റേതുമായിരുന്നു. കഴിഞ്ഞ വർഷം രാജ്യത്തെയൊട്ടാകെ പ്രതിസന്ധിയിലാക്കി ​വലിയ ലോ​ക വേദികളിളെ ഇളക്കിമറിച്ച ​ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോൾ അതിന്റെ മുൻ പന്തിയിലുണ്ടായിരുന്നു വിനേഷ്. ശേഷം ഒരുപാട് വെല്ലുവിളികളിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഇന്ന് വിനേഷ് ലോക കായിക മാമാങ്കത്തിന്റെ അ​ഗാഡയിൽ നിൽക്കുന്നത്.


സാങ്കേതിക പിഴവ് മൂലമാണ് വിനേഷിന് 50 കെജി വനിതാ വിഭാ​ഗം ​ഗുസ്തി ഫൈനലിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് വാദം. പക്ഷെ, ഒരു മെഡൽ കൊണ്ട് മാത്രം നമുക്ക് ആ പ്രതിഭയെ അളക്കാൻ സാധിക്കില്ല. അതിന് യോ​ഗ്യരല്ല ഒരാളും. ലോകോത്തര താരങ്ങളെയെല്ലാം മലർത്തിയടിച്ചാണ് വിനേഷ് തന്റെ യാത്ര അവസാന സ്റ്റേജിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസത്തെ വിനേഷിന്റെ അവിസ്മരണീയ പ്രകടനം കണ്ട്, മുൻ ഒളിംപ്യൻ ബജ്രം​ഗ് പുനിയ പറഞ്ഞത് ഇപ്രകാരമായിരുന്നു.. ഇന്ത്യയുടെ പെൺ സിംഹമാണ് വിനേഷ്. നാല് തവണ ലോകചാംപ്യൻഷിപ്പ് നേടിയ, ഒളിംപിക് മെഡലുകൾ നേടിയിട്ടുള്ള ലോകോത്തര താരങ്ങളെയാണ് അവർ തോൽപ്പിച്ചത്. എന്നാൽ, ഈ പെൺകുട്ടി സ്വന്തം രാജ്യത്ത് ചവിട്ടിയരയ്ക്കപ്പെട്ടിട്ടുണ്ട്. ഈ പെൺകുട്ടിയെ അവളുടെ രാജ്യത്തെ തെരുവുകളിലൂടെ വലിച്ചിഴച്ചിട്ടുണ്ട്. ഈ പെൺകുട്ടി ലോകം കീഴടക്കാൻ പോവുകയാണ്, പക്ഷെ, രാജ്യത്തിന്റെ വ്യവസ്ഥിതിയ്ക്ക് മുന്നിൽ തോറ്റുപോയവളാണ്..

Also Read : വിനേഷിൻ്റെ അയോഗ്യത; ചതിയോ അട്ടിമറിയോ? രാഷ്ട്രീയചര്‍ച്ചകളും ചൂടുപിടിക്കുന്നു

ബജ്രം​ഗ് പൂനിയ പറഞ്ഞതുപോലെ, തെരുവുകളിൽ വലിച്ചിഴയ്ക്കപ്പെട്ടവളാണ്. ചവിട്ടി തേയ്ക്കപ്പെട്ടവളാണ്. കുത്തുവാക്കുകളാൽ മുറിവേറ്റവളാണ്. അങ്ങനെ എല്ലാം നിശ്ചയദാർഡ്യമൊന്നുകൊണ്ട് നീന്തിക്കയറി അവർ ലോക കായിക മാമാങ്കത്തിനെത്തി. തന്റെ പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിങ്ങിയ ദം​ഗ​ൽ എന്ന ചിത്രത്തെക്കാൾ വലിയ നാടകീയതകളിലൂടെ ജീവിതം കടന്നുപോകുമ്പോഴും, വിനേഷ് ഒരിക്കലും തലതാഴ്ത്തേണ്ട താരമല്ല. തലയുയർത്തി തന്നെ പറയാം, വിനേഷ് ഈസ് ദി സൂപ്പർ ഹീറോയിൻ ഓഫ് ഇന്ത്യ. ലോക ഒന്നാം നമ്പർ താരം യുയി സുസാകി, യുക്രെയ്ൻ, ക്യൂബ എന്നീ രാജ്യങ്ങളുടെ സൂപ്പർ താരങ്ങൾ എന്നിവരെയെല്ലാം പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫൈനലിലേക്ക് കുതിച്ചത്. ഒരു ദിവസത്തിൽ നേടാനാകുന്നതിൽ വച്ച് ഏറ്റവും മികച്ച നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ട്. പക്ഷെ, 100 ​ഗ്രാം. ആ 100 ​ഗ്രാമിന് ഇന്ത്യയുടെ സുവർണ സ്വപ്നങ്ങളുടെ പാപഭാരവും കൂടി പേറാനുണ്ടായിരുന്നു.


