കോൺക്ലേവ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ട് പോരെ വേട്ടക്കാരനും ഇരയും ഒരുമിച്ച് പങ്കെടുക്കുമോ എന്ന പരാമർശം എന്നും എം ബി രാജേഷ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാണെന്ന് മന്ത്രി എം. ബി രാജേഷ്. റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് ഒരു താൽപര്യക്കുറവും ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താൽപര്യമാണ്. രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കോൺക്ലേവിൽ ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണ്. കോൺക്ലേവ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ട് പോരെ വേട്ടക്കാരനും ഇരയും ഒരുമിച്ച് പങ്കെടുക്കുമോ എന്ന പരാമർശം എന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ലേവിനെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും റിപ്പോർട്ടിനു പിന്നാലെ സർക്കാർ ആരോപണ വിധേയരെയും ഇരകളേയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്താന്‍ പോകുകയാണെന്നും ആയിരുന്നു വി ഡി സതീശന്‍റെ വിമർശനം.
റിപ്പോർട്ടിലെ മൊഴിയെ അടിസ്ഥാനമാക്കി സർക്കാര്‍ നിയമപരമായ നടപടി എടുക്കാത്തതിലുള്ള വിമർശനങ്ങളോടും എം ബി രാജേഷ് പ്രതികരിച്ചു. പലരും മൊഴി നൽകിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്ന് ഉറപ്പ് നൽകിയതു കൊണ്ടാണ്. നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കും. സർക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കിൽ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ലായിരുന്നെന്നും എം ബി രാജേഷ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിന്മേൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു നിർദേശം. പായിച്ചിറ നവാസ് എന്ന വ്യക്തിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജിയിൽ കോടതി സ്വമേധയാ വനിതാ കമ്മീഷനെ കക്ഷി ചേർത്തു.