50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് രണ്ട് എംഎൽഎമാരെ കൂറുമാറ്റാൻ നീക്കം നടത്തിയെന്നാണ് ആക്ഷേപം
എ.കെ. ശശീന്ദ്രന് പകരം എൻസിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ. തോമസിന് വരാൻ കുരുക്കായത് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാനുള്ള നൂറ് കോടിയുടെ ഓഫറായിരുന്നു. എൻസിപിയിലെ അജിത് പവാർ പക്ഷത്തേക്ക് ചേരാൻ എംഎൽഎമാരായ കോവൂർ കുഞ്ഞുമോനും ആൻ്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്തെന്നാണ് കണ്ടെത്തൽ.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന നിയമസഭാ സമ്മേളനത്തിനിടെ, എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎയായ തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെ അറിയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആൻ്റണി രാജുവാണ് മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചതെന്നാണ് സൂചന.
ALSO READ: 85-85-85: 'മഹാ'വിജയത്തിനായി ഫോർമുലയൊരുക്കി മഹാവികാസ് അഘാഡി
ആൻ്റണി രാജുവിനും (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോനും (ആർഎസ്‌പി) ആയിരുന്നു തോമസ് കെ. തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തത്. വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയോട് സമ്മതിക്കുകയും ചെയ്തു. എന്നാൽ, സംഭവം ഓർമയില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ അറിയിച്ചത്. തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിക്കാൻ കാരണം ഇതാണെന്നും മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരിച്ചു.
ജീവിതത്തിൽ കളങ്കം വരുത്തിയ വാർത്തയാണിതെന്നും എന്നും ഇടതുപക്ഷത്തിനൊപ്പമാണ് താനെന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. "ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണം. ഞാൻ ഒരു വാഗ്ദാനത്തിൻ്റെയും പുറകെ പോകുന്ന ആളല്ല. ആരും ഓല പാമ്പ് കാട്ടി വിരട്ടേണ്ട. അർഹിച്ചതൊന്നും എൻ്റെ പാർട്ടിക്ക് കിട്ടിയിട്ടില്ല. യുഡിഎഫ് പല വാഗ്ദാനങ്ങളും തന്നിട്ടും പോയില്ല. ഇക്കാര്യം ചോദിക്കാൻ മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിരുന്നു. കൊട്ടാരക്കര ഗസ്റ്റ് ഹൗസിൽ വെച്ച് മുഖ്യമന്ത്രി സംസാരിച്ചു. ഇതേ കാര്യം മുഖ്യമന്ത്രിയോടും പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു കൂടിക്കാഴ്ചയ്ക്കും പോയിട്ടില്ലെന്ന് അറിയിച്ചു," കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
അതേസമയം, കോഴ വാഗ്ദാനം ചെയ്ത് രണ്ട് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന വാർത്ത തോമസ് കെ. തോമസ് നിഷേധിച്ചു. എംഎൽഎ അജിത് പവാറുമായി ഒരു ബന്ധവുമില്ല. വ്യാജ വാർത്ത പ്രചരിപ്പിച്ചതിൻ്റെ പിന്നിൽ ആൻ്റണി രാജുവിൻ്റെ കുബുദ്ധിയാണ്. കുട്ടനാട് സീറ്റിൽ നേരത്തെ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോൺഗ്രസിന് വേണ്ടി ആൻ്റണി രാജു കളിക്കുന്ന കളിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളെല്ലാവരും ഒരു ഗ്രൂപ്പ് ആയിരുന്നു. ആൻ്റണി രാജു വന്ന അന്നു മുതൽ ഗ്രൂപ്പ് തല്ലിപ്പിരിഞ്ഞുവെന്നും തോമസ് കെ. തോമസ് അറിയിച്ചു. ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ന് ഉച്ചതിരിഞ്ഞ് ഇക്കാര്യം വിശദീകരിക്കാൻ പത്രസമ്മേളനം നടത്തുമെന്നും അറിയിച്ചു.