ശനിയാഴ്ച രാത്രി രണ്ട് കിലോയുടെ അധികഭാരമുണ്ടായിരുന്നു വിനേഷിന്. പക്ഷെ, ജോഗിങ്, സ്‌കിപ്പിങ്, സൈക്ലിങ് എന്നിവ നടത്തി അവർ തന്നെത്തന്നെ പാകപ്പെടുത്തുന്നുണ്ടായിരുന്നു. നിർഭാ​ഗ്യം ചതിച്ചെങ്കിലും, വിനേഷിന്റെ പാരിസ് ഒളിംപിക്സ് യാത്ര ഒരുപക്ഷെ, ​നേടാൻ സാധ്യതയുണ്ടായിരുന്ന ​ഗോൾഡ് മെഡലിനേക്കാൾ തിളക്കമുള്ളതാണ്. അത്രത്തോളം പ്രതിസന്ധികളാണ് ചെറിയ കാലയളവിൽ ആ താരം തരണം ചെയ്തത്. എവിടെ നിന്നായിരുന്നു അതിന്റെ തുടക്കം.? അതെ, വിനേഷ് അടക്കമുള്ള താരങ്ങൾ 2023ൽ ജന്തർ മന്ദറിൽ ഒത്തുകൂടി, രാജ്യത്തെയൊട്ടാകെ മുൾമുനയിൽ നിർത്തിയ ആ പ്രതിഷേധത്തെക്കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്...


ജനുവരി 2023. അന്നായിരുന്നു, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് എന്നിവരും മറ്റ് നിരവധി ഗ്രാപ്ലർമാരും ജന്തർ മന്തറിൽ ഒത്തുകൂടിയത്. അത് ഒരു പ്രതിഷേധത്തിന്റെ തുടക്കമായിരുന്നു. മുൻ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡൻ്റ് ബ്രിജ് ഭൂഷണിനെതിരെ പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ ആരോപണങ്ങളുന്നയിച്ചുകൊണ്ടായിരുന്നു ​ഗുസ്തി താരങ്ങൾ സമരത്തിന് ഇറങ്ങിയത്. വിഷയത്തിൽ ഒരു എൻക്വയറി കമ്മറ്റി രൂപീകരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻഡ് പി.ടി. ഉഷയ്ക്ക് ഒരു പരാതി സമർപ്പിക്കുന്നു. എം.സി മേരിക്കോം യോ​ഗേശ്വർ ദത്ത് എന്നവരടങ്ങുന്ന ഒരു ഒ.സി രൂപീകരിക്കുകയും ചെയ്യുന്നു. താരങ്ങളുടെ പരാതിയിൽ നടപടിയെടുക്കാം എന്ന അന്നത്തെ കായിക മന്ത്രി അനുരാ​ഗ് ഠാക്കൂറിന്റെ ഉറപ്പിന്മേൽ വിനേഷ് അടക്കമുള്ള താരങ്ങൾ തങ്ങളുടെ പ്രതിഷേധം നിർത്തിവെക്കുന്നു.

