മുഖ്യമന്ത്രി ഹേമന്ത് സോറനും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കേശവ് മഹ്‍തോയും തമ്മിൽ നടന്ന കൂടിക്കാഴ്ച്ചയിൽ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിൽ ധാരണയായിരുന്നു.
ജാർഖണ്ഡ് മന്ത്രിസഭാ രൂപീകരണം നാളെ നടക്കും. നാളെ റാഞ്ചിയിലെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ പതിനൊന്ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. 12 അംഗങ്ങളിൽ മുഖ്യമന്ത്രിയുടേത് അടക്കം ഏഴുപേർ ജെഎംഎമ്മിനും നാലംഗങ്ങൾ കോൺഗ്രസിനും രാഷ്ട്രീയ ജനതാദളിന് ഒരു മന്ത്രിയുമുണ്ടാകും. രണ്ട് സീറ്റുള്ള ഘടകകക്ഷി സിപിഐഎം(എൽ) മന്ത്രിസഭയുടെ ഭാഗമാകില്ല.
മുഖ്യമന്ത്രി ഹേമന്ത് സോറനും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കേശവ് മഹ്‍തോയും തമ്മിൽ നടന്ന കൂടിക്കാഴ്ച്ചയിൽ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിൽ ധാരണയായിരുന്നു. ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ മുഖ്യമന്ത്രിയുൾപ്പെടെ ഏഴ് പേർ ജെഎംഎമ്മിൽ നിന്നാണ്. കോൺഗ്രസിന് നാലും രാഷ്ട്രീയ ജനതാദളിന് ഒരു മന്ത്രിസ്ഥാനവും ലഭിക്കും.
രണ്ട് സീറ്റ് വിജയിച്ച ഘടകകക്ഷിയായ സിപിഐഎംഎൽ ലിബറേഷൻ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസ്ഥാനത്തേക്കുള്ള ആറ് പേരുകൾ സംബന്ധിച്ച് ജെഎംഎമ്മിൽ ഏകദേശ ധാരണയായിട്ടുണ്ട്. എന്നാൽ കോൺഗ്രസും ആർജെഡിയും ആരെ മന്ത്രിയാക്കുമെന്നതിൽ തീരുമാനം എടുത്തിട്ടില്ല.
ജെഎംഎമ്മിൽ നിന്ന് ദീപക് ബിരുവ, രാംദാസ് സോറൻ, ഹഫീസുൽ ഹസൻ, അനന്ത് പ്രതാപ് ദിയോ, ലൂയിസ് മറാണ്ടി, മഥുര പ്രസാദ് മഹാതോ, സബിത മഹാതോ, എംടി രാജ എന്നിവരാണ് പരിഗണനയിലുള്ളത്. കോൺഗ്രസിൽ നിന്ന് രാമേശ്വർ ഒറോൺ, ഇർഫാൻ അൻസാരി, ദീപിക പാണ്ഡേ സിംഗ്, പ്രദീപ് യാദവ്, നമൻ വികാസ് കൊങ്കാടി എന്നിവരാണ് പരിഗണനയിലുള്ളത്. ദിയോഘർ എംഎൽഎ സുരേഷ് പാസ്വാനാണ് ആർജെഡിയിൽ നിന്നുള്ള മുൻനിരക്കാരൻ.
എന്നിരുന്നാലും, സഞ്ജയ് സിംഗ് യാദവ്, സഞ്ജയ് പ്രസാദ് യാദവ് എന്നിവരെയും പരിഗണിക്കുന്നുണ്ട്. സ്ത്രീകൾ, യുവാക്കൾ, കർഷകർ, തൊഴിലാളി നേതാക്കൾ തുടങ്ങി എല്ലാ വിഭാഗത്തിൽ നിന്നുള്ള ആളുകളും മന്ത്രിസഭയുടെ ഭാഗമാകുമെന്ന് ജെഎംഎം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കി. പുതിയ മന്ത്രിസഭയിൽ ഏഴ് പുതുമുഖങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.