കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: കപിൽ സിബൽ അഭിഭാഷകസ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് കോൺഗ്രസ്

ബംഗാളിലെ സാധാരണക്കാരായ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് കോൺഗ്രസ് ഈ അപേക്ഷ മുന്നോട്ട് വെക്കുന്നതെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം:
കപിൽ സിബൽ അഭിഭാഷകസ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് കോൺഗ്രസ്
Published on

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ വനിത ഡോക്ടറുടെ കൊലപാതകക്കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്. സുപ്രീം കോടതിയിൽ ബംഗാൾ സർക്കാറിന് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകനും ഇന്ത്യാ സഖ്യം എംപിയുമായ കപിൽ സിബലാണ്. ബംഗാളിലെ സാധാരണക്കാരായ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് കോൺഗ്രസ് ഈ അപേക്ഷ മുന്നോട്ട് വെക്കുന്നതെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

കപിൽ സിബൽ വലിയ അഭിഭാഷകനാണ്, എന്നാൽ ജനങ്ങളുടെ രോഷം കണക്കിലെടുക്കണം. കേസിൽ നിന്ന് സ്വയം പിന്മാറണം. ബംഗാളിലെ സാധാരണക്കാരുടെ രോഷവും വികാരവും കണക്കിലെടുത്താണ് ഇത് പറയുന്നത്. കപിൽ സിബൽ ഒരിക്കൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായിരുന്നു, ഇപ്പോഴും രാജ്യസഭാംഗമാണ്. കുറ്റവാളികളുടെ പക്ഷം ചേരാതിരിക്കുന്നതാണ് നല്ലതെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ വളരെ മോശമായിട്ടാണ് കപിൽ സിബലിനെക്കുറിച്ച് ആക്ഷേപങ്ങളുയരുന്നതെന്നും, നിങ്ങൾ പണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട നേതാവും മന്ത്രിയുമൊക്കെ ആയിരുന്നുവെന്നും, അതിനാൽ കേസിൽ നിന്ന് പിന്മാറണമെന്നും അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം, കേസ് വാദിക്കുന്നതിനിടെ കപിൽ സിബൽ ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ആകെ പ്രചരിച്ചിരുന്നു.

അതേസമയം, സമരം ചെയ്യുന്ന ഡോക്ടർമാർ ജോലിയിലേക്ക് മടങ്ങണമെന്നും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും, കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതക കേസ് പരിഗണിക്കവെ സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഡോക്ടർമാർ സമരം നടത്തരുതെന്നായിരുന്നു കോടതി പറഞ്ഞത്. 36 മണിക്കൂറോളം ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ പ്രതികാര നടപടി പാടില്ലെന്നും, ആശുപത്രിയിലെ സുരക്ഷാ കാര്യങ്ങളുടെ നിരീക്ഷണത്തിൽ റസിഡൻ്റ് ഡോക്ടർമാരെയും ഉൾപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. കോടതി നിയോഗിച്ച ദൗത്യസംഘം ആശുപത്രിയിലെ ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

സംഭവത്തിൽ സിബിഐ ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ നുണപരിശോധന നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ സന്ദീപ് ഘോഷിൻ്റെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് സിബിഐ നുണപരിശോധനയ്ക്ക് ഒരുങ്ങുന്നത് എന്നാണ് റിപ്പോ‍ർട്ട്. നുണപരിശോധന നടത്താൻ കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com