Also Read : ഭാരം കുറയ്ക്കാന്‍ അമിത വ്യായാമം; വിനേഷ് ഫോഗട്ട് ആശുപത്രിയില്‍

ഒ.സി റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഡബ്ല്യു.എഫ്.ഐ ഒരു റീ ഇലക്ഷന് ആഹ്വാനം ചെയ്യുന്നു. അങ്ങിനെ, പ്രതിഷേധത്തിൽ ലഭിച്ച ആശ്വാസ അറിയിപ്പിന് ശേഷം 2023ൽ വിനേഷ് ഏഷ്യൻ ​ഗെയിംസിനുള്ള ട്രെയിനിങ്ങുകൾക്കായി സ്വീഡനിലേക്ക് യാത്ര തിരിക്കുന്നു. പക്ഷെ, ഏപ്രിലിൽ തന്നെ അവർ ജന്തർ മന്ദറിൽ വീണ്ടും ഒത്തുകൂടുന്നു. പ്രതിഷേധം കുറച്ചുകൂടി കനക്കുന്നു. പിന്നീട് നടന്നത് രാജ്യം അത്രയും കാലം കണ്ടതിൽ വച്ച് ഏറ്റവും നാടകീയമായ പ്രതിഷേധ ചിത്രങ്ങളായിരുന്നു. പുതിയ പാർലമെൻ്റ് ഉദ്ഘാടന ദിനത്തിൽ, വിനേഷ് ഉൾപ്പടെയുള്ള കായിക താരങ്ങൾ മാർച്ച് നടത്തുന്നു. പൊലീസ് അവരെ തടഞ്ഞുവെക്കുന്നു. അവർക്കെതിരെ ബലം പ്രയോ​ഗിക്കുന്നു, റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു. അതിന്റെ പരിണിത ഫലമായി താരങ്ങൾ അവർക്ക് ലഭിച്ച മെഡലുകൾ ​ഗം​ഗയിൽ ഒഴുക്കാം എന്ന് തീരുമാനിക്കുന്നു.


ആ ബലപ്രയോ​ഗത്തിനിടെ വിനേഷിന്റെ തുടയ്ക്ക് പരുക്ക് പറ്റുന്നുണ്ട്. അതിനെത്തുടർന്ന് താരത്തിന് കഴിഞ്ഞ വർഷത്തെ ഏഷ്യൻ ​ഗെയിംസ് ട്രെയിനിങ് സെഷൻ നഷ്ടമാകുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ അഡ്-ഹോക്ക് കമ്മിറ്റി ബജ്‌രംഗിനെയും, വിനേഷിനെയും ഏഷ്യൻ ഗെയിംസ് ട്രയൽസിൽ നിന്ന് ഒഴിവാക്കി. ബ്രിജ് ബൂഷൻ സംഭവത്തിൽ 45 ദിവസത്തിനുള്ളിൽ റീ ഇലക്ഷൻ നടത്താത്തതിനാൽ യുണൈറ്റഡ് വേൾഡ് റസ്ലിങ് നാഷണൽ ഫെഡറേഷനെ സസ്പെൻഡ് ചെയ്യുന്നു. 2024 ഫെബ്രുവരിയിൽ WFI യുടെ താൽക്കാലിക സസ്‌പെൻഷൻ UWW പിൻവലിച്ചു. ബജ്‌റംഗിനും സാക്ഷിക്കും വിനേഷിനും എതിരെ വിവേചനപരമായ നടപടിയെടുക്കരുതെന്നും അന്താരാഷ്ട്ര ബോഡി ഡബ്ല്യുഎഫ്ഐയോട് ആവശ്യപ്പെട്ടു.


