എന്നാൽ കോൺഗ്രസ് വിട്ടത് കൊണ്ട് മാത്രം സരിനെ സ്ഥാനാർഥിയാക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി
ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തത വരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സരിന് മുന്നിൽ വാതിൽ കൊട്ടിയടക്കില്ലെന്ന സൂചന നൽകികൊണ്ടായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. സരിൻ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കിയാൽ മാത്രമെ വിഷയം പാർട്ടി ചർച്ച ചെയ്യൂ. കോൺഗ്രസ് വിട്ടത് കൊണ്ട് മാത്രം സരിനെ സ്ഥാനാർഥിയാക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സരിൻ വിഷയത്തിൽ ധൃതി പിടിക്കുന്നില്ലെന്നും, ഇന്നത്തെ പത്രസമ്മേളനത്തിന് ശേഷം കാര്യങ്ങൾ തീരുമാനിക്കാമെന്നുമായിരുന്നു എം.വി. ഗോവിന്ദൻ പറഞ്ഞത്. ഒരാൾ കോൺഗ്രസ് വിട്ടത് കൊണ്ട് മാത്രം സ്ഥാനാർഥിയാക്കാൻ കഴിയില്ല. നിലപാടുകൾ തമ്മിലുള്ള പോരാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി, സരിൻ്റെ നിലപാടെന്തെന്ന് വ്യക്തമായാൽ മാത്രമേ വിഷയത്തിൽ തീരുമാനമെടുക്കൂവെന്ന് അടിവരയിട്ടു.
ALSO READ: സരിന്‍ കോണ്‍ഗ്രസ് വിടുമോ? പോകുന്നവര്‍ പോകട്ടെയെന്ന് കെ. സുധാകരന്‍
രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവർ പരസ്പരം ബന്ധപ്പെടുന്നത് സാധാരണമാണെന്നായിരുന്നു സരിനെ പാർട്ടി ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരം. എന്നാൽ താൻ സരിനെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും നേതാവ് വ്യക്തമാക്കി. ബിജെപിയാണ് പാർട്ടിയുടെ പ്രധാന ശത്രു. എൽഡിഎഫിന് ആരെയും സ്ഥാനാർഥിയാക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
മറ്റ് പാർട്ടികളിലെ പ്രശ്നങ്ങൾ കൊണ്ട് മാത്രം പാർട്ടിക്ക് സ്ഥാനാർഥിയെ നിർണയിക്കാൻ കഴിയില്ല. വയനാട് മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയെയും പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളെ മത്സരിപ്പിക്കാനുമാണ് എൽഡിഎഫ് തീരുമാനം. സ്ഥാനാർഥി നിർണയം വളരെ പെട്ടന്ന് പൂർത്തിയാക്കി പ്രചരണത്തിനിറങ്ങുമെന്നും എം.വി. ഗേവിന്ദൻ വ്യക്തമാക്കി.
അതേസമയം, കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം ഉണ്ടാകാൻ പാടില്ലാത്തതാണെന്നായിരുന്നു ഗോവിന്ദൻ്റെ പരാമർശം. വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.