fbwpx
മൂന്ന് വർഷത്തിനു ശേഷം അവൾ എത്തി; സന്തോഷത്തിനായി ലോകം സബ്‌സ്‌ക്രൈബ് ചെയ്ത 'ലി സികി'
logo

നസീബ ജബീൻ

Last Updated : 28 Nov, 2024 10:48 PM

കഴിഞ്ഞ മൂന്ന് വര്‍ഷമായി ലി എന്നറിയപ്പെടുന്ന ഈ പെണ്‍കുട്ടിക്കായുള്ള കാത്തിരിപ്പിലായിരുന്നു ലോകം

WORLD


ഇതുവരെ അപ്‌ലോഡ് ചെയ്തത് 131 വീഡിയോകള്‍ മാത്രം, യൂട്യൂബിലെ സബ്‌സ്‌ക്രൈബേഴ്‌സ് 20.6 മില്യണ്‍... ചൈനീസ് ഇന്‍ഫ്‌ളുവന്‍സര്‍ ലി സികിയുടെ യൂട്യൂബ് ചാനലിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. മൂന്ന് വര്‍ഷം മുമ്പ് വരെ ഇടവേളകളില്ലാതെ വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ലി സികി പെട്ടെന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രത്യക്ഷയായി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ലി എന്നറിയപ്പെടുന്ന ഈ പെണ്‍കുട്ടിക്കായുള്ള കാത്തിരിപ്പിലായിരുന്നു ലോകം. ഒടുവില്‍ പുതിയൊരു വീഡിയോയുമായി ലി വീണ്ടുമെത്തി. ഊഷ്മളമായ വരവേല്‍പ്പാണ് ലീക്ക് ആരാധകര്‍ നല്‍കിയത്. അപ്പോഴും എവിടെയായിരുന്നു ഇത്രയും കാലം എന്ന് ആരാധകര്‍ ചോദിച്ചു കൊണ്ടേയിരുന്നു.

കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാലത്തെന്നോ ആണ് ലി സികിയെ പലരും അറിഞ്ഞു തുടങ്ങിയത്. സ്മാര്‍ട് ഫോണിലേക്ക് ലോകം ചുരുങ്ങിയപ്പോള്‍ അതുവരെ അപരിചിതമായിരുന്ന പല സംസ്‌കാരങ്ങളും കാഴ്ചകളും സോഷ്യല്‍മീഡിയയിലൂടെ മലയാളികള്‍ക്കടക്കം സുപരിചിതമായി. അന്നുവരെ ഒരിക്കല്‍ പോലും കേട്ടിട്ടുപോലുമില്ലാതിരുന്ന പലരും നമുക്ക് ആരൊക്കെയോ ആയി. മലയാളികളുടേതടക്കം സംസ്‌കാരങ്ങളും കലകളും ലോകത്തിന്റെ പലഭാഗങ്ങളിലും ആഘോഷമായി.

അക്കൂട്ടത്തില്‍ നമ്മുടെ ചെറിയ ലോകത്തെ സമ്പന്നമാക്കിയവരില്‍ ഒരാളായിരുന്നു ലി സികി. കൃഷി തൊട്ട് പാചകം വരെ, ഹോം മേക്കിങ് തൊട്ട് ബിസിനസ് വരെ ലി സികിക്ക് അറിയാത്തതായി ഒന്നുമില്ല, ഒരുവട്ടമെങ്കിലും അവരുടെ വീഡിയോകള്‍ കണ്ട ആരും ഇങ്ങനെ പറഞ്ഞുപോകും. മുന്തിരിച്ചാറില്‍ ചാലിച്ച മനോഹരമായ ഗൗണ്‍ സ്വന്തം കൈകൊണ്ട് നിര്‍മിച്ച് ലി സികി ലോകത്തെ അമ്പരപ്പിച്ചു. ഒന്ന് രുചിക്കുക പോലും ചെയ്യാതെ ഭക്ഷണ വൈവിധ്യങ്ങള്‍ കാണിച്ച് ആളുകളെ കൊതിപ്പിച്ചു. സാങ്കേതിക വിദ്യയും പരമ്പരാഗത ചൈനീസ് ഉത്പന്നങ്ങളും സമന്വയിപ്പിച്ച് അത്ഭുതങ്ങള്‍ കാട്ടി. 

ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഒരു ഗ്രാമമാണ് ലി സികിയുടെ ലോകം. സോഷ്യല്‍മീഡിയയുടെ ശക്തി എത്രമാത്രമുണ്ടെന്ന് അറിയണമെങ്കില്‍ ലീയുടെ ഏതെങ്കിലും ഒരു വീഡിയോയുടെ കമന്റുകള്‍ നോക്കിയാല്‍ മതിയാകും. പല ഭാഷകളില്‍ പല ദേശങ്ങളിലുള്ളവര്‍ അവിടെ ഒന്നിക്കുന്നത് കാണാം. ലി സികിയുടേയും മുത്തശ്ശിയുടേയും കൊച്ചു ലോകത്തേക്ക് നമ്മുടെ വലിയ ലോകം ചുരങ്ങും.

പതിവ് വ്‌ളോഗിങ് രീതിയില്‍ നിന്ന് വ്യത്യസ്തമാണ് ലീയുടെ ചാനല്‍. ഇന്‍ഫ്‌ളുവന്‍സറുടെ അലോസരപ്പെടുത്തുന്ന സംസാരങ്ങളോ, അനാവശ്യമെന്ന് തോന്നുന്ന കാട്ടിക്കൂട്ടലുകളോ ഇല്ല. തിരക്കു പിടിച്ച ലോകത്ത് ശാന്തമായി എങ്ങനെ ജീവിക്കാമെന്ന് ലീ കാണിച്ചു തരുന്നു.


പ്രശസ്തിയിലേക്കുള്ള 'സില്‍ക്ക് റൂട്ട്'


2016 ലാണ് ലീ യെ ലോകം മെല്ലെമെല്ല അറിഞ്ഞു തുടങ്ങിയത്. കൃഷിയും പാചകവും പരമ്പരാഗത കരകൗശല വസ്തുക്കളും കണ്ടു പരിചയമില്ലാത്ത ചൈനയുടെ ഗ്രാമീണ ഭംഗിയുമെല്ലാം ലീ ലോകത്തിന് കാണിച്ചു തന്നു. ഓരോ വീഡിയോയ്ക്കും മില്യണ്‍ വ്യൂസ്. അഞ്ച് വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് ലഭിച്ചത് 133 മില്യണ്‍ വ്യൂസ് ആണ്! . അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന് സ്ലോ ലൈഫിന്റെ മനോഹാരിത ഒരു വാക്ക് പോലും പറയാതെ ലീ മനസ്സിലാക്കി തന്നു. അതായിരിക്കാം അവള്‍ ലോകത്തിന് പ്രിയങ്കരിയാകാനുള്ള കാരണവും.

പ്രശസ്തിയില്‍ നിന്നും അതിപ്രശസ്തിയിലേക്ക് ചാനല്‍ കുതിക്കുന്നതിനിടയിലാണ് ലി സികി അപ്രത്യക്ഷയായത്. അതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് പലരും മുമ്പത്തെ അവരുടെ വീഡിയോകള്‍ക്ക് താഴെ എത്തി. ഒന്നിനും കൃത്യമായ മറുപടികള്‍ ആര്‍ക്കും ലഭിച്ചില്ല.

ചാനല്‍ കൈകാര്യം ചെയ്തിരുന്ന ഏജന്‍സിയുമായുള്ള തര്‍ക്കമാണ് ലീയുടെ നീണ്ട ഇടവേളയ്ക്ക് കാരണമായത്. സ്വന്തം ബ്രാന്‍ഡിന്റെ അവകാശത്തിനായി ലീ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും തന്നെ വെച്ചുള്ള പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് നിര്‍ത്തിക്കുകയും ചെയ്തു. 2022 ലാണ് ലി സികിയുടെ ചാനലില്‍ അവസാനത്തെ വീഡിയോ എത്തിയത്. അതിനു ശേഷം ഈ നവംബര്‍ വരെ നമുക്ക് കാത്തിരിക്കേണ്ടി വന്നു, പ്രിയപ്പെട്ട ലീയുടെ മടങ്ങി വരവിനായി. മൂന്ന് വര്‍ഷക്കാലം സോഷ്യല്‍മീഡിയയില്‍ സജീവമല്ലായിരുന്നിട്ടും ലീയെ ആരും മറന്നില്ല. മുമ്പ് കണ്ട വീഡിയോകള്‍ ആരാധകര്‍ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരുന്നു.

2022 ല്‍ ഏജന്‍സിയുമായുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചെങ്കിലും ലീയുടെ വനവാസം 2024 വരെ തുടര്‍ന്നു. മുത്തശ്ശിയുടെ പഴഞ്ചന്‍ അലമാരയ്ക്ക് മേക്ക് ഓവര്‍ നല്‍കിക്കൊണ്ടുള്ള വീഡിയോയുമായാണ് ലീ വീണ്ടും എത്തിയത്. വന്‍ വരവേല്‍പ്പായിരുന്നു ലീക്ക് ആരാധകര്‍ നല്‍കിയത്. ഇതിനകം 13 മില്യണ്‍ വ്യൂസാണ് ലീയുടെ തിരിച്ചുവരവിന് ലഭിച്ചത്.

ചൈനയിലെ സോഷ്യല്‍മീഡിയ നിയന്ത്രണങ്ങളെ അതിജീവിച്ച ലീ


കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി ചൈനീസ് ഇന്‍ഫ്‌ളുവന്‍സേഴ്‌സാണ് സോഷ്യല്‍മീഡിയയില്‍ നിന്നും അപ്രത്യക്ഷമായത്. നികുതി വെട്ടിപ്പ്, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, സ്വത്ത് സമ്പാദനം തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി നിരവധി പേരെ ചൈനീസ് സര്‍ക്കാര്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

അപ്പോഴും ലീ സുരക്ഷിതയായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ഒരിക്കലും ലീയെ ബാധിച്ചിരുന്നില്ല. മാത്രമല്ല, ലീക്ക് വലിയ പിന്തുണയും ലഭിച്ചിരുന്നു. ഇതോടെ, ചില ആരോപണങ്ങളും ലീയുടെ ചാനലിനെതിരെ ഉയര്‍ന്നു. ചൈനീസ് സര്‍ക്കാരിന്റെ ആശയം പ്രചരിപ്പിക്കാനായി ഉയര്‍ത്തിക്കൊണ്ടുവന്ന ചാനലാണ് ലി സികിയുടേതെന്നായിരുന്നു അത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ ലി സികിക്ക് ഉണ്ടെന്ന പ്രചരണം ശക്തമായിരുന്നു. ഈ വാദത്തെ ഉറപ്പിക്കുന്ന മറ്റൊരു സംഭവം കൂടി ഉണ്ടായി. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ വീഡിയോയുമായി ലീ തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം ചൈനീസ് സര്‍ക്കാരിൻ്റെ ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സി അവരുമായുള്ള അഭിമുഖം പുറത്തുവിട്ടു. ഇന്‍ഫ്‌ളുവന്‍സേഴ്സുമായി അഭിമുഖം നടത്തുന്ന ശീലം സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് അപൂര്‍വമാണെന്നിരിക്കെയായിരുന്നു ലീയുമായുള്ള പ്രോഗ്രാം.

കഴിഞ്ഞ മൂന്ന് വര്‍ഷം താന്‍ നന്നായി ഉറങ്ങിയെന്നും മുത്തശ്ശിയുമായി ഗ്രാമത്തിന് പുറത്തുള്ള ലോകം ചുറ്റിക്കറങ്ങിയെന്നുമാണ് ലീ അഭിമുഖത്തില്‍ പറഞ്ഞത്. തിരിച്ചുവരവിന് പിന്നില്‍ തനിക്ക് കൂടുതല്‍ വലിയ ലക്ഷ്യങ്ങളുണ്ടെന്നും ലീ പറഞ്ഞു. ഇതിനായി പരമാവധി ശ്രമിക്കുമെന്നു കൂടി ലീ പറഞ്ഞു. സ്റ്റേറ്റ് മീഡിയയ്ക്ക് എന്നും പ്രിയപ്പെട്ടവളായിരുന്നു ലീ എന്നതും ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ്. ചൈനീസ് ഗ്രാമീണ ജീവിതം കാണിച്ച് ലോകത്തെ വിസ്മയിപ്പിക്കുന്ന വ്‌ളോഗര്‍ എന്നാണ് ലീയെ ഷിന്‍ഹുവ വിശേഷിപ്പിച്ചത്. മാത്രമല്ല, ചൈനീസ് സംസ്‌കാരം ലോകത്തിലേക്ക് വ്യാപിപ്പിച്ചതിന് ലീയെ പ്രശംസിക്കുകയും ചെയ്തു.

അതിന് കാരണവുമുണ്ട്, ലീയുടെ വീഡിയോകള്‍ ചൈനയിലെ വിനോദ സഞ്ചാരത്തെ ഉത്തേജിപ്പിച്ചിരുന്നു. വ്യതിരിക്തമായ മണത്തിന് പേരുകേട്ട ഒരു ചൈനീസ് സൂപ്പ് നൂഡില്‍സ് ലീ തന്റെ ചാനലിലൂടെ അവതരിപ്പിച്ചതിനു ശേഷം അത് ആഗോളതലത്തില്‍ തന്നെ ഹിറ്റായി. ചുരുക്കത്തില്‍ ചൈനീസ് സാംസ്‌കാരിക നവോത്ഥാനത്തിനായുള്ള പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുകയായിരുന്നു ലീ.