15 മാസത്തിന് ശേഷം മത്സര ഗുസ്തിയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയ വിനേഷ് ദേശീയതലത്തിൽ 55 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി. മാർച്ചിൽ വിനേഷ് ഒളിംപിക്സിൽ രണ്ട് ക്യാറ്റ​ഗറികളിൽ മത്സരിക്കാനുള്ള ശ്രമം നടത്തി. 53 കിലോയിലും 50 കിലോയിലും. സക്സസായത് 50 കിലോ​ഗ്രാം ക്യാറ്റ​ഗറിയായിരുന്നു. ഏഷ്യൻ ഒളിംപിക് യോഗ്യതാ മത്സരത്തിന്റെ ഫൈനലിൽ പ്രവേശിച്ചതോടെ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ പാരിസിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം വിനേഷിന് വന്നുചേർന്നു. അങ്ങനെ, മാസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ തെരുവുകളിലൂടെ നിഷ്കരുണം വലിച്ചിഴയ്ക്കപ്പെട്ട ശേഷം, 2024ലെ പാരീസ് ഗെയിംസിൽ വിനേഷ് രാജ്യത്തിന്റെ തന്നെ അഭിമാനമായി നിലകൊണ്ടു.

Also Read : 100 ഗ്രാം കൊണ്ട് എന്താണ് പ്രശ്നം? വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ഇന്ത്യക്കെതിരായ ഗൂഢാലോചന: വിജേന്ദര്‍ സിങ്

ഒളിമ്പിക് ഗുസ്തി വേദിയായ ചാംപ്സ് ഡി മാർസ് അരീനയിൽ, വിനേഷ് നേടിയ വിജയങ്ങൾ, തന്നെ അടിച്ചമർത്തിയ ഇൻസ്റ്റിറ്റ്യൂഷണൽ പൊളിറ്റിക്സിന് നേരെ അവർ തൊടുത്ത വലിയ തിരിച്ചടികളായിരുന്നു. 2016ൽ വിനേഷ് കളം വിട്ടത് സ്ട്രക്ച്ചറിലായിരുന്നു. 2020ൽ തോൽവി തളർത്തിയും. പക്ഷെ, ഇത്തവണ വിനേഷിന് വിലങ്ങുതടിയായത് നിർഭാ​ഗ്യാമായിരുന്നു. ഈ 100 ​ഗ്രാം വെയിറ്റ് ​ഗെയിനിൽ നമുക്ക് ആരെയാണ് പഴിക്കാൻ സാധിക്കുക.?

വലിയ വിമർശനങ്ങൾ, രാഷ്ട്രീയമായും അല്ലാതെയും ഇതിനോടകം തന്നെ പൊട്ടി പുറപ്പെട്ടിരുന്നു. "ഇതൊരു അട്ടിമറി ആയിരിക്കും. 100 ഗ്രാം, ഇത് തമാശയായിട്ടാണ് തോന്നുന്നത്. അത്‌ലറ്റുകൾക്ക് ഒറ്റ രാത്രികൊണ്ട് അഞ്ച് മുതൽ ആറ് കിലോഗ്രാം വരെ കുറയ്ക്കാനാകും എന്നാണ് മുൻ ഒളിംപ്യൻ വിജേന്ദർ സിങ്ങ് പറഞ്ഞത്. വിഷയത്തിൽ ഒളിംപിക് അസോസിയേഷൻ ഓഫ് ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ട്. അയോ​ഗ്യയല്ല, കോടിക്കണക്കിന് കായിക പ്രേമികളുടെ മനസിൽ വിനേഷ് പൂർണ യോ​ഗ്യയാണ്. ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾക്കുടമയായ ധീര വനിത.. വിനേഷ്, പോരാട്ടം തുടരുക.. ഒരു വലിയ ജനത തന്നെ നിങ്ങൾക്ക് പിന്നിൽ അണിനിരക്കുന്നുണ്ട്.. ​ഗോധായ്ക്ക് അകത്തും... പുറത്തും..

NATIONAL
പഹല്‍ഗാമിൽ കൊല്ലപ്പെട്ടവരില്‍ കശ്മീരി മുസ്ലീം യുവാവും, ആദില്‍ ഹുസൈന്റെ മരണം ടൂറിസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണം തടയുന്നതിനിടെ
Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്