ഡൽഹിയിലേക്ക് ഹരിയാനയിലെ ബിജെപി സർക്കാർ വിതരണം ചെയ്യുന്ന ജലത്തിൽ വിഷം കലർത്തിയിട്ടുണ്ടെന്നായിരുന്നു ആം ആദ്മി അധ്യക്ഷന്റ പ്രസ്താവന
അരവിന്ദ് കെജ്‌രിവാള്‍
ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ച് ഹരിയാന കോടതി. യമുനയിൽ ഹരിയാന സർക്കാർ വിഷം കലർത്തി എന്ന പരാമർശത്തിനെതിരെയാണ് നടപടി. ദുരന്തനിവാരണ വകുപ്പുകൾ പ്രകാരം സോണിപത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തെറ്റായ മുന്നറിയിപ്പ് നൽകി കെജ്‌രിവാൾ ആളുകളെ പരിഭ്രാന്തരാക്കിയെന്നാണ് കെജ്‌രിവാളിനെതിരായ എഫ്ഐആറിൽ പറയുന്നത്. യമുന നദിയിലെ വെള്ളത്തിൽ ഹരിയാന സർക്കാർ വിഷം കലർത്തിയതായി അരവിന്ദ് കെജ്‌രിവാൾ മനഃപൂർവം തെറ്റായ സൂചനകൾ നൽകി, ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
ഫെബ്രുവരി 17ന് മുൻപ് കോടതിക്കു മുൻപാകെ ഹാജരാകാനാണ് കെജ്‌രിവാളിന് നൽകിയിരിക്കുന്ന നിർദേശം. അടുത്ത വാദം കേൾക്കലിന് ഹാജരാകാത്ത പക്ഷം നിയമനടപടികളുമായി മുൻപോട്ട് പോകുമെന്നും കോടതി അറിയിച്ചു.
അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നായിരുന്നു ഹരിയാന മന്ത്രി വിപുൽ ഗോയലിന്റെ പ്രസ്താവന. ഡൽഹിയിലെയും ഹരിയാനയിലെയും ജനങ്ങളെ കെജ്‌രിവാൾ പരിഭ്രാന്തരാക്കി. ആരോപണങ്ങളിൽ സത്യമില്ല. ഹരിയാന സർക്കാർ അദ്ദേഹത്തെ വെറുതെ വിടില്ലെന്നും വിപുൽ ഗോയൽ പറഞ്ഞു.
ഡൽഹിയിലേക്ക് ഹരിയാനയിലെ ബിജെപി സർക്കാർ വിതരണം ചെയ്യുന്ന ജലത്തിൽ വിഷം കലർത്തിയിട്ടുണ്ടെന്നായിരുന്നു ആം ആദ്മി അധ്യക്ഷന്റ പ്രസ്താവന. വെള്ളത്തിൽ അനുവദനീയമായ പരിധിയിലും 700 മടങ്ങ് അമോണിയം അടങ്ങിയിട്ടുണ്ടെന്നതിനെ കുറിച്ചായിരുന്നു പരാമർശം. കെജ്‌രിവാളിന്റെ ആരോപണം മറ്റ് ആം ആദ്മി നേതാക്കളും ഏറ്റെടുത്തു. ബിജെപിയുടേത് 'ജല തീവ്രവാദം' ആണെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയുടെ ആരോപണം. ഇത് കാണിച്ച് അതിഷി തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന എന്നവർക്ക് കത്തും അയച്ചു. ഇന്ന് രാത്രി എട്ട് മണിക്ക് മുൻപ് ആരോപണത്തിനുള്ള തെളിവുകൾ ഹാജരാക്കാനാണ് കമ്മീഷൻ കെജ്‌രിവാളിന് നൽകിയിരുന്ന നിർദേശം. കെജ്‌രിവാളിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും സംസ്ഥാനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിച്ചേക്കാമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷണം.