ചൂരൽമല ദുരന്തം; പൊതുസമൂഹത്തിന് തൃപ്തിയാകും വരെ പരിശോധന നടത്തും: മന്ത്രി ഒ ആർ കേളു

ടൗൺഷിപ്പിന് അനുയോജ്യമായ സുരക്ഷിത സ്ഥലം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു
ചൂരൽമല ദുരന്തം;   പൊതുസമൂഹത്തിന് തൃപ്തിയാകും വരെ പരിശോധന നടത്തും: മന്ത്രി  ഒ ആർ കേളു
Published on

ചൂരൽമല ദുരന്തത്തിൽ പൊതുസമൂഹത്തിന് തൃപ്തിയാകും വരെ പരിശോധന നടത്തുമെന്ന് മന്ത്രി ഒ ആർ കേളു. ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലും വീടുകളിലും പുനരധിവാസം സാധ്യമാക്കുമെന്നും, ടൗൺഷിപ്പിന് അനുയോജ്യമായ സുരക്ഷിത സ്ഥലം കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേ സമയം ഇന്ന് പ്രദേശത്തുനിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സംസ്ക്കരിച്ചു. 22 ശരീര ഭാഗങ്ങളും 2 മൃതശരീരവുമാണ് സംസ്കരിച്ചത്. സർവമത പ്രാർത്ഥനകളോടെ ഓരോ ശരീരഭാഗങ്ങളും ഓരോ മൃതദേഹങ്ങളായി കണ്ട് പ്രത്യേകമായിട്ടാണ് സംസ്കരിച്ചത്. കുഴികൾക്ക് മുന്നിൽ അടയാളമായി ഡിഎന്‍എ നമ്പറുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഹാരിസണ്‍ മലയാളത്തിൻ്റെ 64 സെൻ്റ് സ്ഥലമാണ് സംസ്‍കാരത്തിനായി അളന്ന് തിട്ടപ്പെടുത്തിയത്. സര്‍ക്കാരിൻ്റെ പ്രത്യേക മാര്‍ഗനിര്‍ദേശ പ്രകാരമായിരിക്കും സംസ്‌കാരം. ഉരുൾപൊട്ടൽ ദുരന്തത്തിൽ പൊലിഞ്ഞത് 368 ജീവനുകളാണ്. ഇരുനൂറോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നിലവിൽ ദുരന്തഭൂമിയെ 12 സോണുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്.

ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ഒരു സംഘവും തെരച്ചിൽ നിർത്തിയിട്ടില്ലെന്നും കൃത്യമായ സംവിധാനങ്ങളിലൂടെയാണ് നിലവിൽ അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മൃതദേഹ ഭാഗങ്ങളുടെയടക്കം ഡിഎന്‍എ എടുക്കുകയും സംസ്ക്കരിക്കുന്ന സ്ഥലം വ്യക്തമായി രേഖപ്പെടുത്തിയതിന് ശേഷമാണ് മുഴുവൻ സംസ്ക്കാരവും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൂരൽമല ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും ഊർജിതമായ തെരച്ചിൽ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രഭവകേന്ദ്രം മുതൽ നടത്തിയ തെരച്ചിലിന് നാട്ടുകാരുടേയും സന്നദ്ധ പ്രവർത്തകരുടേയും കൂട്ടായ പ്രയത്നം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.രക്ഷാപ്രവർത്തനത്തിൽ സൈന്യത്തിന്റെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മൃതദേഹങ്ങൾ മറവ് ചെയ്യാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, സംഭവസ്ഥലത്തുനിന്നും മൃതദേഹങ്ങൾ കടലിൽ ഒഴുകിയെത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com