ആരോഗ്യ കാരണങ്ങളാലാണ് എത്താതെന്നാണ് ജി. സുധാകരൻ നൽകിയ വിശദീകരണം. രമേശ് ചെന്നിത്തലയാണ് സെമിനാറിൻ്റെ ഉദ്ഘാടകൻ
മുസ്ലീം ലീഗ് സെമിനാറിൽ നിന്ന് ആലപ്പുഴയിലെ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ പിൻവാങ്ങി. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിൽ നിന്നാണ് അദ്ദേഹം പിൻമാറിയത്. പരിപാടിയിൽ സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത് ജി. സുധാകരനെയായിരുന്നു. ആരോഗ്യ കാരണങ്ങളാലാണ് എത്താതെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം. രമേശ് ചെന്നിത്തലയാണ് സെമിനാറിൻ്റെ ഉദ്ഘാടകൻ.
അതേസമയം, ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിൽ പങ്കെടുക്കാമെന്ന് ജി. സുധാകരൻ നേരത്തെ അറിയിച്ചിരുന്നുവെന്ന് ലീഗ് ജില്ലാ നേതൃത്വം പ്രതികരിച്ചു. പങ്കെടുക്കരുതെന്ന് ജി. സുധാകരന് എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ് ജില്ലാ പ്രസിഡൻ്റ് എ.എം. നസീർ പറഞ്ഞു.
വിലക്കിയാൽ പിൻമാറുന്ന ആളല്ല സുധാകരനെന്നും വന്നില്ലെങ്കിലും അദ്ദേഹത്തിൻ്റെ മനസ് ഇവിടെയുണ്ടെന്നും രമേശ് ചെന്നിത്തലയും ഈ വിഷയത്തോട് പ്രതികരിച്ചു. മുഖ്യമന്ത്രി ജി. സുധാകരനെ സ്വന്തം പാർട്ടിയുടെ യോഗത്തിലും മറ്റു യോഗങ്ങളിലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
നേരത്തെ സിപിഎം ജില്ലാ സമ്മേളനത്തിൽ ജി. സുധാകരനെ പൂർണമായും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനിടെ മുസ്ലീം ലീഗിൻ്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിൻ്റെ പ്രചരണ പരിപാടി ഉദ്ഘാടനത്തിന് ജി. സുധാകരൻ ക്ഷണം സ്വീകരിച്ചതും വലിയ വിവാദമായി. മുസ്ലിം ലീഗ് നേതാക്കളോട് സമ്മതം അറിയിച്ചിരുന്നെങ്കിലും, അവസാന നിമിഷം സുധാകരൻ പരിപാടിയിൽ നിന്ന് പിന്മാറിയിരുന്നു.