ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആകുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ബുംറ
ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി ജസ്പ്രിത് ബുംറയെ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിന് ഇരട്ടി മധുരം. ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും ജസ്പ്രിത് ബുംറയെ തേടിയെത്തി. സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ കൂടിയായി ബുംറ.
ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആകുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ബുംറ. രാഹുല്‍ ദ്രാവിഡ് (2004), സച്ചിന് ടെണ്ടുല്‍ക്കര്‍ (2010), ആര്. അശ്വിന് (2016), വിരാട് കോഹ്ലി (2017, 2018), എന്നിവരാണ് ഇതിനു മുമ്പ് പുരസ്കാരം നേടിയ ഇന്ത്യന്‍ താരങ്ങള്‍.
Also Read: ജസ്പ്രീത് ബൂംറ ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
ട്രാവിസ് ഹെഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെ മറികടന്നാണ് ബുംറയുടെ നേട്ടം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും കൃത്യതയും സ്ഥിരതയുമാര്‍ന്ന പ്രകടനമാണ് ബുംറ കാഴ്ചവെച്ചതെന്നും റെക്കോര്‍ഡുകള്‍ ഒന്നിനു പുറകെ ഒന്നായി തകര്‍ത്ത് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ എന്ന സ്ഥാനം ഉറപ്പിച്ചുവെന്നും ഐസിസി വിലയിരുത്തി.
ഐസിസി ടെസ്റ്റ് റാങ്കില്‍ നിലവിലെ ഒന്നാം നമ്പര്‍ താരമാണ് ജസ്പ്രിത് ബുംറ.
2024 ലെ ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും ഇന്ത്യന്‍ താരംത്തെ തിരഞ്ഞെടുത്തിരുന്നു. 13 മത്സരങ്ങളില്‍ നിന്ന് 357 ഓവറുകള്‍ എറിഞ്ഞ ബൂംറ 14.92 ശരാശരിയില്‍ 71 വിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഇതോടെ, രവിചന്ദ്രന്‍ അശ്വിന്, അനില്‍ കുംബ്ലെ, കപില്‍ ദേവ് എന്നിവര്‍ക്ക് ശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 70-ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറായി മാറി. ശ്രീലങ്കന്‍ താരം കമിന്ദു മെന്‍ഡിസ്, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരെ പിന്തള്ളിയായിരുന്നു ബൂംറയുടെ നേട്ടം.