പാവപ്പെട്ടവരുടെ ബാങ്കർ എന്നാണ് മുഹമ്മദ് യൂനസ് അറിയപ്പെടുന്നത്. ബംഗ്ലാദേശിലെ ദരിദ്രരെ കൈപിടിച്ചുയർത്താൻ യൂനസിന് സാധിച്ചെന്നത് തന്നെയാണ് ഈ വിളിക്ക് പിന്നിലെ കാര്യം
മുഹമ്മദ് യൂനസ്
ബംഗ്ലാദേശിൽ സംവരണത്തെ ചൊല്ലിത്തുടങ്ങിയ പ്രതിഷേധം ചെന്നെത്തിയത് ഭരണകൂടത്തിൻ്റെ തകർച്ചയിലേക്കായിരുന്നു. പിന്നാലെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്ക് ആര് രാജ്യം ഭരിക്കണമന്ന കാര്യത്തിലും കൃത്യമായ ഉത്തരമുണ്ടായിരുന്നു. 2006-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസിനെയാണ് അവർ ഭരണനേതൃത്വത്തിലേക്ക് നിർദേശിച്ചത്.
"വിദ്യാർഥികൾക്ക് ഇത്രയും ത്യാഗം അനുഭവിക്കാൻ കഴിയുമെങ്കിൽ ചില ഉത്തരവാദിത്തങ്ങൾ എനിക്കും ഏറ്റെടുക്കാം" ഇങ്ങനെ പറഞ്ഞുകൊണ്ട് മുഹമ്മദ് യൂനസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവെന്ന പദവിയിലേക്കുള്ള ക്ഷണം സ്വീകരിച്ചു. യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വ്യാഴാഴ്ച രാത്രി 8 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. കൂടെ നിന്നവരെല്ലാം ചോര ചിതറിവീണപ്പോഴും പിന്നോട്ടില്ലെന്നുറപ്പിച്ച് നീങ്ങിയ വിദ്യാർഥികൾ അങ്ങനെ ആരെങ്കിലും ഒരാൾ ഭരണത്തിലേറണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ല. ആരാണ് അവർ തെരഞ്ഞെടുത്ത മുഹമ്മദ് യൂനസ്? രാജ്യത്തെ സമാധാനം പുനസ്ഥാപിക്കുവാൻ യൂനസിന് സാധിക്കുമോ?
എന്ത് കൊണ്ട് യൂനസ്?
പാവപ്പെട്ടവരുടെ ബാങ്കർ എന്നാണ് മുഹമ്മദ് യൂനസ് അറിയപ്പെടുന്നത്. ബംഗ്ലാദേശിലെ ദരിദ്രരെ കൈപിടിച്ചുയർത്താൻ യൂനസിന് സാധിച്ചെന്നത് തന്നെയാണ് ഈ വിളിക്ക് പിന്നിലെ കാര്യം.
സ്വാതന്ത്ര്യാനന്തര വർഷങ്ങൾ, അത് സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാനും ദാരിദ്ര്യത്തെ നേരിടാനും ബംഗ്ലാദേശ് പാടുപെടുന്ന സമയമായിരുന്നു. പെട്ടന്ന് ഒരു സവിശേഷ ആശയവുമായി സാമ്പത്തികവിദഗ്ദനായ യൂനസ് രംഗത്തെത്തി. മൈക്രോക്രെഡിറ്റ് അല്ലെങ്കിൽ സാധാരണ ബാങ്ക് വായ്പകൾ. അതായത്, യോഗ്യതയില്ലാത്ത സംരംഭകർക്ക് ഈടില്ലാതെ ചെറിയ വായ്പകൾ നൽകുന്ന പദ്ധതി.
ആ പ്രാദേശിക പരീക്ഷണം വലിയ വിജയമായി. പിന്നാലെ 1983-ൽ യൂനസ് തൻ്റെ മുൻനിര സംരംഭമായ ഗ്രാമീൺ ബാങ്ക് ആരംഭിച്ചു. ഇന്നും വലിയ വിജയമായി തുടരുന്ന ഗ്രാമീൺ ബാങ്ക്, 10 ദശലക്ഷത്തിലധികം ആളുകൾക്കായി ഏകദേശം 285 കോടി രൂപയുടെ ഈട് രഹിത വായ്പകൾ വിതരണം ചെയ്തതായി ബംഗ്ലാദേശ് മാധ്യമമായ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഷെയ്ഖ് ഹസീന സർക്കാർ 2011-ൽ ഗ്രാമീൺ ബാങ്കിൻ്റെ തലപ്പത്ത് നിന്ന് യൂനസിനെ നീക്കം ചെയ്തു . ഇത് രാജ്യവ്യാപകമായ ജനരോഷത്തിന് കാരണമായി. യൂനസിനെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ബംഗ്ലാദേശികൾ മനുഷ്യച്ചങ്ങല രൂപീകരിച്ചു. അന്ന് രാജ്യം യൂനസിൻ്റെ കൂടെ നിന്നു. ഇന്നും.
