കാറിന്റെ കാലപ്പഴക്കവും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചെന്ന് നിഗമനമുണ്ട്
ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ച അപകടത്തിൽ കാറിൽ ഉണ്ടായിരുന്നത് 11 പേർ. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാർ ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. അപകടം നടന്നത് അമിത വേഗതയെടുക്കാൻ കഴിയുന്ന സ്ഥലമല്ലെന്നും എംവിഡി വ്യക്തമാക്കി. കാറിന്റെ കാലപ്പഴക്കവും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചെന്ന് നിഗമനമുണ്ട്.
വണ്ടാനം മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർഥികളായ അഞ്ചു പേരാണ് അപകടത്തിൽ മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. അഞ്ച് പേരുടെയും പോസ്റ്റ് മോർട്ടം ഇന്ന് രാവിലെ നടക്കും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാവിലെ 9 മണിയോടെയാണ് പോസ്റ്റ് മോർട്ടം നടക്കുക.
ALSO READ: ആലപ്പുഴയിൽ KSRTC ബസും കാറും കൂട്ടിയിടിച്ചു; 5 പേർക്ക് ദാരുണാന്ത്യം
വിദ്യാർഥികളുടെ മൃതദേഹം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ച ശേഷമാകും ബന്ധുക്കൾക്ക് വിട്ടു നൽകുക. അതേസമയം, അപകടത്തിൽ പരുക്കേറ്റ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. വണ്ടാനം മെഡിക്കൽ കോളജ് ഐസിയുവിൽ ആണ് ഗുരുതരസ്ഥാവയിൽ ഉള്ള മൂന്ന് പേരുമുള്ളത്. അപകടത്തിൽ കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് കാര്യമായി പരുക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം നടന്നത്. ആലപ്പുഴയിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് വണ്ടാനത്തു നിന്ന് വൈറ്റിലയിലേക്ക് പോകുകായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.