തർക്കം നിലനിൽക്കുന്ന 33 സീറ്റുകൾ ഒഴികെ ശേഷിക്കുന്ന 255 നിയമസഭാ സീറ്റുകളിലാണ് മുന്നണിക്കുള്ളിൽ സീറ്റ് വിഭജനത്തിന് ധാരണയായത്
മഹാരാഷ്ട്രയിൽ നാമനിർദേശ പത്രികാ സമർപ്പണത്തിന് ഇനി ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സീറ്റ് വിഭജനത്തിൽ നിർണായകമായ ഒത്തുതീർപ്പ് ഫോർമുല മഹാവികാസ് അഘാഡി സഖ്യത്തിന് മുന്നിൽ വെച്ചിരിക്കുകയാണ് കോൺഗ്രസ്. തർക്കം നിലനിൽക്കുന്ന 33 സീറ്റുകൾ ഒഴികെ ശേഷിക്കുന്ന 255 നിയമസഭാ സീറ്റുകളിലാണ് മുന്നണിക്കുള്ളിൽ സീറ്റ് വിഭജനത്തിന് ധാരണയായത്.
കോൺഗ്രസിന് പുറമെ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, എൻസിപി ശരദ് പവാർ വിഭാഗം എന്നീ പാർട്ടികൾ തമ്മിൽ 85 സീറ്റുകൾ വീതം പങ്കുവെക്കാനാണ് നിലവിലത്തെ ധാരണ. നേരത്തെ നൂറ് സീറ്റുകൾ വീതം വേണമെന്നാണ് കോൺഗ്രസും ശിവസേന (യുബിടി) വിഭാഗവും ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇക്കാര്യത്തിൽ മുന്നണിക്കുള്ളിൽ ഇതുവരെ ധാരണയായിട്ടില്ല. വിദർഭ, മുംബൈ സീറ്റുകളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ തർക്കങ്ങൾക്ക് കാരണം ശിവസേനാ നേതാക്കളാണെന്നും ഈ കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
തീരുമാനമാകാത്ത 33 സീറ്റുകളിൽ 18 എണ്ണം മുന്നണിയിലെ ചെറിയ പാർട്ടികൾക്കായി മാറ്റിവെച്ചിരിക്കുകയാണെന്നാണ് മുതിർന്ന ശിവസേനാ നേതാവ് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ വിവരം. മഹാരാഷ്ട്രയിൽ രണ്ട് സീറ്റ് സിപിഎമ്മിന് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ശേഷിക്കുന്ന 15 സീറ്റുകളിൽ പ്രധാനപ്പെട്ട മൂന്ന് പാർട്ടികൾ ചേർന്ന് തീരുമാനമെടുക്കും. ഈ സീറ്റുകളിൽ അന്തിമ തീരുമാനം അടുത്ത രണ്ടു മൂന്ന് ദിവസത്തിനകം ഉണ്ടായേക്കുമെന്നും ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പറഞ്ഞു. നിലവിൽ തർക്കം തുടരുന്ന 15 സീറ്റുകളിൽ പത്തെണ്ണം വിദർഭ മേഖലയിലും, ബാക്കി സീറ്റുകൾ മുംബൈ മെട്രോപൊളിറ്റൻ, നാഷിക് മേഖലകളിലുമാണുള്ളത്.
“ഞങ്ങൾ ഒരു സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ഞങ്ങൾ ഇതുവരെ 270 സീറ്റുകളിൽ ധാരണയായിട്ടുണ്ട്. 85-85-85 എന്ന ഫോർമുലയിൽ ഞങ്ങൾ സീറ്റുകൾ പങ്കുവെക്കാൻ സമ്മതിച്ചു. ബാക്കിയുള്ള സീറ്റുകളിൽ തീരുമാനമെടുത്ത ശേഷം ഞങ്ങൾ മറ്റു സഖ്യകക്ഷികളുമായി നാളെ സംസാരിക്കും,” ശിവസേനയുടെ (യുബിടി) രാജ്യസഭാ എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
നിലവിലത്തെ സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് വലിയ മുന്നേറ്റമാണ് കാണാനാകുന്നത്. എന്നാൽ, സീറ്റ് വിഭജനം അന്തിമമായിട്ടില്ലെന്ന് ഡൽഹിയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് വാർത്താസമ്മേളനത്തിന് ശേഷം പറഞ്ഞു. എന്ത് വില കൊടുത്തും 105 സീറ്റുകളിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശരദ് പവാർ വിഭാഗവും 85 സീറ്റുകളിൽ മത്സരിക്കുന്നുണ്ട് എന്നതിനാൽ, മഹാവികാസ് അഘാഡി സഖ്യം തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവരിക എന്ന കൊണ്ടുപിടിച്ച ചർച്ചയും തുടങ്ങിക്കഴിഞ്ഞു. നവംബർ 20നാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ 75 മുതൽ 80 സീറ്റുകളിൽ വരെയാകും ശരദ് പവാർ വിഭാഗം മത്സരിക്കുക എന്നായിരുന്നു റിപ്പോർട്ട്.
സെഞ്ചുറിയടിക്കുകയാണ് ശിവസേനാ ഉദ്ദവ് താക്കറെ വിഭാഗം ലക്ഷ്യമിടുന്നതെന്ന് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 90 ശതമാനം സീറ്റുകളിലും സഖ്യകക്ഷികൾ തമ്മിൽ ധാരണയിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. "ശിവസേനയിലുള്ളത് പരിചയസമ്പന്നരായ കളിക്കാരാണ്, അതിനാൽ ഞങ്ങൾക്ക് സെഞ്ചുറിയടിക്കേണ്ടി വരും. ഞങ്ങൾ സെഞ്ചുറിയടിക്കുന്നതും വിജയിക്കുന്നതും കാണാനാണ് ആളുകൾ കാത്തിരിക്കുന്നത്," സഞ്ജയ് റാവത്ത് പറഞ്ഞു.
കോൺഗ്രസും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും 100 സീറ്റുകളിൽ മത്സരിക്കുന്നതിനെ കുറിച്ച് വ്യത്യസ്തമായ നിലപാടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് 100-105 സീറ്റുകളിലും, ശിവസേന (യുബിടി) 90-95 സീറ്റുകളിലും, എൻസിപി 75-80 സീറ്റുകളിലും മത്സരിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഏറ്റവും പുതിയ ഫോർമുല പ്രകാരം കണക്കുകളിൽ നേരിയ മാറ്റങ്ങൾ ഇനിയും വന്നേക്കാം. 85-85-85 ഫോർമുലയിൽ മാറ്റം വരുമെന്നത് സുനിശ്ചിതമാണ്.