നീക്കം ചെയ്യാത്ത മാലിന്യത്തിന് കരാര്‍ കമ്പനിക്ക് പണം നല്‍കിയെന്നാണ് കണ്ടെത്തല്‍.
കണ്ണൂര്‍ കോര്‍പറേഷന്റെ ചേലോറയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഒന്നേമുക്കാല്‍ കോടിയുടെ അഴിമതിയെന്ന് സിഎജി റിപ്പോര്‍ട്ട്. നീക്കം ചെയ്യാത്ത മാലിന്യത്തിന് കരാര്‍ കമ്പനിക്ക് പണം നല്‍കിയെന്നാണ് കണ്ടെത്തല്‍. മുന്‍ മേയര്‍ ടി.ഒ. മോഹനന്റെ നേതൃത്വത്തിലാണ് അഴിമതി നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കുറ്റപ്പെടുത്തി. സിഎജി റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സിപിഎമ്മിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മുന്‍ മേയര്‍ ടി.ഒ. മോഹനന്‍ പ്രതികരിച്ചു.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപ്പിടിത്തത്തിന് പിന്നാലെ ചര്‍ച്ചകളില്‍ സജീവമായ ഖരമാലിന്യ സംസ്‌കരണ യൂണിറ്റാണ് കണ്ണൂര്‍ ചേലോറയിലേത്. ബ്രഹ്‌മപുരത്തെ കരാര്‍ എടുത്ത സോണ്ട കമ്പനിക്ക് കണ്ണൂരിലും കരാര്‍ നല്‍കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം മറികടന്നാണ് മൂന്ന് കമ്പനികള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിന് കോര്‍പറേഷന്‍ അനുമതി നല്‍കിയത്. ജന്‍ ആധാര്‍ സേവഭവി സന്‍സ്ത, റോയല്‍ വെസ്റ്റേണ്‍ പ്രൊജക്ടസ് എല്‍.എല്‍.പി മഹാരാഷ്ട്ര, മഹീന്ദ്ര അസോസിയേറ്റ്‌സ് എന്നീ കമ്പനികള്‍ ചേര്‍ന്നായിരുന്നു കണ്‍സോര്‍ഷ്യം. ഇതില്‍ റോയല്‍ വെസ്റ്റേണ്‍ പ്രൊജക്ടസ് ഡയറക്ടറുടെ പേരിലാണ് കരാര്‍ നല്‍കിയത്. 1.23 ലക്ഷം ഘന മീറ്റര്‍ മാലിന്യം ഘന മീറ്ററിന് 640 രൂപ നിരക്കില്‍ പൂര്‍ണ്ണമായും നീക്കണം എന്നായിരുന്നു കരാര്‍.
ALSO READ: രാഹുൽ ഈശ്വറിനെതിരായ ഹണി റോസിൻ്റെ പരാതി; അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു
എന്നാല്‍ മാലിന്യം ട്രെഞ്ചിങ് ഗ്രൗണ്ടില്‍ തന്നെ നിക്ഷേപിച്ചതോടെ കരാര്‍ തുക കോര്‍പറേഷന്‍ വെട്ടിക്കുറച്ചു. മീറ്റര്‍ ക്യൂബിന് 358 രൂപയാണ് പിന്നീട് കമ്പനിക്ക് നല്‍കിയത്. 73502.11 മീറ്റര്‍ ക്യൂബ് മാലിന്യം നീക്കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2.72 കോടി രൂപ കോര്‍പറേഷന്‍ നല്‍കുകയും ചെയ്തു. ഇത്രയും അളവിലുള്ള മാലിന്യം നീക്കിയെന്ന് കോര്‍പറേഷന്‍ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ എന്‍ഐടി സംഘം നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ആകെ 24042.9 മീറ്റര്‍ ക്യൂബ് മാലിന്യം മാത്രമാണ് നീക്കിയതെന്നാണ് എന്‍ഐടിയുടെ ഡ്രോണ്‍ സര്‍വേയില്‍ കണ്ടെത്തിയത്. ഇതിന് കരാര്‍ പ്രകാരം നല്‍കേണ്ടിയിരുന്നത് 83.95 ലക്ഷം രൂപ മാത്രമാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മുന്‍ മേയര്‍ ടി ഒ മോഹനനെതിരെ ആരോപണവുമായി ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തി.
കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അജണ്ട ഭരണപക്ഷം മാറ്റിവെച്ചത് അഴിമതി നടത്തിയത് കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേ സമയം നീക്കാത്ത മാലിന്യത്തിന് കോര്‍പറേഷന്‍ പണം നല്‍കിയിട്ടുണ്ടെന്നും അത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും മുന്‍ മേയര്‍ ടി.ഒ. മോഹനന്‍ പറഞ്ഞു. സോണ്ട കമ്പനിക്ക് കരാര്‍ നല്‍കുന്നത് എതിര്‍ത്തതിന്റെ വിരോധത്തിലാണ് തനിക്കെതീരായ ആരോപണം എന്നും ടി.ഒ. മോഹനന്‍ പ്രതികരിച്ചു.
സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ വിജിലന്‍സ്അന്വേഷണം വേണമെന്ന് എം.വി. ജയരാജനും ടി.ഒ. മോഹനനും ആവശ്യപ്പെട്ടു. നിലവില്‍ മാസങ്ങളായി പ്ലാന്റ് പ്രവര്‍ത്തിക്കാതെ കിടക്കുന്നതിനിടയിലാണ് അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.