ആഷിഖ് എന്ന കുറ്റവാളി എങ്ങനെ രൂപപ്പെട്ടു എന്നുകൂടി തിരഞ്ഞാലേ രാസലഹരിയെന്ന കൊടുംവിപത്ത് എവ്വിധമാണ് നാട്ടില്‍ വേരുപടര്ത്തിയിരിക്കുന്നത് എന്ന് തിരിച്ചറിയൂ...
മയക്കു മരുന്ന്, പ്രത്യേകിച്ച് രാസ ലഹരികള്‍ സമൂഹത്തില്‍ അനിയന്ത്രിതമായി വ്യാപിക്കുകയാണ്. അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വലുതാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെ ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളായി മാറുകയാണ്. കോഴിക്കോട് താമരശ്ശേരിയില്‍ സ്വന്തം മാതാവിനെ ലഹരിയുടെ ആധിക്യത്തില്‍ 24 വയസുകാരനായ മകന് വെട്ടിക്കൊന്നത് ലഹരി വ്യാപനത്തിന്റെ ക്രൂര ഉദാഹരണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ്.
രാസലഹരിയുടെ അടിമകളായി മാതാപിതാക്കളെപ്പോലും കൊല്ലുന്ന മക്കളുടെ വാര്‍ത്ത കേട്ടാണ് ഈ ദിവസങ്ങളില്‍ കേരളം ഞെട്ടിത്തരിച്ചു നില്‍ക്കുന്നത്. ആ കൂട്ടത്തില്‍ ഏറ്റവും ആഘാതശേഷിയുള്ള ദൃശ്യമായിരുന്നു ലഹരിക്കടിമപ്പെട്ട് അമ്മയെ കൊലപ്പെടുത്തിയ ആഷിഖ്. ആഷിഖ് എന്ന കുറ്റവാളി എങ്ങനെ രൂപപ്പെട്ടു എന്നുകൂടി തിരഞ്ഞാലേ രാസലഹരിയെന്ന കൊടുംവിപത്ത് എവ്വിധമാണ് നാട്ടില്‍ വേരുപടര്ത്തിയിരിക്കുന്നത് എന്ന് തിരിച്ചറിയൂ.
താമരശ്ശേരിയിലെ ലഹരിച്ചങ്ങലയില് പെട്ടുപോയ നിരവധി ചെറുപ്പക്കാരില്‍ ഒരാള്‍ മാത്രമാണ് ആഷിഖ്. താമരശ്ശേരിയില്‍ ഞങ്ങളുടെ പ്രതിനിധി ആഷിഖ് നടത്തിയ അന്വേഷണം.
ALSO READ: കൊന്ന് തള്ളുന്ന രാസലഹരി; ജീവനെടുക്കുന്ന ലഹരി
താമരശ്ശേരിയിലെ ലഹരി വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു അമ്പലമുക്കിലുള്ള സ്ഥലം. ചോദ്യം ചെയ്യാന്‍ ആരും കയറിച്ചെല്ലാതിരിക്കാന്‍ ലഹരിമാഫിയ സംഘം കൂടുകളില്‍ നിറയെ നായ്ക്കളെ വളര്‍ത്തിയിരുന്നു. പിന്നീട് അയല്‍ വീട്ടുകാരുടെ പരാതിയിലാണ് ലഹരിക്കച്ചവടക്കാര്‍ തമ്പടിച്ചിരുന്ന കേന്ദ്രം പൊലീസ് പൊളിച്ചു മാറ്റിയത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ താമരശ്ശേരിയില്‍ ലഹരിവസ്തുക്കളുടെ വില്‍പ്പനയും വ്യാപകമായി കൂടിയിട്ടുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യം പറയുന്നു. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിന് ശേഷം ചെറുപ്പക്കാര്‍ തമ്മില്‍ സംഘര്‍ഷവും പ്രദേശത്ത് പതിവാണ്. നാടിനാകെ ശല്യവും ഭീഷണിയുമായി മാറിയ ലഹരിവ്യാപനത്തിന് എതിരെ ആരെങ്കിലും ശബ്ധമുയര്ത്തിയാലോ? അവരുടെ വീടുകളടക്കം ആക്രമിക്കപ്പെടും. കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്കിടെ നാല് വീടുകള്‍ക്ക് നേരെയാണ് ഇത്തരത്തില്‍ ആക്രമണമുണ്ടായത്.
600 ഓളം കുടുംബങ്ങളുള്ള കുടുക്കിലുമ്മാരത്ത് ലഹരിക്കെതിരെ മഹല്ലുകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനം ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് ലഹരിവ്യാപനത്തിന് അല്‍പ്പമെങ്കിലും അറുതിയായത്.
ഈ പ്രദേശത്തെ ലഹരി വ്യാപനത്തിന്റെ പ്രധാന കേന്ദ്രം താമരശ്ശേരി ചുരമാണ്. ചുരം വഴി ബാംഗ്ലൂരില്‍ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ മയക്ക് മരുന്നുകള്‍ എത്തുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് അപകടത്തില്‍പ്പെട്ട ജീപ്പില്‍ നിന്നടക്കം എംഡിഎംഎ കണ്ടെത്തിയിരുന്നു. ഏതൊരു നിത്യോപയോഗ വസ്തുവും പോലെയുള്ള രാസലഹരിയുടെ ലഭ്യതയാണ് ഏറ്റവും അപകടകരം. ലഹരിയും ക്രിമിനല്‍ മാഫിയകളും ചേരുന്ന മാരകവിഷക്കൂട്ട് പിന്നെ വിട്ടുപോകാനാകാത്ത വിധം ചെറുപ്പക്കാരെ ലഹരിച്ചുഴിയില്‍ തളച്ചിടും. ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ഈ റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ പറഞ്ഞപോലെ... ആഷിഖുമാര്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം.