7000 കോടി രൂപയാണ് 45 ദിവസം നീണ്ടു നില്‍ക്കുന്ന ആത്മീയ സംഗമത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേള നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമമായാണ് മഹാ കുംഭമേളയെ വിശേഷിപ്പിക്കുന്നത്. ലോകത്ത് പല ഭാഗങ്ങളില്‍ നിന്നായി 40 കോടിയിലധികം പേരാണ് മഹാകുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
യുഎസ്സിലേയും റഷ്യയിലേയും ജനസംഖ്യയേക്കാള്‍ കൂടുതലാണ് കുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ സംഗമിക്കുന്ന ജനങ്ങളുടെ എണ്ണം. ഗംഗ, യമുന, സരസ്വതി(സങ്കല്‍പം) നദികളുടെ പ്രയാഗ് രാജിലെ ത്രിവേണി സംഗമസ്ഥലത്താണ് മേള നടക്കുന്നത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് ത്രിവേണി സംഗമത്തില്‍ മുങ്ങി പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും മോക്ഷം നേടാനുമുള്ള അവസരമായാണ് മഹാകുംഭമേളയെ കണക്കാക്കുന്നത്.
4000 ഹെക്ടറിലായാണ് കുംഭമേള നടക്കുന്നത്. ഫെബ്രുവരി 26 വരെ നടക്കുന്ന കുംഭമേളയ്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. 7000 കോടി രൂപയാണ് 45 ദിവസം നീണ്ടു നില്‍ക്കുന്ന ആത്മീയ സംഗമത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതിലൂടെ ലക്ഷം കോടി രൂപയുടെ വരുമാനവും സംസ്ഥാനത്തിന് ഉണ്ടാകും.
Also Read: ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമം; മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കം
2 ലക്ഷം കോടി രൂപയുടെ വരുമാനം
ഈ വര്‍ഷത്തെ കുംഭമേള ഉത്തര്‍പ്രദേശിന് രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40 കോടി സന്ദര്‍ശകരില്‍ ഓരോരുത്തരും ശരാശരി 5,000 രൂപ ചെലവഴിച്ചാല്‍ രണ്ട് ലക്ഷം കോടി രൂപ നേടാന്‍ കഴിയുമെന്നാണ് കണക്കുകള്‍. കുംഭമേളയില്‍ പങ്കെടുക്കുന്ന ഒരു വ്യക്തിയുടെ ശരാശരി ചെലവ് 10,000 രൂപ വരെ ആകാം, അങ്ങനെയാണെങ്കില്‍ വരുമാനം 4 ലക്ഷം കോടി വരെ എത്തും. ഇത് ജിഡിപിയില്‍ ഒരു ശതമാനത്തിലധികം വര്‍ധനവ് വരുത്തുമെന്നും പ്രതീക്ഷിക്കുന്നു.
2019 ല്‍ നടന്ന അര്‍ധ കുംഭമേളയിലൂടെ സംസ്ഥാനത്തിന് 1.2 ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. 24 കോടി തീര്‍ത്ഥാടകരായിരുന്നു അര്‍ധ കുംഭമേളയ്ക്ക് എത്തിയത്.
മഹാ കുംഭമേളയ്ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മഹാ കുംഭ് പ്രദേശത്തെ പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചിരുന്നു. 50 ലക്ഷം മുതല്‍ ഒരു കോടി ആളുകളെ വരെ പ്രദേശത്ത് ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഭക്ഷ്യമേഖലയിലൂടെ 20,000 കോടി രൂപയും പൂജാ സാമഗ്രികളുടെ വില്‍പനയിലൂടെ 20,000 കോടി രൂപയും ഗതാഗത മേഖലയിലൂടെ 10,000 കോടി രൂപയുടെ വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം സര്‍വീസിലൂടെ മാത്രം 10,000 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അറിയിച്ചു.
താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്പുകള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍ എന്നിവയിലൂടെ 3,000 കോടി രൂപ വരുമാനം നേടാന്‍ കഴിയും. ഇ-ടിക്കറ്റിങ്, ഡിജിറ്റല്‍ പേയ്മെന്റുകള്‍, വൈ-ഫൈ സേവനങ്ങള്‍, മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നിവയിലൂടെ 1,000 കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരസ്യ, പ്രമോഷണല്‍ പ്രവര്‍ത്തനങ്ങളിലൂടെ 10,000 കോടിയുടെ അധിക വരുമാനവും പ്രതീക്ഷിക്കുന്നതായി CAIT അറിയിച്ചു.