ALSO READ: ബംഗ്ലാദേശിലെ വിദ്യാർഥികൾ പറയുന്നു, ഞങ്ങൾ റസാക്കറുകളല്ല!
ഹസീനയുമായുള്ള വഴക്കിൻ്റെ കാരണം എന്തായിരുന്നു?
കൃത്യമായി പറയുകയാണെങ്കിൽ ഹസീനയും യൂനസും തമ്മിലുള്ള തർക്കത്തിന് പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. നൊബേൽ നേടിയതിന് പിന്നാലെ യൂനസ് രാഷ്ട്രീയത്തിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി. സ്വന്തമായൊരു പാർട്ടി, ഇതായിരുന്നു യൂനസിൻ്റെ ആഗ്രഹം. തനിക്ക് എതിരാളികൾ ഉയരുന്നെന്ന സൂചന കൊള്ളയടിക്കൽ ആരോപണം നേരിട്ട് ജയിലിൽ കഴിയുന്ന ഷെയ്ഖ് ഹസീനയെ ചൊടിപ്പിച്ചു.
എന്നാൽ, പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടത്ര പിന്തുണയില്ലെന്ന് പറഞ്ഞ് യൂനുസ് തന്നെ പിന്നീട് പാർട്ടി രൂപീകരിക്കാനുള്ള പദ്ധതികൾ ഉപേക്ഷിച്ചു. എന്നാൽ 2009-ൽ ഭരണത്തിൽ തിരിച്ചെത്തിയ ഹസീന ആദ്യം ചെയ്തത് യൂനസിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു.
യൂനസിനെതിരെ എന്തെല്ലാം കേസുകളുണ്ട്?
തൻ്റെ എതിരാളികളെ ജയിലിലടച്ചുകൊണ്ടായിരുന്നു ഹസീന പകരം വീട്ടിയിരുന്നത്. ഏറ്റവുമൊടുവിൽ, ഈ വർഷം ജനുവരിയിൽ, ബംഗ്ലാദേശിലെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് യൂനസിനും അദ്ദേഹത്തിൻ്റെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ഗ്രാമീൺ ടെലികോമിലെ മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കും ഷെയ്ഖ് ഹസീന സർക്കാർ ആറ് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ അവർക്ക് ഉടൻ തന്നെ ജാമ്യവും ലഭിച്ചു.
ALSO READ: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശ് ജനത തിരസ്ക്കരിക്കുമ്പോള്‍...
2015-ൽ, 1.51 മില്യൺ ഡോളറിൻ്റെ നികുതി അടയ്ക്കാത്തതിൻ്റെ പേരിൽ ബംഗ്ലാദേശ് റവന്യൂ അധികാരികൾ അദ്ദേഹത്തെ വിളിച്ചുവരുത്തി. സർക്കാർ അനുമതിയില്ലാതെ നൊബേൽ സമ്മാനവും ഒരു പുസ്തകത്തിൽ നിന്നുള്ള റോയൽറ്റിയുടെ പണവും സ്വീകരിച്ചെന്ന് കാട്ടിയായിരുന്നു രണ്ട് വർഷം മുമ്പ് യൂനസ് വിചാരണ നേരിട്ടത്.
സർക്കാരിൻ്റെ വിരമിക്കൽ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 2011ൽ യൂനസിനെ ഗ്രാമീൺ ബാങ്കിൻ്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി. യൂനസിനെതിരായ ക്രിമിനൽ കേസുകൾ ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമയും മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻകി മൂണും ഉൾപ്പെടെ 160 അന്താരാഷ്ട്ര വ്യക്തികൾ യൂനസിനെതിരായ തുടർച്ചയായ ജുഡീഷ്യൽ പീഡനങ്ങളിൽ അപലപിച്ചുകൊണ്ടുള്ള കത്തിൽ ഒപ്പുവച്ചു.
രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കാൻ യൂനസിൻ്റെ നൊബേലിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണണം. എന്നാൽ, ഹസീനക്കെതിരെ തെരുവുകളിൽ ഇറങ്ങിയ വിദ്യാർഥികൾ യൂനസിൽ പുലർത്തുന്ന പ്രതീക്ഷ ചെറുതല്ല. ഹസീനക്ക് അന്നും ഇന്നും നിലനിൽക്കുന്ന ഉത്തമ എതിരാളിയാണ് മുഹമ്മദ് യൂനസെന്ന 84 കാരനെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു.
സ്റ്റുഡൻ്റ്‌സ് എഗെയ്ൻസ്റ്റ് ഡിസ്‌ക്രിമിനേഷൻ ഗ്രൂപ്പിൻ്റെ പ്രധാന നേതാവായ ആസിഫ് മഹ്മൂദ് ചൊവ്വാഴ്ച ഫേസ്ബുക്കിൽ ഒരു വാചകം പോസ്റ്റ് ചെയ്തു. വെറും അഞ്ച് വാക്കുകളാണ് അതിലുണ്ടായിരുന്നത്. "ഡോ യൂനസിൽ ഞങ്ങൾ വിശ്വസിക്കുന്നു."