ALSO READ: അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ സിബിഐ അറസ്റ്റിൽ
പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എൽഡിഎഫിൽ നടക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചു. എൽഡിഎഫിൻ്റെ എംഎൽഎമാർ ആരും അങ്ങനെ ചെയ്യുന്നവരല്ല. എൽഡിഎഫിൽ പണം നൽകി സ്വാധീനിക്കാൻ സാധിക്കില്ല. ഇത് സമ്പന്നരുടെ പ്രസ്ഥാനമല്ല, ചർച്ച ചെയ്താണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. കേരള കോൺഗ്രസ് ബിക്ക് മന്ത്രിസ്ഥാനം പങ്കിടണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. കൃത്യമായ തീയതിയിൽ അത് പാലിക്കപ്പെട്ടു. അതിന് ഒരു സ്വാധീനത്തിൻ്റേയും ആവശ്യമില്ല. പണം നൽകി എന്തും വാങ്ങാമെന്ന് കരുതുന്നവർക്ക് അങ്ങനെയൊക്കെ തോന്നും. എൽഡിഎഫ് അങ്ങനെ ചെയ്യുന്ന ടീമല്ല. അങ്ങനെ കരുതുന്നവർക്കാണ് നാണക്കേടെന്നും കെ.ബി. ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
നേരത്തെ എൻസിപി നേതൃയോഗത്തിലും കോഴ ആരോപണം ചർച്ചയായെന്നും റിപ്പോർട്ടുണ്ട്. പാർട്ടി നേതൃയോഗത്തിൽ ആരോപണങ്ങൾക്കെതിരെ തോമസ് കെ. തോമസ് പൊട്ടിത്തെറിച്ചെന്നും ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു. കൊച്ചിയിൽ കഴിഞ്ഞ ശനിയാഴ്ച ചേർന്ന നേതൃയോഗത്തിലാണ് കോഴയാരോപണം ചർച്ചയായത്. തോമസ് കെ. തോമസിനോട് വിഷയത്തിൽ പാർട്ടി വിശദീകരണം തേടിയിരുന്നു. എന്നാൽ, പാർട്ടി യോഗത്തിൽ വെച്ച് തോമസ് കെ. തോമസ് ഈ ആരോപണം നിഷേധിച്ചു. താൻ മന്ത്രി സ്ഥാനത്തേയ്ക്ക് വരുന്നത് അട്ടിമറിക്കാനുള്ള ആൻ്റണി രാജുവിൻ്റെ ഗൂഢനീക്കമാണിതെന്നും തന്നെ തകർക്കാൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നതായും തോമസ് കെ. തോമസ് ആരോപിച്ചു. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പാർട്ടിയോട് ആവശ്യപ്പെട്ടു. ആൻ്റണി രാജുവിനെ പാർട്ടിയുടെ അകത്തുള്ളവർ സഹായിക്കുന്നതായും തോമസ് കെ. തോമസ് പാർട്ടി യോഗത്തിൽ വിമർശിച്ചു.
കോഴ ആരോപണം ഗൗരവമുള്ളതാണെന്നും വസ്തുതയുണ്ടെങ്കിൽ ആരോപണ വിധേയർക്ക് എൽഡിഎഫിൽ തുടരാൻ യോഗ്യതയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. "കാളച്ചന്തയിലെ കാളകളെപ്പോലെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങുന്നത് അപമാനകരമാണ്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കുതിരക്കച്ചവട രാഷ്ട്രീയം നിലവിലുണ്ട്. അത് കേരളത്തിലേക്കും വരുന്നുവെന്നത് ഗൗരവതരമാണ്. കുതിരക്കച്ചവടം ജനാധിപത്യമൂല്യങ്ങൾക്ക് എതിരാണ്. ആരോപണത്തിൽ അന്വേഷണം വേണം. അന്വേഷണം സത്യത്തിൻ്റെ വഴിയെ പോകണം," ബിനോയ് വിശ്വം പറഞ്ഞു.