fbwpx
"COP29 നയങ്ങൾ കാലാവസ്ഥ മാറ്റത്തിനെ പ്രതിരോധിക്കാൻ ഉതകുന്നില്ല"; ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് മുൻ ഉദ്യോഗസ്ഥർ
logo

ന്യൂസ് ഡെസ്ക്

Posted : 15 Nov, 2024 04:29 PM

ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിൽ നിന്ന് പിന്മാറാൻ രാജ്യങ്ങൾ തയ്യാറാകുന്നില്ലെന്നും കത്തിൽ വിമർശനമുണ്ട്

WORLD


ഐക്യരാഷ്ട്ര സഭയുടെ കോപ് (COP) സമ്മേളനത്തിലെ ചർച്ചകൾ കാലാവസ്ഥ മാറ്റത്തിനെ ചെറുക്കാൻ ഫലപ്രദമല്ലെന്ന് വിമർശനം. നയങ്ങളിൽ അടിയന്തര നവീകരണം ആവശ്യപ്പെട്ട് മുൻ യുഎൻ ഉദ്യോഗസ്ഥർ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിൽ നിന്ന് പിന്മാറാൻ രാജ്യങ്ങൾ തയ്യാറാകുന്നില്ലെന്നും കത്തിൽ വിമർശനമുണ്ട്.

മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, മുൻ യുഎൻ കാലാവസ്ഥാ മേധാവി ക്രിസ്റ്റ്യാന ഫിഗറസ്, അയർലൻഡ് മുൻ പ്രസിഡൻ്റ് മേരി റോബിൻസൺ എന്നിവരുൾപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് യുഎന്നിന് കത്തയച്ചത്. അന്തരീക്ഷ താപനില വർധിക്കുന്നതിന് പ്രധാന കാരണമായ ഫോസിൽ ഇന്ധനങ്ങളുടെ ഖനനത്തിൽ നിന്നും ഉപഭോഗത്തിൽ നിന്നും പിന്നോട്ട് പോകാൻ ചില ലോകരാജ്യങ്ങൾ തയ്യാറാകുന്നില്ലെന്നാണ് മുൻ യുഎൻ ഉദ്യോഗസ്ഥരുടെ പ്രധാന വിമർശനം. ഈ വർഷത്തെ കാലാവസ്ഥാ സമ്മേളനത്തിന് ആതിഥേയരായ അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ് നടത്തിയ പ്രസ്താവന അടിവരയിട്ടാണ് ഐക്യരാഷ്ട്ര സഭയ്ക്ക് മുൻ ഉദ്യോഗസ്ഥർ കത്തയച്ചിരിക്കുന്നത്. നയങ്ങളിൽ അടിയന്തര നവീകരണം വേണമെന്നും ഇവർ കത്തിൽ ആവശ്യപ്പെടുന്നു.

ALSO READ: COP 29 | ഫോസിൽ ഇന്ധന ഉപഭോഗത്തിൽ കുറവുവരുത്താനായില്ല; റെക്കോർഡ് വർധനയെന്ന് ഉച്ചകോടി


ദൈവത്തിൻ്റെ വരദാനമാണ് പ്രകൃതിവാതകം എന്ന പറഞ്ഞ അസർബൈജാൻ പ്രസിഡൻ്റ്, ഇതേ സമ്മേളനത്തിൽ തന്നെ ഫോസിൽ ഇന്ധന ഇടപാടുകൾ സംബന്ധിച്ച് ചർച്ച ക്രമീകരിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഫോസിൽ ഊർജത്തിൽ നിന്ന് പിൻമാറാൻ ഒരുക്കമല്ലെങ്കിൽ ഇത്തരം ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കരുതെന്നും കത്തിൽ ഉദ്യോഗസ്ഥർ വിമർശിച്ചു.

സമീപകാലത്തെ കാലാവസ്ഥ സമ്മേളനങ്ങളെ വിലയിരുത്തുമ്പോൾ പുരോഗതി കൈവരിച്ചെങ്കിലും തീരുമാനങ്ങൾ എടുക്കാൻ 200 രാജ്യങ്ങളുടെ ഏകകണ്ഠമായ പിന്തുണ ആവശ്യമാണ്. പാരീസ് ഉച്ചകോടിയിലെ അടക്കം തീരുമാനങ്ങളിലെ നേട്ടങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും ഇത് പ്രതിസന്ധിയെ നേരിടാൻ ഉതകുന്നതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ALSO READ: COP 29 | ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം; ലോകനേതാക്കൾ അസർബൈജാനിൽ


സമ്മേളനത്തിൻ്റെ നിലവിലെ ഘടനപ്രകാരം കാലാവസ്ഥ മാറ്റത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. താപനില ഉയർന്നതോടെ നിലവിൽ ഭൂമിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ യൊഹാൻ റോക്ക്‌സ്ട്രോം പറഞ്ഞിരുന്നത്. ഭൂമി നാശത്തിലേക്ക് പോകാതിരിക്കണമെങ്കിൽ ഇപ്പോൾ കൊണ്ടുവരുന്ന മാറ്റങ്ങൾ വേഗത്തിലും വൻതോതിലും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കത്തിനോട് യുഎൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാനുള്ള ലക്ഷ്യത്തില്‍ നിന്ന് ലോകമിപ്പോഴും ഏറെ അകലെയെന്നായിരുന്നു കോപ് സമ്മേളനത്തിൽ ഉയർന്ന അഭിപ്രായം. കാർബൺ ബഹിർഗമനം കുറയ്ക്കുമെന്ന് ഒരു വർഷം മുമ്പ് ദുബായിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനം പ്രതിജ്ഞയെടുത്തെങ്കിലും, നേർവിപരീതമാണ് ഒരു വർഷത്തിനിപ്പുറമുള്ള ഫലം. കാലാവസ്ഥാനിരീക്ഷണ റിപ്പോർട്ടായ ഗ്ലോബൽ കാർബൺ ബജറ്റ് അനുസരിച്ച്, 2024ല്‍ 0.8 ശതമാനം അധികം, ഏകദേശം 4 ദശലക്ഷം ടൺ കാർബണാണ് പുറന്തള്ളപ്പെടുക. 2.4 ശതമാനം അധികം വാതകവും, 0.9 ശതമാനം അധികം എണ്ണയും, 0.2 ശതമാനം അധികം കല്‍ക്കരിയുമാണ് ഈ വർഷം കത്തി കാർബൺ പുറന്തള്ളുക. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി നിയന്ത്രിക്കുന്നതിനായി, 2030ഓടെ കാർബണ്‍ ബഹിർഗമനം 43 ശതമാനം കുറയ്ക്കണം, എന്നിരിക്കെയാണ് തിരിച്ചടി സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.


Also Read
user
Share This

Popular

NATIONAL
Trending
യുപിയിലെ ഷാഹി ജമാ മസ്ജിദ് സർവേയ്‌ക്കെതിരായ സംഘർഷം;മൂന്ന് പേർ കൊല്ലപ്പെട്ടു