തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി
തമിഴ്‌നാട്ടില്‍ വീണ്ടും ഉരുൾപൊട്ടൽ. തിരുവണ്ണാമലൈ ടെംപില്‍ ടൌണിന് സമീപമാണ് ഉരുല്‍പൊട്ടല്‍ ഉണ്ടായത്. ജനവാസ മേഖലയിലാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഉരുൾപൊട്ടലുണ്ടായതിന് സമീപമാണ് പുതിയ അപകടം റിപ്പോർട്ട് ചെയ്‌തത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട് തിരുവണ്ണാമലയിലെ അണ്ണാമലയാർ കുന്നിൻ്റെ താഴ്‌ന്ന ചരിവുകളിൽ ഉരുൾപൊട്ടിയതായി റിപ്പോർട്ട് ചെയ്‌തിരുന്നു. പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. മൂന്ന് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. കുട്ടികളടക്കം ഏഴ് പേരെ കാണാതായതായെന്നാണ് വിവരം. ഇതിൽ നാലുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവരെ കണ്ടെത്താനായി എൻഡിആർഎഫും അഗ്നിശമന സേനയും ചേർന്ന് പ്രദേശത്ത് നടത്തുന്ന തെരച്ചിൽ പുരോഗമിക്കുകയാണ്. 150 കുടുംബങ്ങളെ പ്രശ്ന ബാധിത മേഖലയിൽ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. ചെളിയും കൂറ്റൻപാറകളും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്.
ALSO READ: തമിഴ്‌നാട്ടിൽ ഉരുൾപൊട്ടൽ; കുട്ടികളടക്കം ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം
ഫെൻജലിൻ്റെ ശക്തി കുറഞ്ഞെങ്കിലും തമിഴ്‌നാട്ടിൽ മഴ തുടരുകയാണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഫെൻജൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയെ തുടർന്നാണ് ഇന്നലെ വൈകീട്ടോടെ ആദ്യത്തെ മണ്ണിടിച്ചിൽ ഉണ്ടായത്.
രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെങ്കിലും പ്രതികൂലകാലാവസ്ഥായാണ് പ്രദേശത്ത് തുടരുന്നത്. വടക്കൻ തമിഴ്‌നാട്ടിൽ ശക്തമായ ന്യൂനമർദ്ദമായി മാറിയ ഫെൻജൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറയുംവരെ തമിഴ്‌നാട്ടിൽ വ്യാപകമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.