വിമർശനങ്ങൾ ഉയർന്നിട്ടും ടീം മാനേജ്മെന്റ് തിരുത്തലിന് തയ്യാറാവാത്തതിനെ തുടർന്നാണ് മഞ്ഞപ്പട പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചത്
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരായ പ്രതിഷേധം വിലക്കിയെന്ന ആരോപണവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. പ്രതിഷേധത്തിന് തുനിഞ്ഞാൽ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. റാലിക്ക് അനുമതി നൽകില്ലെന്നും മഞ്ഞപ്പട അറിയിച്ചു.
സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധത്തിന് നൽകിയിരുന്ന അനുമതിയും പിൻവലിച്ചു. കാണികളുടെ കുറവ് കണ്ടെങ്കിലും മാനേജ്മെന്റ് പഠിക്കുമെന്ന് കരുതുന്നുവെന്ന് മഞ്ഞപ്പട പറഞ്ഞു. അക്രമാസക്തമായി ഒന്നും ചെയ്യാനല്ല തീരുമാനമെന്നും പിന്നെ എന്തിനാണ് പ്രതിഷേധം വിലക്കിയതെന്ന് അറിയിക്കണമെന്നും മഞ്ഞപ്പട പറയുന്നു. മഞ്ഞപ്പട സ്റ്റാൻഡിലേക്കുള്ള ഗേറ്റ് നമ്പർ പതിനാറിൽ നിന്ന് ആരംഭിച്ച്, ക്ലബ് ഓഫീസ്, വിഐപി എൻട്രൻസ് എന്നിവിടങ്ങളിൽ പ്രതിഷേധം അറിയിച്ച ശേഷം സ്റ്റേഡിയം ചുറ്റി, തിരിച്ച് ഈസ്റ്റ് ഗാലറി ഗേറ്റിനു മുന്നിൽ അവസാനിക്കുന്ന രീതിയിൽ റാലി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്.
Also Read: ഐപിഎല്‍ 2025 മാര്‍ച്ച് 21 ന് തുടങ്ങും; സ്ഥിരീകരിച്ചത് BCCI വൈസ് പ്രസിഡന്റ്
വിമർശനങ്ങൾ ഉയർന്നിട്ടും ടീം മാനേജ്മെന്റ് തിരുത്തലിന് തയ്യാറാവാത്തതിനെ തുടർന്നാണ് മഞ്ഞപ്പട പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചത്. ഈ സീസണിൽ 15 മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്. ടീം മോശം പ്രകടനം ആവർത്തിക്കുന്ന സാഹചര്യത്തിൽ ഹെഡ് കോച്ച് മൈക്കൽ സ്റ്റാറെയെ പുറത്താക്കിയിരുന്നു. ആരാധകരെ തണുപ്പിക്കാനായി ആരാധക ഉപദേശക ബോർഡും ബ്ലാസ്റ്റേഴ്‌സ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല.
മുഹമ്മദൻസിനെതിരായ ബ്ലാസ്റ്റേഴിസിന്റെ മത്സരത്തിൽ ലീഡേഴ്‌സ് ഓർ ലയേഴ്‌സ് എന്ന ബാനറുമായാണ് മഞ്ഞപ്പട എത്തിയത്. സ്റ്റേഡിയത്തിന് പുറത്തും പ്രതിഷേധക്കാർ ബാനറുകൾ ഉയർത്തിയിരുന്നു.