സാംസ്കാരിക വിപ്ലവകാലത്ത് മാവോ സെതൂങ് ഗ്രാമീണ സാംസ്‌കാരത്തിലൂന്നിയ ജീവിത ശൈലിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇത് ലി സികിയിലൂടെ നടപ്പിലാക്കുകയാണ് ഷി ജിന്‍പിങ് എന്നാണ് ആരോപണം. ചൈനയെ ലോകം അറിയുന്നത് സാങ്കേതികതയിലും സമ്പന്നതിയിലും അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമായാണ്. എന്നാല്‍, ചൈനയിലെ ഗ്രാമീണ ലോകം ദരിദ്രവും ആധുനികതയില്‍ നിന്ന് വളരെ ദൂരം പിന്നിലുമാണ്. ഈ യാഥാര്‍ത്ഥ്യം മറച്ചുവെക്കാന്‍ ലീയുടെ വീഡിയോയിലൂടെ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

പാശ്ചാത്യരാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം വഷളാകാന്‍ തുടങ്ങിയ കോവിഡ് കാലത്തു തന്നെയാണ് ലീ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടുന്നതും. ലോകത്തിലെമ്പാടുമായി വീടുകളില്‍ തളച്ചിടപ്പെട്ട മനുഷ്യര്‍ വീഡിയോയില്‍ കാണുന്ന ലീയുടെ ജീവിതത്തില്‍ ആകൃഷ്ടരായി. കോവിഡിന്റെ ഉത്പത്തിയിലും ലോക്ക്ഡൗണ്‍ കാലത്തെ രീതികളിലും ചൈന ലോകത്തിനു മുന്നില്‍ സംശയത്തിൻ്റെ നിഴലിൽ നില്‍ക്കുന്ന സമയത്തായിരുന്നു ലീയുടെ ഉയര്‍ച്ച. ഇതൊക്കയാണ് ലീയുടേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ചാനലാണെന്ന ആരോപണത്തിന് ആക്കം കൂട്ടിയത്.


ലി സികി എന്ന ബ്രാന്‍ഡ്

പ്രശസ്തിയുടെ അത്യുന്നതങ്ങളില്‍ എത്തിയതോടെ സ്വന്തം ബ്രാന്‍ഡില്‍ ഭക്ഷ്യ ഉത്പന്നങ്ങളും ലീ പുറത്തിറക്കി. സ്വന്തം പേരിലുള്ള ലീയുടെ ഭക്ഷ്യ ഉത്പന്നങ്ങളും സോസുകളുമെല്ലാം ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ടാവോബാവോയില്‍ എത്തി. 2020ല്‍ ലീയുടെ ഉത്പന്നങ്ങളുടെ വില്‍പന 1.6 ബില്യണ്‍ യുവാന്‍ കവിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2021 ഓടെ അതിപ്രശസ്തരായ ചൈനീസ് വ്‌ളോഗറായി യൂട്യൂബില്‍ ലീ വളര്‍ന്നു. 20 മില്യണ്‍ ഫോളോവേഴ്‌സാണ് യൂട്യൂബില്‍ ലീയ്ക്കുള്ളത്. ടിക് ടോക്കില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സും.

ആരോപണങ്ങളും ദുരൂഹതകളും വിവാദങ്ങളുമെല്ലാം പിന്തുടരുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും ഇതിനോടൊന്നും ലീ പ്രതികരിച്ചു കണ്ടിട്ടില്ല.  വീഡിയോയിലൂടെ ലോകത്തെ വിസ്മയിപ്പിക്കാന്‍ അവള്‍ എത്തിക്കൊണ്ടേയിരുന്നു. വിവാദങ്ങളെല്ലാം അവിടെ നില്‍ക്കട്ടെ, സങ്കീര്‍ണവും കഠിനവുമായ ഈ ലോകത്ത് അല്‍പം സന്തോഷം നല്‍കാന്‍ ലീക്ക് സാധിക്കുന്നുണ്ടല്ലോ എന്നാണ് ഇങ്ങ് കേരളക്കരയിലടക്കമുള്ള അവരുടെ ഫോളോവേഴ്‌സ് പറയുന്നത്.

Also Read
user
Share This

Popular

KERALA
WORLD
'ടർക്കിഷ് തർക്കം' മുറുകുന്നു; സിനിമ പിന്‍വലിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമായ ഉത്തരം കിട്ടിയില്ലെന്ന് ലുക്മാനും സണ്ണി വെയ്നും