എളമക്കര സിഐ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുത്തത്
സംവിധായകൻ സനൽകുമാർ ശശിധരനെതിരായ പരാതിയിൽ നടിയുടെ മൊഴി എടുത്തു. എളമക്കര സിഐ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുത്തത്. സനൽകുമാർ ശശിധരൻ പിന്നാലെ നടന്ന് ശല്യം ചെയ്യുകയാണ് എന്നും ജീവന് ഭീഷണിയുണ്ടെന്നും നടി മൊഴി നൽകി. നടിയുടെ വീട്ടിലെത്തിയാണ് സംഘം മൊഴി എടുത്തത്.
നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ സനൽകുമാർ ശശിധരൻ വിദേശത്തേക്ക് കടന്നതായി കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. ഇയാളെ പിടികൂടാൻ ശ്രമം നടത്തിയപ്പോഴാണ് വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതെന്നും എളമക്കര പൊലീസ് അറിയിച്ചിരുന്നു.
നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ഫേസ്‌ബുക്കിൽ വിശദീകരണ കുറിപ്പും സനൽകുമാർ ശശിധരൻ പങ്കുവെച്ചിരുന്നു. "നിൻ്റെ ജീവന് ആപത്തുണ്ട്. അക്കാര്യം അവരെ അറിയിക്കുകയാണ് ചെയ്തത്. ഇപ്പോഴും ഭയം നിൻ്റെ കാര്യത്തിലാണ്, പൊതുസമൂഹം നിനക്ക് കാവൽ നിൽക്കട്ടെ" എന്നിങ്ങനെയായിരുന്നു സംവിധായകൻ്റെ ആദ്യ പ്രതികരണം.