എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ നിർമിക്കാൻ അനുമതി നൽകുമെന്നത് മദ്യനയത്തിൽ തന്നെ ഉള്ളതാണ്
കഞ്ചിക്കോട് ബ്രൂവറി അനുമതിയിൽ ഒയാസിസ് കമ്പനിയുമായി സർക്കാർ ഒളിച്ചുകളിച്ചെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നൊരു രേഖ പുറത്തുവിട്ടിട്ടുണ്ട്. രഹസ്യരേഖയായാണ് അത് ഉയർത്തി കാട്ടിയത്. പുറത്തുവിട്ട രേഖ 13 ദിവസമായി വെബ്‌സൈറ്റിലുള്ള മന്ത്രി സഭാ ഉത്തരവാണ്. മദ്യനയം ആരും അറിഞ്ഞില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും മന്ത്രി പറഞ്ഞു.
എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ നിർമിക്കാൻ അനുമതി നൽകുമെന്നത് മദ്യനയത്തിൽ തന്നെ ഉള്ളതാണ്. അത് അറിഞ്ഞില്ല എങ്കിൽ പ്രതിപക്ഷത്തിന്റെ വീഴ്ച. പ്രതിപക്ഷം സത്യസന്ധത ഇല്ലാതെ കാര്യങ്ങൾ പറയുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്. പ്രതിപക്ഷം അസത്യങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും മത്സരിച്ച് ആരോപണം ഉന്നയിക്കുന്നു. ദുരൂഹത ഉണ്ടെന്ന ഈ വാദം പൊളിക്കുന്നതാണ് കാബിനറ്റ് രേഖ.
2023 നവംബറിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ ലഭിച്ചത്. 10 ഘട്ട പരിശോധന നടത്തി. എക്സൈസിന് അനുമതി നൽകാവുന്നത് മന്ത്രിസഭ യോഗത്തിൽ എത്തിച്ച് അനുമതി നൽകുകയാണ് ചെയ്തതെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. ഒരുതുള്ളി ഭൂഗർഭ ജലം എടുക്കില്ല. അത് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. ഭൂഗർഭ ജലത്തിന്റെ ആവശ്യം വരുന്നില്ല. തുടക്കത്തിൽ ഫാക്ടറിക്ക് 0.05 ദശലക്ഷം ലിറ്റർ വെള്ളം മാത്രം മതി. 0.5 ദശലക്ഷം ലിറ്റർ വെള്ളമാണ് പൂർണ അർത്ഥത്തിൽ കമ്പനി വന്നാൽ വേണ്ടിവരിക. പാലക്കാട് നഗരത്തിന് ആകെ നൽകുന്നതിൽ 1.1 ശതമാനം മാത്രമാണ് പ്ലാന്റിന് വേണ്ടിവരികയെന്നും മന്ത്രി വ്യക്തമാക്കി.
2015 ജനുവരിയിലാണ് കിൻഫ്രക്ക് വെള്ളം കൊടുക്കാനുള്ള കരാർ ഉണ്ടാക്കിയത്. 10 ദശലക്ഷം ലിറ്റർ വെള്ളം നൽകാൻ തീരുമാനിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയ സമയത്താണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പരിധിയുണ്ട്. മഴവെള്ള സംഭരണി കമ്പനിയുടെ പ്രൊപ്പോസലിൽ തന്നെയുണ്ട്. 12 റെയിൻ വാട്ടർ ഹാർവെസ്റ്റിങ്ങ് അവിടെ ഇപ്പോൾ തന്നെയുണ്ട്. കിൻഫ്രക്കും മഴവെള്ള സംഭരണി ഉണ്ട്. മഴവെള്ള സംഭരണി കാണാൻ പ്രതിപക്ഷത്തെ ക്ഷണിക്കുന്നതായും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ഫെബ്രുവരി 17ന് ഉച്ചയ്ക്ക് ശേഷം കാണാം. പ്രതിപക്ഷ നേതാവ് മുൻ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകർക്കും വരാമെന്നും മന്ത്രി പറഞ്ഞു. സിപിഐ നേതാക്കളെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് വരാൻ താത്പര്യമുള്ള എല്ലാവർക്കും വരാമെന്നും മന്ത്രി പറഞ്ഞു. പുറത്തുനിന്ന് സ്പിരിറ്റ് എത്തിക്കുന്നതിലാണ് കേരളത്തിന് നഷ്ടം ഉണ്ടാകുക. പ്രതിപക്ഷം ഇതിനെ എതിർക്കുന്നതിലാണ് ദുരൂഹതയെന്നും മന്ത്രി പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവ് സ്പിരിറ്റ് നിർമാതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടോ. ചർച്ച നടത്തിയിട്ടുണ്ടെങ്കിൽ എന്താണ് ചർച്ച നടത്തിയത്. ഇത്രയും കാര്യങ്ങൾ വിശദീകരിച്ചാൽ എല്ലാവർക്കും മനസിലാകുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ALSO READ: വെള്ളം ശേഖരിക്കുക മഴവെള്ള സംഭരണി നിർമിച്ച്, എലപ്പുള്ളിയിൽ ജല ചൂഷണമുണ്ടാകില്ല: എം.വി. ഗോവിന്ദൻ
ജനയുഗം ലേഖനം കണ്ടിട്ടില്ല. സംസ്ഥാന എക്സിക്യൂട്ടീവ് എതിരെ നിലപാട് എടുത്തിട്ടുള്ളതായി അറിയില്ല. വെള്ളത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടെങ്കിൽ അതിപ്പോൾ കണക്ക് നിരത്തി വിശദീകരിച്ചിട്ടുണ്ട്. സിപിഐയുമായി ചർച്ച ചെയ്യും. അവർക്ക് കാര്യങ്ങൾ ബോധ്യപ്പെടും. എൽഡിഎഫിൽ ചർച്ച ചെയ്ത് എല്ലാവരെയും ബോധ്യപ്പെടുത്തും. സിപിഐക്കും ജനതാദളിനും വിശ്വാസം വരും. അവരെ ചാരി പ്രതിപക്ഷം രക്ഷപ്പെടാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഘടക കക്ഷിയും പ്രസ്താവന ഇറക്കിയിട്ടില്ല. ഘടകകക്ഷികൾക്ക് അതൃപ്തി എന്നത് മാധ്യമ സൃഷ്ടി. സമൂഹത്തിൽ ആശങ്ക ഉണ്ടാക്കുന്നതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. അപവാദങ്ങളെ ഭയന്ന് പിന്മാറില്ല. പദ്ധതിയുമായി മുന്നോട്ട് പോകും. അതിൽ ഒരു സംശയവും വേണ്ട. അതിനുള്ള ധൈര്യം ഈ സർക്കാരിനുണ്ട്. പുതിയ മദ്യനയം വൈകാതെ വരുമെന്നും മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.